November 23, 2024

Login to your account

Username *
Password *
Remember Me

വിദേശികളടക്കമുള്ളവരുടെ ആയുർവേദ ചികിത്സയ്ക്കായി പ്രത്യേക വെൽനസ് കേന്ദ്രങ്ങൾ ആരംഭിക്കും: മന്ത്രി വീണാ ജോർജ്

വിദേശികളടക്കം കേരളത്തിന് പുറത്ത് നിന്നെത്തുന്നവരുടെ ആയുർവേദ ചികിത്സയ്ക്കായി പ്രത്യേക വെൽനസ് കേന്ദ്രങ്ങൾ ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. അതിന് വേണ്ടിയുള്ള അടിസ്ഥാന സൗകര്യ വികസനവും പ്രവർത്തനങ്ങളും ആരംഭിച്ചിട്ടുണ്ട്. ജീവനക്കാർക്ക് പ്രത്യേക പരിശീലനം നൽകുമെന്നും മന്ത്രി വ്യക്തമാക്കി. തിരുവനന്തപുരം ഗവ. ആയുർവേദ കോളേജ് പൂജപ്പുര പഞ്ചകർമ്മ ആശുപത്രി ക്യാമ്പസിലെ യോഗ പരിശീലന കേന്ദ്രം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.


ആരോഗ്യ സംരക്ഷണം, രോഗ പ്രതിരോധം, രോഗ നിർമാർജനം എന്നിവയ്ക്കാണ് ഈ കാലഘട്ടത്തിൽ ആരോഗ്യ മേഖല ഏറ്റവും പ്രാധാന്യം നൽകുന്നത്. നവകേരളം കർമ്മപദ്ധതി ആർദ്രം രണ്ടിന്റെ ഭാഗമായുള്ള 10 പ്രധാന പദ്ധതികളിൽ ജീവിതശൈലീ രോഗ പ്രതിരോധം, കാൻസർ കെയർ പ്രോഗ്രാം, ഹെൽത്തി ലൈഫ് കാമ്പയിൻ എന്നിവയ്ക്ക് പ്രാധാന്യം നൽകിക്കൊണ്ടാണ് കർമ്മ പദ്ധതികൾ ആവിഷ്‌ക്കരിച്ചത്. അതിൽ ആയുഷ് മേഖലയ്ക്ക് വലിയ സ്ഥാനമാണുള്ളത്.


ശരീരത്തിന്റേയും മനസിന്റേയും ആരോഗ്യകരമായ നിലനിൽപ്പ് ഉറപ്പാക്കുന്നതിൽ യോഗയ്ക്ക് വലിയ സ്ഥാനമുണ്ട്. ഇത് തിരിച്ചറിഞ്ഞാണ് ജീവിതശൈലീ രോഗ പ്രതിരോധത്തിന് പ്രാധാന്യം നൽകിക്കൊണ്ട് സംസ്ഥാനത്ത് 1000 യോഗ ക്ലബ്ബുകൾ കഴിഞ്ഞ രണ്ട് വർഷങ്ങളിലായി ആരംഭിച്ചിട്ടുള്ളത്. സമൂഹത്തിന്റെ പൊതുബോധം ഇതിലേക്ക് കൊണ്ടുവരുന്നതിന് സാധിച്ചു. ധാരാളം സ്ത്രീകളും ചെറുപ്പക്കാരും യോഗ ക്ലബ്ബിലേക്ക് എത്തുന്നത് വലിയ രീതിയിൽ പ്രവർത്തനങ്ങൾക്ക് പ്രോത്സാഹനം നൽകുന്നതാണ്. പുജപ്പുര പഞ്ചകർമ്മ ആശുപത്രിയിൽ 1 കോടി രൂപ ചെലവഴിച്ചാണ് ഒരു യോഗ പരിശിലന കേന്ദ്രവും വിശ്രമ മന്ദിരവും സ്ഥാപിച്ചത്. ഒരേ സമയം 25 പേർക്ക് യോഗ പരിശീലനം നൽകുന്നതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. രോഗികളുടെ കൂട്ടിരിപ്പുകാർക്കും, യോഗ പരിശീലനത്തിനെത്തുന്ന പൊതുജനങ്ങൾക്കും വേണ്ടി മതിയായ ടോയ്ലെറ്റ് സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്.


ഈ കാലഘട്ടത്തിൽ ആയുർവേദ മേഖലയ്ക്ക് പ്രാധാന്യം നൽകിക്കൊണ്ടാണ് സർക്കാർ മുന്നോട്ട് പോകുന്നത്. ആയുർവേദ രംഗം ശക്തിപ്പെടുത്തുന്നതിന് ലക്ഷ്യമിട്ടാണ് ഈ സാമ്പത്തിക വർഷം ഒന്നിച്ച് 116 തസ്തികകൾ സൃഷ്ടിച്ചത്. ആയുർവേദ ഗവേഷണം ത്വരിതപ്പെടുത്തുന്നതിനായുള്ള കണ്ണൂരിലെ അന്താരാഷ്ട്ര ആയുർവേദ ഗവേഷണ കേന്ദ്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. എല്ലാ പഞ്ചായത്തുകളിലും ആയുഷ് ഡിസ്പെൻസറികൾ സ്ഥാപിക്കുക എന്ന സർക്കാരിന്റെ നയം നടപ്പിലാക്കി. ഈ സർക്കാർ വന്ന ശേഷം 510 ആയുഷ് ഡിസ്പെൻസറികളെ കൂടി ഹെൽത്ത് ആന്റ് വെൽനസ് സെന്ററുകളാക്കി ഉയർത്തി. ഇതോടെ ഹെൽത്ത് ആന്റ് വെൽനസ് സെന്ററുകൾ ആകെ 600 ആയി. ആയുഷ് മേഖലയിലെ കേരളത്തിന്റെ മുന്നേറ്റത്തെ നീതി ആയോഗ് അഭിനന്ദിച്ചിരുന്നു. രാജ്യത്ത് ആയുഷ് രംഗത്ത് ഏറ്റവുമധികം ആളുകൾ ചികിത്സയ്ക്കെത്തുന്ന സംസ്ഥാനം കേരളമാണെന്ന് റിപ്പോർട്ടിൽ എടുത്തു പറഞ്ഞു. ഇത് ആയുഷ് മേഖലയിലെ ആരോഗ്യ പ്രവർത്തകർക്കുള്ള അംഗീകാരമാണെന്നും മന്ത്രി പറഞ്ഞു.
Rate this item
(0 votes)

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.