ദില്ലി: കോവിഡ് മൂന്നാം തരംഗത്തിൽ ആദ്യമായി പ്രതിവാര കൊവിഡ് കേസുകളുടെ എണ്ണത്തിൽ കുറവ് . മരണസംഖ്യ 41 ശതമാനം ഉയർന്നു. പ്രതിവാര കൊവിഡ് കേസുകളുടെ എണ്ണം 19 ശതമാനത്തോളം കുറഞ്ഞു. ജനുവരി 24 മുതൽ 30 വരെയുള്ള ഏഴ് ദിവസങ്ങളിൽ 17.5 ലക്ഷം പേരാണ് കൊവിഡ് ബാധിതരായത്.
ഇന്നലെ വരെയുള്ള ആഴ്ചയിൽ ടിപിആർ 15.68 ശതമാനം ഇടിഞ്ഞു. തൊട്ടുമുൻപത്തെ ആഴ്ചയിൽ 17.28 ശതമാനം ടിപിആർ ഇടിഞ്ഞിരുന്നു. കേരളമടക്കം പല സംസ്ഥാനങ്ങളിലും കേസുകൾ ഉയർന്നുതന്നെ നിൽക്കുകയാണ്. കഴിഞ്ഞ ആഴ്ച പരിശോധനകളുടെ എണ്ണത്തിൽ 10 ശതമാനത്തോളം കുറവുണ്ടായിരുന്നു.
ജനുവരി 17 മുതൽ 23 വരെയുള്ള ആഴ്ചയിൽ രാജ്യത്തെ 21.7 ലക്ഷം കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. മൂന്നാം തരംഗത്തിന്റെ ഘട്ടത്തിലെ ഏറ്റവും ഉയർന്ന കണക്കായിരുന്നു ഇത്. വരും ദിവസങ്ങളിലും രാജ്യത്തെ കൊവിഡ് കേസുകൾ കുറഞ്ഞാൽ അത് വളരെയേറെ ആശ്വാസകരമാകും. ജനുവരി 24 നും 30നുമിടയിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 3770 ആണ്. ജനുവരി 17 നും 23 നുമിടയിൽ മരിച്ചവരുടെ എണ്ണം 2680 ആണ്.