ന്യൂഡൽഹി: പോപ്പുലർ ഫ്രണ്ടിന് അഞ്ച് വർഷത്തേക്ക് നിരോധനം ഏർപ്പെടുത്തി. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് നിരോധനം പുറപ്പെടുവിച്ചത്. ഇക്കാര്യത്തിൽ ഇന്നലെയാണ് തീരുമാനം ഉണ്ടായത്. പോപ്പുലർ ഫ്രണ്ടിനൊപ്പം ക്യാമ്പസ് ഫ്രണ്ട്, വിമൻസ് ഫ്രണ്ട് തുടങ്ങി അനുബന്ധ സംഘടനകളെയും നിരോധിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസങ്ങൾക്കിടെ രാജ്യത്തെങ്ങുമുള്ള പോപ്പുലർ ഫ്രണ്ട് ഓഫീസുകളിൽ എൻഐഎയും ഇഡിയും നടത്തിയ പരിശോധനകളുടെ അടിസ്ഥാനത്തിൽ ഇവർ നൽകിയ റിപ്പോർട്ട് പരിഗണിച്ചാണ് നടപടി. തീവ്രവാദ സംഘടന എന്ന രീതിയിലാവും പോപ്പുലർ ഫ്രണ്ട് അറിയപ്പെടുക.
ഏത് ഭീകര സംഘടനകളെയും നിരോധിക്കുമ്പോൾ ആദ്യം അഞ്ച് വർഷവും പിന്നീട് അത് ട്രിബ്യൂണലിൽ പുനപരിശോധിക്കണം എന്നുമാണ് നിയമം. വിദേശത്തുനിന്നുള്ള സാമ്പത്തിക സഹായം സ്വീകരിച്ചത് രാജ്യത്തിൻ്റെ താത്പര്യങ്ങൾ ഹനിക്കാനാണ്. അൽ ഖെയ്ദ അടക്കമുള്ള സംഘടനകളിൽ നിന്ന് സഹായം സ്വീകരിച്ചു എന്ന് വ്യത്യസ്ത ഏജൻസികൾ അറിയിച്ചിരുന്നു. ഹത്രാസിൽ കലാപം സൃഷ്ടിക്കാൻ ശ്രമിച്ചു എന്നും രാജ്യത്ത് കൂട്ടായി ദേശവിരുദ്ധ പ്രവർത്തനങ്ങൾ നടത്താൻ ശ്രമിച്ചു. പൗരത്വ നിയമഭേദഗതിക്കെതിരായ പ്രതിഷേധങ്ങൾ അടക്കമുള്ളവ കലാപം സൃഷ്ടിക്കാനുള്ള ശ്രമമായിരുന്നു. ഇസ്ലാമിക് സ്റ്റേറ്റ് പോലുള്ള സംഘടനകളുടെ രീതിയിലാണ് പ്രവർത്തനം. കേരളത്തിൻ്റെ വിവിധ ഭാഗങ്ങളിൽ സംഘടന പരിശീലനം നടത്താൻ ക്യാമ്പുകൾ നടത്തി. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് ആളുകളെ എത്തിച്ചു. സംഘടന ഏറെ വ്യാപിച്ചിരിക്കുന്നു. ഇപ്പോൾ നിരോധിച്ചില്ലെങ്കിൽ അത് ദേശീയോദ്ഗ്രഥനത്തിനു തടസമാവും എന്നും എൻഐഎ, ഇഡി തുടങ്ങിയ ഏജൻസികൾ റിപ്പോർട്ട് നൽകി.