ആന്റിബയോട്ടിക്കുകളുടെ ദുരുപയോഗവും അമിതോപയോഗവും നിയന്ത്രിച്ചില്ലെങ്കില്‍ നേരിടേണ്ടിവരുന്നത് ഗുരുതര പ്രത്യാഘാതങ്ങളായിരിക്കുമെന്ന് വിദഗ്ധസംഘത്തിന്റെ മുന്നറിയിപ്പ്. ആന്റിബയോട്ടിക് ഔഷധങ്ങളെ പ്രതിരോധിക്കാന്‍ ശേഷിയുള്ള ‘സൂപ്പര്‍’ സൂക്ഷ്മാണുക്കള്‍ അനിയന്ത്രിതമായി പെരുകുന്നതായി വിദഗ്ധര്‍ കണ്ടെത്തി.
യൂറോപ്പിലേയും തെക്കേ അമേരിക്കയിലേയും ഓസ്‌ട്രേലിയയിലും ജനങ്ങളാണ് ബാക്ടീരിയ വിഭാഗത്തില്‍ പെടുന്ന ഈ ‘സൂപ്പര്‍ ബഗു’കളുടെ ആക്രമണത്തിനിരയാവാന്‍ സാധ്യതയെന്നാണ് മുന്നറിയിപ്പ്. ‘സൂപ്പര്‍’ സൂക്ഷ്മാണുക്കളുടെ എണ്ണം വര്‍ധിക്കുന്നത് 2030 ഓടെ നാലു മുതല്‍ ഏഴു വരെ തവണ ഇരട്ടിയായെന്നാണ് ഇപ്പോഴത്തെ പഠനനിഗമനം.
ലക്ഷക്കണക്കിനാളുകള്‍ക്ക് ഈ രോഗാണുക്കളുടെ അക്രമണത്തില്‍ ജീവഹാനി ഉണ്ടാകുമെന്നാണ് ബുധനാഴ്ച പുറത്തിറക്കിയ റിപ്പോര്‍ട്ടിലുള്ളത്. 2015 ല്‍ യൂറോപ്പിലെ 33,000 പേരുടെ ജീവന്‍ ഇത്തരത്തില്‍ ബാക്ടീരിയ കവര്‍ന്നതായി ഈയാഴ്ച പുറത്തുവന്ന മറ്റൊരു പഠനറിപ്പോര്‍ട്ടില്‍ പറയുന്നു.
ആശുപത്രികളിലെ അടിസ്ഥാനശുചിത്വം, പൊതുജനാരോഗ്യം എന്നിവ പാലിക്കുന്നതില്‍ നിഷ്‌കര്‍ഷത പുലര്‍ത്തണമെന്നും ആന്റിബയോട്ടിക് ഔഷധങ്ങളുടെ അനാവശ്യഉപയോഗം കുറയ്ക്കണമെന്നും ഓര്‍ഗനൈസേഷന്‍ ഓഫ് ഇക്കണോമിക് കോഓപറേഷന്‍ ആന്‍ഡ് ഡിവലപ്‌മെന്റ് (ഒഇസിഡി) അറിയിച്ചു.
ഇത്തരം കാര്യങ്ങളിലെ അശ്രദ്ധ അപകടകരമായ ഭവിഷ്യത്ത് ഉളവാക്കുമെന്നും സംഘടന മുന്നറിയിപ്പ് നല്‍കി. 2050 ഓടെ 25 ലക്ഷത്തോളം ആളുകള്‍ ഈ ബാക്ടീരിയബാധ കാരണം മരിക്കുമെന്നാണ് ഒഇസിഡിയുടെ നിര്‍ണായക റിപ്പോര്‍ട്ട് പറയുന്നത്. ഈ രോഗാണുബാധയുടെ ചികിത്സയ്ക്കായി 3.5 ബില്യണ്‍ ഡോളര്‍ ഓരോ കൊല്ലവും ചിലവാക്കേണ്ടി വരുമെന്നാണ് കണക്ക്.