കാബൂൾ: ഊഹാപോഹങ്ങൾക്ക് വിരാമമിട്ട് അഫ്ഗാനിസ്ഥാനിൽ ഇടക്കാല സര്‍ക്കാര്‍ രൂപീകരിച്ച് താലിബാൻ. മുഹമ്മദ് ഹസൻ മഅഖുന്ദ് ഇടക്കാല സർക്കാരിനെ നയിക്കും. താലിബാൻ ഉപമേധാവി മുല്ലാ ബറാദർ ഉപപ്രധാനമന്ത്രിയാകും. മുല്ല യാക്കൂബ് പ്രതിരോധ മന്ത്രിയാകും. ആമിർ ഖാൻ മുത്തഖിക്കാണ് വിദേശകാര്യ ചുമതല. ദോഹ കേന്ദ്രീകരിച്ചുള്ള നീക്കങ്ങൾക്ക് നേതൃത്വം നൽകിയത് മുത്താഖി ആയിരുന്നു. താലിബാനിലെ തീവ്ര ഭീകരവാദ സംഘടനയായ ഹഖാനി ഗ്രൂപ്പിനാണ് ആഭ്യന്തരം. സിറാജുദ്ദീന്‍ ഹഖാനിയയാണ് ആഭ്യന്തര മന്ത്രി.
ഇതടക്കം 33 അംഗ മന്ത്രിസഭയാണ് താലിബാൻ പ്രഖ്യാപിച്ചത്. പട്ടിക പൂർണമല്ലെന്നും രാജ്യത്തിന്റെ വിവിധ ഭാഗത്ത് നിന്നുളളവർക്ക് പങ്കാളിത്തമുണ്ടാകുമെന്നും താലിബാൻ വക്താവ് അറിയിച്ചു. മൂന്നാഴ്ച മുമ്പാണ് താലിബാൻ അഫ്ഗാനിസ്ഥാന്റെ നിയന്ത്രണം പിടിച്ചെടുത്തത്. ആഗസ്റ്റ് 31 ഓടെ അമേരിക്കൻ സൈന്യം അഫ്ഗാൻ വിട്ടതോടെ നിയന്ത്രണം പൂർണമായും താലിബാന്റെ കൈവശമെത്തി. യുഎൻ ഭീകരരുടെ ലിസ്റ്റിൽ ഉൾപ്പെട്ടയാളാണ് താലിബാൻ സർക്കാരിനെ നയിക്കുന്ന മുഹമ്മദ് ഹസൻ മഅഖുന്ദ്.
താലിബാൻ പിടിച്ചെടുത്തതോടെ അഫ്ഗാനിസ്ഥാനിലെ സ്ഥിതി സങ്കീർണ്ണമായി തുടരുകയാണ്. സർക്കാർ രൂപീകരണം സമ്പന്ധിച്ച് താലിബാന്റെ പ്രഖ്യാപനമുണ്ടായെങ്കിലും കാബൂളിൽ ജനങ്ങൾ പ്രതിഷേധം തുടരുകയാണ്. താലിബാനും പാക് സർക്കാരിനുമെതിരെ പ്രതിഷേധവുമായി ജനങ്ങൾ തെരുവിലിറങ്ങി. പ്രകടനത്തിന് നേരെ താലിബാൻ വെടിയുതിർത്തു. പാഞ്ച് ഷിർ കീഴടക്കാൻ താലിബാന് പാകിസ്ഥാൻ സഹായം നൽകിയതിനെതിരെ ആയിരുന്നു പ്രകടനം. സ്ത്രീകൾ അടക്കം ആയിരങ്ങളാണ് മുദ്രാവാക്യങ്ങളുമായി തെരുവിലിറങ്ങിയത്. ഒരാഴ്ചയായി ചെറുതും വലുതുമായ പ്രതിഷേധങ്ങൾ കാബൂളിൽ നടക്കുന്നുണ്ട്.