ന്യൂഡൽഹി: ലക്‌ചറർ നിയമനത്തിന് നെറ്റ് നിർബന്ധമാക്കിയ വ്യവസ്ഥയിൽനിന്ന് ഗവേഷണബിരുദമുള്ളവരെ ഒഴിവാക്കിയ യുജിസി മാനദണ്ഡത്തിന് മുൻകാലപ്രാബല്യമുണ്ടെന്ന് സുപ്രീംകോടതി. 2016ൽ പുറത്തിറക്കിയ റെഗുലേഷനിൽ 2009 റെഗുലേഷന് മുമ്പ് പിഎച്ച്‌ഡി നേടിയവർക്ക് നെറ്റ് വേണ്ടെന്ന വ്യവസ്ഥ ബാധകമാകുമെന്ന് യുജിസി വിശദീകരിച്ചിരുന്നു. ഇതിന് മുൻകാലപ്രാബല്യമുണ്ടെന്നാണ് ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ ബെഞ്ചിന്റെ ഉത്തരവ്.
കേരള സർവകലാശാലയിൽ സോഷ്യോളജി ലക്‌ചററായി ഡോ. എം എസ് ജയകുമാറിനെ നിയമിച്ച നടപടി സുപ്രീംകോടതി ശരിവച്ചു. വിഷയത്തിലെ ജ്ഞാനത്തിന്റെയും സാമർഥ്യത്തിന്റെയും തെളിവാണ് എംഫിൽ/പിഎച്ച്‌ഡി യോഗ്യത.
വർഷങ്ങൾ അധ്യാപകജോലിയിൽ ഏർപ്പെട്ടവരുടെ അധ്വാനവും മൂപ്പവകാശവും (സീനിയോറിറ്റി) തള്ളിക്കളഞ്ഞ് അവർ നെറ്റ് യോഗ്യത നേടണമെന്ന് പറയുന്നത് അനാവശ്യമാണെന്നും കോടതി പറഞ്ഞു.