ബെർലിൻ: വിവിധ മേഖലകളിലെ സഹകരണം ശക്തമാക്കാനും വിപുലീകരിക്കാനും ഇന്ത്യയും ജർമ്മനിയും തീരുമാനിച്ചു. ബെർലിനിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി, ജർമ്മൻ ചാൻസലർ ഒലാഫ് സ്കോൾഡുമായി കൂടിക്കാഴ്ച നടത്തി. വിവിധ വിഷയങ്ങളിൽ ഇരു നേതാക്കളും ചർച്ച നടത്തി. ആറാമത് ഇന്ത്യ ജർമ്മൻ മന്ത്രിതല യോഗത്തിന് ഇരുവരും അധ്യക്ഷത വഹിക്കും. സന്ദർശനത്തിൽ റഷ്യ - യുക്രെയ്ൻ യുദ്ധം പ്രധാന ചർച്ച വിഷയമായെന്നാണ് വ്യക്തമാകുന്നത്. ജർമൻ മന്ത്രിമാരും ചർച്ചയിൽ പങ്കെടുത്തു. ചാൻസലർ ഷോൾസുമായുള്ള പ്രധാനമന്ത്രിയുടെ ആദ്യ കൂടിക്കാഴ്ചയാണിത്.
പ്രധാനമന്ത്രിയുടെ സന്ദർശനത്തിന് ഇന്ന് രാവിലെയാണ് തുടക്കമായത്. ബെർലിൻ സന്ദർശനത്തിന് ശേഷം നാളെ കോപ്പൻഹേഗനിലും മറ്റന്നാൾ പാരീസിലും പ്രധാനമന്ത്രിയെത്തും. പ്രവാസി മലയാളികളെയും, വ്യവസായ പ്രമുഖരെയും മൂന്ന് ദിവസത്തെ സന്ദർശനത്തിനിടെ പ്രധാന മന്ത്രി കാണും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഈ വർഷത്തെ ആദ്യ വിദേശ സന്ദർശനമാണ് ഇത്. മേയ് രണ്ടു മുതൽ നാലു വരെയായിരിക്കും സന്ദർശനം. ആദ്യം ജർമനിയും പിന്നീട് ഡെന്മാർക്കും സന്ദർശിക്കും. ഡെന്മാർക്കിൽ നടക്കുന്ന രണ്ടാമത്തെ ഇന്ത്യ-നോർഡിക് ഉച്ചകോടിയിലും പ്രധാനമന്ത്രി പങ്കെടുക്കും. നാലിന് മടക്കയാത്രയിൽ ഫ്രാൻസിൽ അധികാരം നിലനിർത്തിയ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി കൂടിക്കാഴ്ച നടത്തും. ജർമനിയിൽ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്യും.