December 06, 2024

Login to your account

Username *
Password *
Remember Me

അപൂർവ രോഗങ്ങൾക്കുള്ള സമഗ്ര പരിചരണ പദ്ധതിയുമായി കേരളം

അപൂർവ രോഗ പരിചരണത്തിനായി കെയർ (KARe: Kerala Against Rare Diseases) എന്ന പേരിൽ സമഗ്ര പദ്ധതി കേരളം ആരംഭിക്കുന്നു. രോഗങ്ങൾ പ്രതിരോധിക്കാനും, നേരത്തെ കണ്ടെത്താനും, ചികിത്സകൾ ലഭ്യമായ സാഹചര്യങ്ങളിൽ അവ ലഭ്യമാക്കാനും, മരുന്നുകൾ കൂടാതെ സാധ്യമായ തെറാപ്പികൾ, സാങ്കേതിക സഹായ ഉപകരണങ്ങൾ ലഭ്യമാക്കുക, ഗൃഹ കേന്ദ്രീകൃത സേവനങ്ങൾ ഉറപ്പ് വരുത്തുക, മാതാപിതാക്കൾക്കുള്ള മാനസിക, സാമൂഹിക പിന്തുണ ഉറപ്പ് വരുത്തുക തുടങ്ങിയ സേവനങ്ങൾ ഉൾക്കൊള്ളുന്ന സമഗ്ര പരിചരണ പദ്ധതിയാണ് സംസ്ഥാന സർക്കാർ ലക്ഷ്യമിടുന്നത്.


കെയർ പദ്ധതിയുടെ ഔദ്യോഗിക പ്രഖ്യാപനവും 61 നഗര ജനകീയ ആരോഗ്യ കേന്ദ്രങ്ങളുടേയും 31 ഐസൊലേഷൻ വാർഡുകളുടേയും സംസ്ഥാനതല ഉദ്ഘാടനവും ഫെബ്രുവരി 6ന് വൈകുന്നേരം 3.30ന് തിരുവനന്തപുരം ടാഗോർ തീയറ്ററിൽ വച്ച് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ചടങ്ങിൽ അധ്യക്ഷത വഹിക്കും. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ്, വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻ കുട്ടി എന്നിവർ മുഖ്യാതിഥികളാകും.


അപൂർവരോഗ ചികിത്സാ രംഗത്തെ കേരളത്തിന്റെ നിർണായക ചുവടുവയ്പ്പാണിതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. അപൂർവ രോഗങ്ങളുടെ ചികിത്സയ്ക്കായി ആദ്യമായി എസ്.എ.ടി. ആശുപത്രിയിൽ എസ്.എം.എ. ക്ലിനിക് ആരംഭിച്ചു. അതിന് പിന്നാലെ അപൂർവ രോഗങ്ങൾക്ക് വിലപിടിപ്പുള്ള മരുന്നുകൾ നൽകാനുള്ള പദ്ധതിയും ലൈസോസോമൽ സ്റ്റോറേജ് രോഗങ്ങൾക്ക് മരുന്ന് നൽകുന്ന പദ്ധതിയും നടപ്പിലാക്കി. രണ്ട് പദ്ധതികളിലുമായി 61 കുട്ടികൾക്ക് മരുന്ന് നൽകി. എസ്.എ.ടി. ആശുപത്രിയെ അപൂർവ രോഗങ്ങളുടെ സെന്റർ ഓഫ് എക്സലൻസായി തെരഞ്ഞെടുത്തിരുന്നു. ഈ പദ്ധതിയിലൂടെ ഒരു രോഗിക്ക് പരമാവധി 50 ലക്ഷം രൂപ വരെയുള്ള ചികിത്സയാണ് നൽകാൻ കഴിയുന്നത്. എന്നാൽ പല രോഗങ്ങളുടെയും നിലവിലെ ചികിത്സകൾക്ക് ഈ തുക മതിയാകില്ല എന്നതാണ് യാഥാർഥ്യം. ഇത് കൂടി മുന്നിൽ കണ്ടാണ് സർക്കാർ അപൂർവ രോഗങ്ങൾക്കുള്ള സമഗ്ര പരിചരണ പദ്ധതി നടപ്പിലാക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
Rate this item
(0 votes)

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.