ന്യൂഡൽഹി: രാജസ്ഥാനിൽ കോൺഗ്രസ് പ്രതിസന്ധി രൂക്ഷമാക്കി മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ പക്ഷക്കാരായ 92 എംഎൽഎമാർ രാജി നൽകി. ഞായർ രാത്രി വൈകി സ്പീക്കർ സി പി ജോഷിക്ക് ഇവർ രാജിക്കത്ത് നൽകിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഗെലോട്ടിനു പകരം സച്ചിൻ പൈലറ്റിനെ മുഖ്യമന്ത്രിയാക്കാനുള്ള കോൺഗ്രസ് ഹൈക്കമാൻഡിന്റെ നീക്കത്തിൽ പ്രതിഷേധിച്ചാണ് രാജി. ഗെലോട്ട് കോൺഗ്രസ് ദേശീയ പ്രസിഡന്റായാൽ സ്പീക്കർ സി പി ജോഷിയെ മുഖ്യമന്ത്രിയാക്കണമെന്നാണ് ഇവരുടെ ആവശ്യം.
നേരത്തേ പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ കോൺഗ്രസ് താൽക്കാലിക പ്രസിഡന്റ് സോണിയ ഗാന്ധി എംഎൽഎമാരെ ബന്ധപ്പെട്ടിരുന്നു. എഐസിസി നിരീക്ഷകരായ അജയ് മാക്കൻ, മല്ലികാർജുന ഖാർഗെ എന്നിവരോട് സംസ്ഥാനത്ത് തുടർന്ന് എംഎൽഎമാരുമായി കൂടിക്കാഴ്ച നടത്താൻ സോണിയ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് എംഎൽഎമാരുടെ രാജി. മന്ത്രി ശാന്തികുമാർ ധരിവാളിന്റെ വസതിയിൽ യോഗം ചേർന്ന ശേഷമാണ് ഗെലോട്ട് പക്ഷക്കാർ സ്പീക്കറെ കണ്ടത്. രാജി സമ്മർദ്ദതന്ത്രം മാത്രമാണെന്നാണ് വിലയിരുത്തൽ.
2020ൽ സച്ചിൻ പൈലറ്റ് 18 എംഎൽഎമാരുമായി നടത്തിയ വിഭാഗീയ നീക്കത്തെ ചെറുത്ത തങ്ങളിൽ ഒരാളാകണം മുഖ്യമന്ത്രിയെന്നാണ് രാജി നൽകിയ എംഎൽഎമാരുടെ ആവശ്യം. 24 എംഎൽഎമാരുടെ മാത്രം പിന്തുണയാണ് പൈലറ്റിനുള്ളത്. നേരത്തെ, സച്ചിൻ പൈലറ്റ് ഗെലോട്ടിനെ വസതിയിലെത്തി കണ്ടിരുന്നു. കാര്യങ്ങൾ തന്റെ നിയന്ത്രണത്തിലല്ലെന്ന്, ഗെലോട്ട് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിനെ അറിയിച്ചു. എന്നാൽ, വേണുഗോപാൽ ഇത് നിഷേധിച്ചു. ഗെലോട്ടുമായി ബന്ധപ്പെട്ടിട്ടില്ലെന്ന് വേണുഗോപാൽ പറഞ്ഞു.