സ്ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പ് ഡിസംബർ 12, 13 തീയതികളിലായി സംസ്ഥാന വ്യാപകമായി വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളോടനുബന്ധിച്ച് പ്രവർത്തിയ്ക്കുന്ന ഹോസ്റ്റലുകൾ, കാന്റീനുകൾ, മെസ്സുകൾ കേന്ദ്രീകരിച്ച് വ്യാപക പരിശോധനകൾ നടത്തിയതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. വിവിധ മേഖലകളിലെ കോച്ചിംഗ് സെന്ററുകളോടനുബന്ധിച്ച് പ്രവർത്തിയ്ക്കുന്ന ഹോസ്റ്റൽ, മെസ്സ് എന്നിവയും പരിശോധനയ്ക്ക് വിധേയമാക്കി. രണ്ട് ദിവസങ്ങളിലായി നടന്ന പരിശോധനയിൽ 995 ഹോസ്റ്റൽ, കാന്റീൻ, മെസ്സ് എന്നിവിടങ്ങളിൽ പരിശോധന നടത്തി. വളരെ വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിച്ചിരുന്ന 9 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവയ്പ്പിച്ചു. ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങളിൽ വീഴ്ച വരുത്തിയ 127 സ്ഥാപനങ്ങൾക്ക് ഭക്ഷ്യ സുരക്ഷാ ഗുണനിലവാര നിയമപ്രകാരം കോമ്പൗണ്ടിംഗ് നോട്ടീസും 267 സ്ഥാപനങ്ങൾക്ക് റെക്ടിഫിക്കേഷൻ നോട്ടീസും നൽകി. കൂടാതെ 10 സ്ഥാപനങ്ങൾക്ക് ഇംപ്രൂവ്മെന്റ് നോട്ടീസും നൽകിയതായും മന്ത്രി വ്യക്തമാക്കി.
വിവിധ വിദ്യാലയങ്ങളിൽ പഠിക്കുന്ന വിദ്യാർഥികളും അവരുടെ രക്ഷിതാക്കളും ഹോസ്റ്റലുകളിൽ നിന്നും മറ്റും ലഭിയ്ക്കുന്ന ഭക്ഷണത്തിന്റെ ഗുണനിലവാരത്തെ സംബന്ധിച്ച് ഭക്ഷ്യ സുരക്ഷാ വകുപ്പിന് തുടർച്ചയായി പരാതികൾ നൽകിയതിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന വ്യാപകമായി ഈ പരിശോധനകൾ നടത്തിയത്. 3 പേർ വീതം അടങ്ങുന്ന 96 സ്‌ക്വാഡുകളായിരുന്നു ഈ പരിശോധനകൾ നടത്തിയത്.
നിയമാനുസൃതം ലൈസൻസ് ഇല്ലാതെ പ്രവർത്തിച്ചിരുന്ന 179 സ്ഥാപനങ്ങൾ ഈ പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. ഈ സ്ഥാപനങ്ങൾക്കെതിരെ ഭക്ഷ്യ സുരക്ഷാ ഗുണനിലവാര നിയമം അനുശാസിക്കുന്ന നിയമ നടപടികൾ സ്വീകരിയ്ക്കുന്നതാണ്. ഭക്ഷ്യ സുരക്ഷാ ഗുണനിലവാര നിയമം പ്രതിപാദിയ്ക്കുന്ന എല്ലാ മാനദണ്ഡങ്ങളും ഹോസ്റ്റൽ, കാന്റീൻ, മെസ്സ് നടത്തുന്നവർ കൃത്യമായി പാലിക്കണം. ഈ കാര്യത്തിൽ വീഴ്ച വരുത്തുന്നവർക്കെതിരെ 2006ലെ ഭക്ഷ്യ സുരക്ഷാ ഗുണനിലവാര നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം കർശന നിയമ നടപടികൾ സ്വീകരിയ്ക്കും. പരിശോധനകൾ തുടരുമെന്നും മന്ത്രി വ്യക്തമാക്കി.