തിരുവനന്തപുരം: സാമ്പത്തികമായി പിന്നോക്കാവസ്ഥയിലുള്ള മിടുക്കരായ വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നത വിദ്യാഭ്യാസത്തിനായുള്ള സ്പോണ്‍സര്‍ഷിപ്പ് സംരംഭമായ വിദ്യാധന്‍ ഈ വര്‍ഷം ഇന്ത്യയിലെ 15 സംസ്ഥാനങ്ങളില്‍ വ്യാപിപ്പിക്കുന്നു. നിര്‍ധന വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നത വിദ്യാഭ്യാസത്തിനായുള്ള സാമ്പത്തിക സഹായവും മാര്‍ഗ്ഗനിര്‍ദ്ദേശവും നൈപുണ്യ പരിശീലനവും നല്‍കുന്നതിന് കുമാരി ഷിബുലാലും എസ് ഡി ഷിബുലാലും ചേര്‍ന്ന് ഷിബുലാല്‍ കുടുംബത്തിന്റെ മേല്‍നോട്ടത്തില്‍ നടത്തിവരുന്ന കാരുണ്യ സംരംഭമാണ് വിദ്യാധന്‍. പുതുതായി ബീഹാര്‍, ജാര്‍ഖണ്ഡ്, പഞ്ചാബ് തുടങ്ങിയ മൂന്നു സംസ്ഥാനങ്ങളാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഇതോടുകൂടി വിദ്യാധന്റെ പ്രവര്‍ത്തനം ഇന്ത്യയൊട്ടാകെ വ്യാപിച്ചിരിക്കുകയാണ്.
1999ല്‍ വിദ്യാധന്‍ സ്ഥാപിതമായ കാലഘട്ടം മുതല്‍ ഒട്ടനേകം വിദ്യാര്‍ത്ഥികളെ മികച്ച തൊഴിലുകള്‍ക്ക് വേണ്ടി പ്രാപ്തരാക്കാന്‍ സംരംഭത്തിന് സാധിച്ചിട്ടുണ്ട്. ഈ വര്‍ഷം പുതിയതായി അനുവദിച്ച 1600 പേര്‍ക്കുള്ള സ്‌കോളര്‍ഷിപ്പുകളിലേക്ക് 40,000 ത്തോളം അപേക്ഷകളാണ് ലഭിച്ചത്. പല സംസ്ഥാനങ്ങളിലും സ്‌കോളര്‍ഷിപ്പ് നടപടിക്രമങ്ങള്‍ അവസാനിക്കാത്തതിനാല്‍ അപേക്ഷകളുടെ എണ്ണം ഇനിയും കൂടുമെന്ന് പ്രതീക്ഷിക്കുന്നു.
വിദ്യാധന്‍ സ്‌കോളര്‍ഷിപ്പിലേക്ക് സാമൂഹികക്ഷേമം ലക്ഷ്യം വയ്ക്കുന്നവര്‍ക്ക് പങ്കാളികളാകാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് യു എസ് ടി വിദ്യാധനിന്റെ ഭാഗമായി ഈ വര്‍ഷം സ്‌കോളര്‍ഷിപ്പ് ബഡ്ജറ്റിലേക്കുള്ള തുക ഇരട്ടിയാക്കാനുള്ള ധാരണാപത്രം ഒപ്പുവച്ചിട്ടുള്ളത്. സാമ്പത്തിക ഭദ്രതയില്ലാത്ത കുടുംബങ്ങളില്‍ നിന്നുള്ള മിടുക്കരായ കുട്ടികള്‍ക്കുവേണ്ടി യു എസ് ടി യും വിദ്യാധനും കൈകോര്‍ത്ത് കാലാകാലങ്ങളായി ഒട്ടനവധി പദ്ധതികള്‍ ആവിഷ്‌കരിക്കുന്നുണ്ട്. വാര്‍ഷിക ബഡ്ജറ്റ് തുക ഇരട്ടിയാക്കുന്നതോടുകൂടി ഈ ബന്ധത്തിന്റെ ദൃഢത വര്‍ദ്ധിക്കും. ''ഈച്ച് വണ്‍ ടീച്ച് വണ്‍' (ഓരോരുത്തരും, ഒരാളെ പഠിപ്പിക്കൂ) എന്ന വിശ്വാസത്തിലൂന്നി സ്‌പോണ്‍സര്‍മാരെയും വിദ്യാര്‍ത്ഥികളെയും സുതാര്യവും ഉത്തരവാദിത്തമുള്ളതുമായ സംവിധാനത്തിലേക്ക് വിദ്യാധന്‍ കൊണ്ടുവരുന്നു. കൂടുതല്‍ സംസ്ഥാനങ്ങളെ ഉള്‍ക്കൊള്ളിച്ച് കൂടുതല്‍ വിദ്യാര്‍ത്ഥികളെ പിന്തുണയ്ക്കുന്നതിനുള്ള സംഭാവന ഇരട്ടിയാക്കിയ ഡിജിറ്റല്‍ ട്രാന്‍സ്‌ഫോര്‍മേഷന്‍ സൊല്യൂഷന്‍സ് കമ്പനിയായ യു എസ് ടിയുമായുള്ള ധാരണ അത്തരമൊരു വിജയകരമായ പങ്കാളിത്തമാണ്.
