കാബൂള്‍: അഫ്ഗാനിലെ താലിബാന്‍ വിരുദ്ധ നേതാവും അഫ്ഗാന്‍ ദേശീയ പ്രതിരോധ സേനയുടെ തലവനുമായ അഹമ്മദ് മസൂദ് രാജ്യം വിട്ടിട്ടില്ലെന്ന് ഇറാനിയന്‍ വാര്‍ത്താ ഏജന്‍സിയായ എഫ്എആര്‍എസ് റിപ്പോര്‍ട്ട് ചെയ്തു. പഞ്ച്ശീര്‍ താഴ്വരയിലെ സുരക്ഷിതമായ സ്ഥലത്ത് മസൂദ് ഉണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. മസൂദ് തുര്‍ക്കിയിലേക്ക് നാടുവിട്ടെന്നായിരുന്നു പ്രചരിച്ച വാര്‍ത്തകള്‍.
രാജ്യത്തിന് അകത്തായാലും പുറത്തായാലും രാജ്യത്തിന്റെ അഭിമാനം കാത്തുസൂക്ഷിക്കാന്‍ പോരാടുമെന്ന് അഹമ്മദ് മസൂദ് ഓഡിയോ സന്ദേശത്തില്‍ പറഞ്ഞതായി അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ പഞ്ച്ശീറില്‍ താലിബാനും പ്രതിരോധ സേനയും ഏറ്റുമുട്ടുകയാണ്.
പഞ്ച്ശീറിന്റെ 70 ശതമാനം പ്രദേശങ്ങളും താലിബാന്‍ നിയന്ത്രണത്തിലാക്കിയിരുന്നു. എന്നാല്‍, പഞ്ച്ശീര്‍ പിടിച്ചടക്കിയെന്ന അവകാശവാദം പ്രതിരോധ സേന തള്ളി. താഴ്വരകള്‍ പ്രതിരോധ സേനയുടെ നിയന്ത്രണത്തിലാണെന്ന് വക്താവ് ഖസീം മുഹമ്മദി പറഞ്ഞു. അഫ്ഗാനിലെ എല്ലാ പ്രവിശ്യകളും താലിബാന്‍ പിടിച്ചെടുത്തപ്പോഴും പഞ്ച്ശീര്‍ മാത്രമായിരുന്നു ചെറുത്ത് നിന്നത്. അഫ്ഗാന്‍ മുന്‍ ഗറില്ല കമാന്‍ഡര്‍ അഹമ്മദ് ഷാ മസൂദിന്റെ മകനായ അഹമ്മദ് മസൂദിന്റെ നേതൃത്വത്തിലായിരുന്നു താലിബാന്‍ വിരുദ്ധ പോരാട്ടം.