കാബൂൾ: അഫ്ഗാനിസ്താനിലെ വിവിധ പ്രവിശ്യകളിൽ ഉണ്ടായ പ്രകൃതിദുരന്തത്തിൽ 2,23,000-ലധികം ആളുകൾ ബാധിക്കപ്പെട്ടതായി റിപ്പോർട്ട്. പക്തികയിലും ഖോസ്റ്റിലും ജൂണിൽ ഉണ്ടായ ഭൂകമ്പം, 85,000-ലധികം ആളുകളെ ബാധിച്ചപ്പോൾ, ജൂലൈ ഓഗസ്റ്റ് മാസങ്ങളിൽ രാജ്യത്തിന്റെ തെക്ക്, കിഴക്കൻ ഭാഗങ്ങളിൽ ഉണ്ടായ കനത്ത വെള്ളപ്പൊക്കത്തിൽ 78,800-ലധികം ആളുകൾ ബാധിക്കപ്പെട്ടു.
യുഎൻ ഓഫീസ് ഫോർ കോർഡിനേഷൻ ഓഫ് ഹ്യൂമാനിറ്റേറിയൻ അഫയേഴ്സ് (OCHA) തയ്യാറാക്കിയ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. അഫ്ഗാനിസ്താനിലെ പാർപ്പിട കെട്ടിടങ്ങളെ മാത്രമല്ല വെള്ളപ്പൊക്കം ബാധിച്ചത്, രാജ്യത്തെ കർഷകർക്ക് കനത്ത സാമ്പത്തിക നഷ്ടമുണ്ടായി. പ്രകൃതിക്ഷോഭം ബാധിച്ച നിരവധി കുടുംബങ്ങൾക്ക് വീടും സ്വത്തുക്കളും കന്നുകാലികളും നഷ്ടപ്പെട്ടു. ഏറ്റവും മോശമായി ബാധിച്ച ദരിദ്ര കുടുംബങ്ങൾക്ക് അടിയന്തിര മാനുഷിക ഭക്ഷണ സഹായം ആവശ്യമാണെന്നും ഒസിഎച്ച്എ റിപ്പോർട്ടിൽ പറയുന്നു.
അഫ്ഗാനിൽ 24 ദശലക്ഷത്തിലധികം ആളുകൾ ഭക്ഷ്യക്ഷാമം നേരിടുന്നുണ്ടെന്ന് മുമ്പത്തെ റിപ്പോർട്ടിൽ ഒസിഎച്ച്എ ചൂണ്ടിക്കാട്ടിയിരുന്നു. കഴിഞ്ഞ വർഷം വെള്ളപ്പൊക്കവുമായി ബന്ധപ്പെട്ട മൊത്തം മരണങ്ങളുടെ എണ്ണം 147 ആയിരുന്നു. ഈ വർഷം മരണസംഖ്യയിൽ 75 ശതമാനത്തിന്റെ ഗണ്യമായ വർദ്ധനവ് രേഖപ്പെടുത്തിയതായി TOLOnews റിപ്പോർട്ട് ചെയ്തു.