ന്യൂഡൽഹി: ഇന്ത്യയുടെ മിസൈൽ അബദ്ധത്തിൽ പാകിസ്ഥാനിൽ പതിച്ച സംഭവത്തിൽ മൂന്ന് വ്യോമസേന ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു. ബ്രഹ്മോസ് മിസൈലാണ് അബദ്ധത്തിൽ പാക്കിസ്ഥാനിൽ പതിക്കാനിടയായത്. ഗ്രൂപ്പ് ക്യാപ്റ്റൻ, വിങ് കമാൻഡർ, സ്‌ക്വാഡ്രൺ ലീഡർ എന്നീ റാങ്കുകളിലുള്ളവർക്കെതിരെയാണു നടപടി സ്വീകരിച്ചതെന്നാണു വിവരം.
'ഈ മൂന്ന് ഉദ്യോഗസ്ഥർക്കാണു സംഭവത്തിന്റെ പ്രാഥമിക ഉത്തരവാദിത്തം. അവരുടെ സേവനം അടിയന്തര പ്രാബല്യത്തോടെ കേന്ദ്ര സർക്കാർ അവസാനിപ്പിച്ചു. ഉദ്യോഗസ്ഥർക്ക് 23-നു പിരിച്ചുവിടൽ ഉത്തരവുകൾ നൽകി,'' വ്യോമസേന അറിയിച്ചു.മാർച്ചിലാണ് ഹരിയാനയിലെ സിർസയിൽനിന്നു വിക്ഷേപിച്ച മിസൈൽ പാകിസ്ഥാൻ അതിർത്തിക്കുള്ളിൽ 124 കിലോമീറ്റർ സഞ്ചരിച്ച് പഞ്ചാബ് പ്രവിശ്യയിലെ മിയാൻ ചന്നു പട്ടണത്തിനു സമീപം പതിച്ചത്.