ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ലോകവദനാരോഗ്യ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം ഫോർട്ട് താലൂക്ക് ആശുപത്രിയിൽ ആരോഗ്യകുടുംബക്ഷേമ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ് നിർവഹിച്ചു. ‘ആനന്ദവദനം...ശരീരം സന്തോഷ ഭരിതം’ എന്നതായിരുന്നു ഈ വർഷത്തെ ദിനാചരണ സന്ദേശം. ഡിജിറ്റൽ ദന്താരോഗ്യ ബോധവത്കരണ പരിപാടിയായ ‘ദന്തകിരണി’ന്റെ ലോഗോ പ്രകാശനവും അദ്ദേഹം നിർവഹിച്ചു. ഉദ്ഘാടനച്ചടങ്ങിനോടനുബന്ധിച്ചു തിരുവനന്തപുരം ഡെന്റൽ കോളേജിലെ ബിഡിഎസ് വിദ്യാർത്ഥികൾ അവതരിപ്പിച്ച ഫ്ലാഷ്‌മോബ് ശ്രദ്ധേയമായി.
ചടങ്ങിൽ ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ. റീന കെ.ജെ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ഡയറക്ടർ (ഡെന്റൽ) ഡോ. സൈമൺ മോറിസൺ വിഷയാവതരണം നടത്തി. അഡീഷണൽ ഡയറക്ടർ (പ്ലാനിങ്) ഡോ. ഷിനു കെ.എസ്, ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ. ബിന്ദുമോഹൻ, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ആശാവിജയൻ എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു. അഡീഷണൽ ഡയറക്ടർ (പൊതുജനാരോഗ്യം) ഡോ. റീത്ത കെ.പി സ്വാഗതവും ഫോർട്ട് താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. അജിത്കുമാർ എസ്.എൽ നന്ദിയും പറഞ്ഞു. മികച്ച സേവനം കാഴ്ചവെച്ച ഡെന്റൽ സർജന്മാർക്കും ഡെന്റൽ ഓക്‌സിലിയറി സ്റ്റാഫിനും ചടങ്ങിൽ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. ദന്താരോഗ്യ ബോധവത്കരണത്തോടനുബന്ധിച്ചു സംഘടിപ്പിച്ച പ്രശ്‌നോത്തരി മത്സര ജേതാക്കൾക്ക് സമ്മാനവിതരണവും നടത്തി. തുടർന്ന് നടന്ന വദനാരോഗ്യ ബോധവത്കരണ ക്ലാസിന് ഫോർട്ട് താലൂക്ക് ആശുപത്രിയിലെ അസിസ്റ്റന്റ് ഡെന്റൽ സർജൻ ഡോ. ബാബു ഇ.സി നേതൃത്വം നൽകി.