ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തെ ചോദ്യംചെയ്‌ത് കേരളസർക്കാർ അടക്കം നൽകിയ ഹർജികളിൽ മറുപടി സമർപ്പിക്കാൻ കേന്ദ്ര സർക്കാരിനോട് സുപ്രീംകോടതി ആവശ്യപ്പെട്ടു. അസം, ത്രിപുര എന്നീ സംസ്ഥാനങ്ങളുമായി ബന്ധപ്പെട്ട പൗരത്വ ഭേദഗതി ഹർജികളിൽ അതത് സംസ്ഥാനങ്ങളും മറുപടി നൽകണം. പൗരത്വ ഭേദഗതി നിയമത്തിന്റെ ഭരണഘടനാസാധുത ചോദ്യംചെയ്‌തുള്ള 220 ഹർജിയാണ് ചീഫ്‌ജസ്റ്റിസ് യു യു ലളിതും ജസ്റ്റിസ് രവീന്ദ്രഭട്ടും ഉൾപ്പെട്ട ബെഞ്ച് പരിഗണിക്കുന്നത്. കേസ് വീണ്ടും ഒക്‌ടോബർ 31നു പരിഗണിക്കുന്നതിനായി മാറ്റി.
220 ഹർജിയുള്ള സാഹചര്യത്തിൽ കേസിന്റെ വിശദാംശങ്ങളിലേക്ക് കടക്കുംമുമ്പായി കൃത്യമായ ഷെഡ്യൂൾ തയ്യാറാക്കേണ്ടതുണ്ടെന്ന് മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ ചൂണ്ടിക്കാട്ടി. കേസിൽ രണ്ട് വ്യത്യസ്‌ത വിഷയം ഉയരുന്നുണ്ട്. കൃത്യമായ തരംതിരിക്കൽ വേണം–-സിബൽ പറഞ്ഞു. സോളിസിറ്റർ ജനറൽ തുഷാർ മെഹ്‌തയും സിബലിനോട് യോജിച്ചു. കോടതിയുടെ എളുപ്പത്തിനായി വിഷയങ്ങൾ കൃത്യമായി വേർതിരിക്കാമെന്നും സമാന സ്വഭാവമുള്ള ഹർജികളുണ്ടെങ്കിൽ ചൂണ്ടിക്കാട്ടാമെന്നും മെഹ്‌ത അറിയിച്ചു.
ഇതോടെ ഹർജികൾ തരംതിരിച്ച് പൂർണമായ പട്ടിക തയ്യാറാക്കാൻ സോളിസിറ്റർ ജനറലിന്റെ ഓഫീസിനെ കോടതി ചുമതലപ്പെടുത്തി. കേന്ദ്രത്തോട് ഹർജികൾക്കുള്ള മറുപടികൾ സമർപ്പിക്കാനും നിർദേശിച്ചു. ഹർജികൾ മൂന്നംഗംബെഞ്ച് പരിഗണിക്കുമെന്ന് കോടതി അറിയിച്ചു.