തിരുവനന്തപുരം ഒ ബൈ താമര ഹോട്ടലില്‍ ശനിയാഴ്ച സംഘടിപ്പിച്ച ഏകദിന പരിപാടിയില്‍ പദ്ധതിയുടെ പങ്കാളികളും ഗുണഭോക്താക്കളും പങ്കെടുക്കുകയും അവരുടെ അഭിമാനകരമായ അനുഭവങ്ങള്‍ പങ്കുവയ്ക്കുകയും ചെയ്തു. ''സാമൂഹിക സ്വാധീനം സൃഷ്ടിക്കുന്ന പരിപാടികള്‍ സംഘടിപ്പിക്കുന്നതില്‍ സര്‍ക്കാറിനും കോര്‍പ്പറേറ്റുകള്‍ക്കും പൗരന്മാര്‍ക്കും പങ്കുണ്ടെന്നും, വിദ്യാഭ്യാസത്തിലൂടെ നൂറുകണക്കിന് കുട്ടികളുടെ ജീവിതത്തെ മാറ്റിമറിക്കാന്‍ സാധിച്ച യു എസ് ടി യുടെയും വിദ്യാധനിന്റെയും പങ്കാളിത്തത്തില്‍ അതിയായ സന്തോഷമുണ്ടെന്നും,' അമിതാഭ് കാന്ത് ഐ എ എസ് പറഞ്ഞു.
വിദ്യാധന്‍ സ്‌കോളര്‍ഷിപ്പിലൂടെ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ മിടുക്കരായ വിദ്യാര്‍ത്ഥികളില്‍ പലരും ടി സി എസ്, ഇന്‍ഫോസിസ്, എച്ച് സി എല്‍, യു എസ് ടി, ബോഷ്, കെ പി എം ജി, എം ആര്‍ എഫ്, യു എന്‍ ഐ എസ് വൈ എസ്, എം ബി ബി ലാബുകള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, പ്രതിരോധസേനകള്‍ തുടങ്ങി നിരവധി സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നു. വിദ്യാഭ്യാസം പൂര്‍ത്തിയാക്കുന്നവരില്‍ പ്രശസ്തമായ സര്‍വകലാശാലകളില്‍ ഉന്നത വിദ്യാഭ്യാസത്തിനും ഗവേഷണത്തിനും പോയവരും കുറവല്ല. വിദ്യാധന്‍ സ്‌കോളര്‍ഷിപ്പിലൂടെ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ പെണ്‍കുട്ടികള്‍ സ്വയംതൊഴില്‍ നേടുകയും അതുവഴി കുടുംബത്തിന്റെ അത്താണിയായി സമൂഹത്തിന് മാതൃകയാവുകയും ചെയ്യുന്നു. പെണ്‍കുട്ടികള്‍ വിദ്യാഭ്യാസം നേടുന്നതിനെതിരായ പരമ്പരാഗത കാഴ്ചപ്പാടിനെ തകര്‍ക്കുന്ന നിലയില്‍ വളരുവാന്‍ വിദ്യാധന്‍ സ്‌കോളര്‍ഷിപ്പിലൂടെ പെണ്‍കുട്ടികള്‍ക്ക് സാധിക്കുകയും ചെയ്യുന്നുണ്ട്.