തിരുവനന്തപുരം: എസ് എ ടി ആശുപത്രി ഹെൽത്ത് എഡ്യൂക്കേഷൻ സൊസൈറ്റിയുടെ നേതൃത്വത്തിൽ സ്ഥാപിച്ച പുതിയ ഫാർമസിയും ലാബ് കളക്ഷൻ സെൻ്ററും വ്യാഴാഴ്ച പ്രവർത്തനമാരംഭിക്കും. നിലവിൽ പ്രവർത്തിച്ചു വരുന്ന ഇൻ ഹൗസ് ഡ്രഗ് ബാങ്കിനു പുറമേയാണ് ഗൈനക് ഒപിയ്ക്കു മുന്നിൽ പുതിയ ഫാർമസി പ്രവർത്തനമാരംഭിക്കുന്നത്. വൈകുന്നേരം മൂന്നിനു ഓമനാ മാത്യു ഹാളിൽ കോവിഡ് പ്രോട്ടോകോൾ പാലിച്ച് നടക്കുന്ന ചടങ്ങിൽ കടകംപള്ളി സുരേന്ദ്രൻ എം എൽ എ ഫാർമസിയുടെ ഉദ്ഘാടന കർമ്മം നിർവഹിക്കും. മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ സാറ വർഗീസ് അധ്യക്ഷയാകും. വാർഡ് കൗൺസിലർ ഡി ആർ അനിൽ, സൊസൈറ്റി എക്സിക്യുട്ടീവ് കമ്മറ്റിയംഗങ്ങളായ കെ വരദരാജൻ, എസ് എസ് രാജലാൽ, ബി ബിജു, എസ് എ ടി സൂപ്രണ്ട് ഇൻ ചാർജ് ഡോ സൂസൻ ഉതുപ്പ് എന്നിവർ പങ്കെടുക്കും.
ദിനംപ്രതി 50 ലക്ഷത്തോളം രൂപയുടെ കച്ചവടം നടക്കുന്ന ഇൻ ഹൗസ് ഡ്രഗ് ബാങ്കിനു പുറമേയാണ് ലാബ് കളക്ഷൻ സെൻ്ററോടുകൂടിയ പുതിയ ഫാർമസി തയ്യാറായിട്ടുള്ളത്. ഇൻ ഹൗസ് ഡ്രഗ് ബാങ്കിലേക്കു പോലെ തന്നെ മരുന്നുകൾക്കും വിവിധ രോഗ നിർണയ -ചികിത്സാ സാമഗ്രികളും കുറഞ്ഞ നിരക്കിൽ വില്പന നടത്താനാണ് സൊസൈറ്റി തീരുമാനിച്ചിരിക്കുന്നത്. പുതിയ ഫാർമസി പ്രവർത്തനമാരംഭിക്കുന്നതോടെ ഇൻ ഹൗസ് ഡ്രഗ് ബാങ്കിലെ തിരക്കൊഴിവാക്കാനും രോഗികൾക്ക് എത്രയും വേഗം മരുന്നു ലഭ്യമാക്കാനും കഴിയും. കഴിഞ്ഞ എൽ ഡി ഫ് സർക്കാരിൻ്റെ കാലത്ത് അനുവദിച്ച സ്ഥലത്ത് 60 ലക്ഷം രൂപ ചെലവഴിച്ചാണ് സൊസൈറ്റി പുതിയ ഫാർമസിയും ലാബ് കളക്ഷൻ സെൻ്ററും യാഥാർത്ഥ്യമാക്കിയത്.
ചിത്രം: വ്യാഴാഴ്ച പ്രവർത്തനം ആരംഭിക്കുന്ന പുതിയ ഫാർമസി