ദില്ലി: മുല്ലപ്പെരിയാർ ഡാമിന് സുരക്ഷാ ഭീഷണിയുണ്ടെന്നുൾപ്പടെയുള്ള ഹർജികളിൽ വാദം കേൾക്കുന്നത് ഫെബ്രുവരി രണ്ടാം വാരത്തിലേക്ക് മാറ്റി. എതൊക്കെ വിഷയങ്ങളിൽ വാദം കേൾക്കണം എന്ന കാര്യത്തിൽ അഭിഭാഷകർ വ്യത്യസ്ത നിലപാട് പ്രകടിപ്പിച്ചതിനെ തുടർന്നാണിത്. പിന്നീട് മുന്നറിയിപ്പില്ലാതെ ഡാം തുറക്കുന്നതിനെ ചോദ്യം ചെയ്ത് കേരളവും കോടതിയിലെത്തി. മുല്ലപ്പെരിയാർ ഡാമിന്‍റെ മേൽനോട്ട സമിതിക്കെതിരായ ഹർജിയാണ് ആദ്യം സുപ്രീംകോടതിയിൽ എത്തിയത്. ബേബി ഡാം ശക്തിപ്പെടുത്താൻ കേരളം അനുവദിക്കുന്നില്ലെന്ന് പരാതിപ്പെട്ട് തമിഴ്നാടും കോടതിയിൽ ഹർജി നല്‍കി. വെള്ളം തുറന്ന് വിടുന്നത് ഉൾപ്പടെയുള്ള തർക്കവിഷയങ്ങൾ മേൽനോട്ട സമിതി പരിശോധിച്ചാൽ മതിയെന്നാണ് സുപ്രീംകോടതി നിലപാട്. മറ്റു വിഷയങ്ങളിലാവും കോടതി വാദം കേൾക്കും.
ആദ്യം പ്രധാനവിഷയങ്ങൾ പരിഗണിക്കാമെന്ന് ജസ്റ്റിസ് എ എം ഖാൻവിൽക്കർ അദ്ധ്യക്ഷനായ ബഞ്ച് ഇന്ന് അറിയിച്ചു. എന്നാൽ ഈ വിഷയങ്ങൾ എന്തെന്ന കാര്യത്തിൽ ഇരു സംസ്ഥാനങ്ങളുടെയും അഭിഭാഷകർക്കിടയിൽ ഭിന്നത ദ്യശ്യമായി. ഈ സാഹചര്യത്തിലാണ് കേസ് അടുത്ത മാസത്തേക്ക് മാറ്റിയത്. വിഷയങ്ങൾ എന്തെന്ന് ചർച്ച ചെയ്ത് ധാരണയിലെത്തി കോടതിയെ അറിയിക്കാൻ സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നല്‍കി. അടുത്ത മാസം നാലിന് മുമ്പ് അറിയിക്കാനാണ് നിർദ്ദേശം. ഡാം ഭരിക്കാനല്ല നിയമവിഷയങ്ങൾ തീർക്കാനാണ് സുപ്രീംകോടതിയെന്നും ജസ്റ്റിസ് എഎം ഖാൻവിൽക്കർ വ്യക്തമാക്കി. അണക്കെട്ടിന് സുരക്ഷാ ഭീഷണിയുണ്ടെ വാദം വീണ്ടും ശക്തമാക്കാനാകും കേരളത്തിന്‍റെ ശ്രമം.