ന്യൂഡൽഹി: രാജ്യത്തിന്റെ പതിനാലാമത് ഉപരാഷ്ട്രപതിയായി ജഗ്ദീപ് ധൻകർ സത്യപ്രതിജ്ഞ ചെയ്തു. രാഷ്ട്രപതി ദ്രൗപുതി മുർമുവാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. ഉപരാഷ്ട്രപതിയായി സത്യവാചകം ചൊല്ലിയ ജഗ്ദീപ് ധൻകറിന് പ്രധാനമന്ത്രിയും കേന്ദ്രമന്ത്രിസഭാംഗങ്ങളും അടക്കമുള്ളവർ ആശംസകൾ നേർന്നു.
പ്രൗഡഗംഭീരമായ സത്യപ്രതിജ്ഞാ ചടങ്ങ് എതാനും മിനിറ്റുകൾ മാത്രമാണ് നീണ്ടത്. ഉപരാഷ്ട്രപതിയായി ചുമതലയെറ്റ ജഗ്ദീപ് ധൻകർ രാജ്യസഭാ ചെയർമാനായും അവരോധിക്കപ്പെട്ടു. ജഗ്ദീപ് ധൻകറിനെ ഉപരാഷ്ട്രപതിയായ് തിരഞ്ഞെടുത്ത വിജ്ഞാപനം വായിച്ചതോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്.
മുൻ രാഷ്ട്രപതി രാം നാഥ് കോവിന്ദും സ്ഥാനമൊഴിഞ്ഞ വെൻകയ്യ നായിഡുവും മുൻ ഉപരാഷ്ട്രപതി ഹമിദ് അൻസാരിയും ചടങ്ങിന്റെ ഭാഗമായ്. രാജസ്ഥാനിലെ ജുൻജുനു ജില്ലയിലെ കിതാന എന്ന ചെറുഗ്രാമമാണ് ഉപരാഷ്ട്രപതിയുടെ സ്വദേശം. ഉപരാഷ്ട്രപതിയായി ചുമതലയെറ്റ ജഗ് ദീപ് ധൻ ഗറിനെ പ്രധാനമന്ത്രി നരേന്ദ്രമോദിയും രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാർജ്ജുൻ ഖാർഗേയും അടക്കമുള്ളവർ അഭിനന്ദിച്ചു.