December 03, 2024

Login to your account

Username *
Password *
Remember Me

വേനൽക്കാലം: ജലജന്യ രോഗങ്ങൾക്കെതിരെ ജാഗ്രത വേണം

സംസ്ഥാനത്ത് ഉയർന്ന ചൂട് തുടരുന്ന സാഹചര്യത്തിൽ ജലജന്യ രോഗങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. വേനൽക്കാലത്ത് ശുദ്ധ ജലത്തിന്റെ ലഭ്യത കുറവായതിനാൽ ജലജന്യ രോഗങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. വയറിളക്ക രോഗങ്ങൾ നിർജലീകരണത്തിനും തുടർന്നുള്ള സങ്കീർണ ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമായേക്കാം. വയറിളക്ക രോഗങ്ങൾ, മഞ്ഞപിത്തത്തിന് കാരണമാകുന്ന ഹെപ്പറ്റൈറ്റീസ്-എ, ഹെപ്പറ്റൈറ്റിസ് ഇ, കോളറ, ടൈഫോയിഡ്, ഷിഗല്ല തുടങ്ങിയ അസുഖങ്ങൾ ഇത്തരത്തിൽ ഉണ്ടാകാൻ സാദ്ധ്യതയുണ്ട്. ഉയർന്ന ചൂട് കാരണം പെട്ടെന്ന് നിർജലീകരിക്കുന്നതിനാൽ ദാഹം തോന്നിയില്ലെങ്കിലും വെളളം കുടിക്കണം.


ചൂട് കാലത്ത് ഭക്ഷണം പെട്ടന്ന് കേടാകാൻ സാധ്യതയുള്ളതിനാൽ പ്രത്യേകം ശ്രദ്ധിക്കണം. ഭക്ഷ്യ സുരക്ഷാ വകുപ്പും ശക്തമായ നടപടി സ്വീകരിക്കുന്നുണ്ട്. രുചിയിലോ മണത്തിലോ സംശയമുള്ള ഭക്ഷണങ്ങൾ കഴിക്കരുത്. കുടിക്കുന്ന വെള്ളം ശുദ്ധമാണെന്ന് ഉറപ്പ് വരുത്തണം. തിളപ്പിച്ചാറിയ വെള്ളം നല്ലത്. പുറത്ത് പോകുമ്പോൾ കുടിക്കുന്നതിന് തിളപ്പിച്ചാറിയ വെള്ളം കരുതാം. ഭക്ഷണപാനീയങ്ങൾ ഈച്ച കടക്കാതെ അടച്ചു സൂക്ഷിക്കണം. ഭക്ഷണം പാചകം ചെയ്യാനും കഴിക്കാനും ഉപയോഗിക്കുന്ന പാത്രങ്ങൾ ശുദ്ധജലത്തിൽ മാത്രം കഴുകുക. പാനീയങ്ങളിൽ ശുദ്ധജലം ഉപയോഗിച്ച് തയ്യാറാക്കിയ ഐസ് മാത്രം ചേർക്കുക. കുടിവെള്ള സ്രോതസുകളിൽ മലിന ജലം കലരുന്നത് ഒഴിവാക്കണം. കിണറുകളും കുടിവെള്ള സ്രോതസുകളും കൃത്യമായ ഇടവേളകളിൽ ക്ലോറിനേറ്റ് ചെയ്യണം. മലിനജലം കലർന്നിട്ടുണ്ടെങ്കിൽ സൂപ്പർ ക്ലോറിനേഷൻ നടത്തണം.


ആഹാരം പാകം ചെയ്യുന്നതിനും വിളമ്പുന്നതിനും കഴിക്കുന്നതിനും മുമ്പും മലമൂത്ര വിസർജനത്തിനു ശേഷവും കൈകൾ സോപ്പുപയോഗിച്ച് കഴുകുക. കൈകളിലെ നഖം വെട്ടി വൃത്തിയായി സൂക്ഷിക്കുക. കുട്ടികൾ മണ്ണിൽ കളിച്ചാൽ കൈകൾ സോപ്പുപയോഗിച്ച് കഴുകുക. മലമൂത്ര വിസർജ്ജനം കക്കൂസിൽ മാത്രം നടത്തുക. ഈച്ചശല്യം ഒഴിവാക്കുക. വീടിന്റെ പരിസരത്തും പൊതുസ്ഥലങ്ങളിലും മാലിന്യം കുന്നുകൂടാതെ ശ്രദ്ധിക്കുക. പൊതു ടാപ്പുകളും പരിസരവും വൃത്തിയായി സൂക്ഷിക്കുക. കൊതുകിന്റെ ഉറവിടമാകാതിരിക്കാൻ വീട്ടിനകത്തും പുറത്തും വെള്ളം കെട്ടി നിർത്തരുത്.


വയറിളക്ക രോഗങ്ങൾ പകരാതിരിക്കാൻ പ്രത്യേകം കരുതൽ വേണം. രോഗി ഉപയോഗിച്ച ശുചിമുറി അണുനാശിനി ഉപയോഗിച്ച് വൃത്തിയാക്കിയതിന് ശേഷം മാത്രം മറ്റുള്ളവർ ഉപയോഗിക്കുക. രോഗി ഭക്ഷണം പാചകം ചെയ്യുകയോ ഭക്ഷണ പാനീയങ്ങൾ കൈകാര്യം ചെയ്യുകയോ പാടില്ല. കുഞ്ഞുങ്ങളുടെ വിസർജ്യം ശുചിമുറിയിൽ മാത്രം കളയുക. കുഞ്ഞുങ്ങളെ മലവിസർജനത്തിന് ശേഷം ശുചിമുറിയിൽ മാത്രം കഴുകിക്കുക. കഴുകിച്ച ശേഷം കൈകൾ സോപ്പുപയോഗിച്ച് കഴുകുക. ഉപയോഗശേഷം ഡയപ്പറുകൾ വലിച്ചെറിയാതെ ആഴത്തിൽ കുഴിച്ചിടുക. കുട്ടികൾക്ക് വയറിളക്ക രോഗങ്ങളുണ്ടായാൽ വളരെ ശ്രദ്ധിക്കണം. നിർജലീകരണം ഉണ്ടാകാതിരിക്കാൻ ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിൻവെള്ളം, ഒ.ആർ.എസ്. എന്നിവ ഇടയ്ക്കിടയ്ക്ക് നൽകണം. വയറിളക്ക രോഗമുള്ളപ്പോൾ ഒ.ആർ.എസിനൊപ്പം ഡോക്ടറുടെ നിർദേശാനുസരണം സിങ്കും നൽകേണ്ടതാണ്. വയറിളക്കം കുറഞ്ഞില്ലെങ്കിൽ എത്രയും വേഗം വൈദ്യ സഹായം തേടണം.
Rate this item
(0 votes)

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.