കോഴിക്കോട് ഉണ്ടായ നിപ വൈറസ് ബാധയെ പൂർണമായും അതിജീവിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോർജ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. കോഴിക്കോട് നിപ വ്യാപനം ഉണ്ടായ ശേഷം ഇൻകുബേഷന്റെ 42-ാമത്തെ ദിവസം 26ന് പൂർത്തിയാവുകയാണ്. ഈ വ്യാപനത്തിൽ ആകെ ആറ് പേർ പോസിറ്റീവായി. അതിൽ രണ്ട് പേരാണ് മരണമടഞ്ഞത്. നെഗറ്റീവായവർ ആശുപത്രി വിട്ട ശേഷമുള്ള ഐസൊലേഷൻ കാലാവധിയും പൂർത്തിയായിട്ടുണ്ട്. ആഗോളതലത്തിൽ തന്നെ 70 മുതൽ 90 ശതമാനം മരണനിരക്കുള്ള പകർച്ച വ്യാധിയാണ് നിപ. എന്നാൽ മരണനിരക്ക് 33.33 ശതമാനത്തിൽ നിർത്തുന്നതിന് കോഴിക്കോട് സാധിച്ചു. മാത്രമല്ല സമ്പർക്കപ്പട്ടികയിലുള്ളയാൾ തന്നെ പോസിറ്റീവ് ആയെന്ന് കണ്ടെത്താൻ സാധിച്ചത് ഇതുമായി ബന്ധപ്പെട്ടുള്ള പ്രവർത്തനങ്ങൾ വളരെ കൃത്യമായി നടന്നു എന്നതിന്റെ തെളിവായാണ് ആരോഗ്യ വകുപ്പ് കാണുന്നത്. 1186 സാമ്പിളുകൾ പരിശോധിച്ചു. 1288 പേരായിരുന്നു സമ്പർക്കപ്പട്ടികയിലുണ്ടായിരുന്നത്. അവരുടെ ഐസൊലേഷനും അതാത് ഘട്ടങ്ങളിൽ പൂർത്തിയായിരുന്നു. 53,708 വീടുകൾ സന്ദർശിച്ചു. 118 പേരെയാണ് കിടത്തി ചികിത്സിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ 107 പേർ ചികിത്സ തേടിയിരുന്നു.
മോണോക്ലോണൽ ആന്റിബോഡി തദ്ദേശിയമായി വികസിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാസ്ഡ് വൈറോളജി, രാജീവ്ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജി, പൂനൈ എൻ.ഐ.വി. എന്നീ സ്ഥാപനങ്ങളിലൂടെയാണ് മോണോക്ലോണൽ ആന്റിബോഡി വികസിപ്പിക്കാൻ തീരുമാനിച്ചിരിക്കുന്നത്. വയനാട് സെപ്റ്റംബറിൽ ശേഖരിച്ച വവ്വാലുകളുടെ സാമ്പിളുകളിൽ നിപ വൈറസ് സാന്നിധ്യം കണ്ടെത്തിയതായി ഐസിഎംആർ അറിയിച്ചിട്ടുണ്ട്. ആശങ്കപ്പെടേണ്ട സാഹചര്യമില്ല. പൊതു അവബോധത്തിന് വേണ്ടിയാണ് ഇക്കാര്യം പറയുന്നത്. വയനാട് വൺ ഹെൽത്തുമായി ബന്ധപ്പെട്ടുള്ള പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിന് നേരത്തെ തന്നെ തീരുമാനിച്ചിരുന്നു. 2022ൽ ഇതുസംബന്ധിച്ച് ഉത്തരവ് ഇറക്കിയിരുന്നു.
പരിശീലനവും അവബോധവുമാണ് പ്രധാനം. എൻസഫലൈറ്റിസ്, ഗുരുതര ശ്വാസകോശ രോഗം എന്നിവയുള്ളവർക്ക് നിപയല്ലെന്ന് ഉറപ്പിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. കോഴിക്കോട് പോലെ തന്നെ വയനാടും പ്രതിരോധ പ്രവർത്തനങ്ങൾ ശാസ്ത്രീയമായി തന്നെ കൊണ്ടുപോകും. രാജ്യത്ത് കാശ്മീർ മുതൽ കന്യാകുമാരി വരെ എവിടെയും നിപ സാധ്യത ഉണ്ടെന്നാണ് ലോകാരോഗ്യ സംഘടനയും ഐസിഎംആറും കണ്ടെത്തിയിട്ടുള്ളത്. കേരളത്തിൽ സംവിധാനങ്ങൾ ജാഗ്രതയോടെ പ്രവർത്തിക്കുന്നു. അതിന്റെ അടിസ്ഥാനത്തിലുള്ള പ്രവർത്തനങ്ങൾ നടത്തുന്നതായും മന്ത്രി വ്യക്തമാക്കി.