ആലപ്പുഴ സർക്കാർ മെഡിക്കൽ കോളജിലെ വിവിധ വികസന പ്രവർത്തനങ്ങൾക്കായി 13,83,35,639 രൂപയുടെ ഭരണാനുമതി നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. വിവിധ ആശുപത്രി ഉപകണങ്ങൾക്കും സാമഗ്രികൾക്കും മറ്റുമായാണ് തുക അനുവദിച്ചത്. ആലപ്പുഴ മെഡിക്കൽ കോളജിൽ നടന്നു വരുന്ന വിവിധ വികസന പ്രവർത്തനങ്ങൾക്ക് ഇതേറെ സഹായിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ന്യൂറോളജി വിഭാഗത്തിൽ 22 ലക്ഷം ചെലവഴിച്ച് റോബോട്ടിക് ട്രാൻസ്‌ക്രാനിയൽ ഡോപ്ലർ സജ്ജമാക്കും. തലച്ചോറിലെ രക്തയോട്ടം കണ്ടെത്തുന്നതിനുള്ള അത്യാധുനിക ഉപകരണമാണിത്. ഒഫ്ത്താൽമോളജി വിഭാഗത്തിൽ 1.20 കോടിയുടെ പോസ്റ്റീരിയർ സെഗ്മെന്റ് ഓപ്പറേറ്റിംഗ് മൈക്രോസ്‌കോപ്പ്, വിക്ട്രക്റ്റമി മെഷീൻ, എൻഡോ ലേസർ യൂണിറ്റ്, പോർട്ടബിൾ ഇഎംജി മെഷീൻ, ന്യൂറോ സർജറി വിഭാഗത്തിൽ ന്യൂറോ സർജറിയ്ക്കുള്ള ഹൈ സ്പീഡ് ഇലക്ട്രിക് ഡ്രിൽ, പത്തോളജി വിഭാഗത്തിൽ ആട്ടോമേറ്റഡ് ഐഎച്ച്സി സ്റ്റീനർ, ഇഎൻടി വിഭാഗത്തിൽ മൈക്രോമോട്ടോർ, ഓർത്തോപീഡിക്സ് വിഭാഗത്തിൽ സി ആം മൊബൈൽ ഇമേജ് ഇന്റൻസിഫയർ സിസ്റ്റം എന്നിവയ്ക്കായി തുകയനുവദിച്ചു. വിവിധ വിഭാഗങ്ങൾക്കായുള്ള കെമിക്കലുകൾ, ഗ്ലാസ് വെയർ, റീയേജന്റ്, ബ്ലഡ് കളക്ഷൻ ട്യൂബ് എന്നിവയ്ക്കും തുകയനുവദിച്ചു.
ഓർത്തോപീഡിക്സ് വിഭാഗത്തിൽ ടെലസ്‌കോപ്പ്, ജനറൽ മെഡിസിൻ വിഭാഗത്തിൽ 12 ചാനൽ പോർട്ടബിൽ ഇസിജി മെഷീൻ, മൾട്ടിപാര മോണിറ്ററുകൾ, എബിജി മെഷീൻ, അൾട്രാസോണോഗ്രാഫി വിത്ത് എക്കോ പ്രോബ്, ഡിഫിബ്രിലേറ്റർ, ലാരിഗ്‌നോസ്‌കോപ്പ്, സൈക്യാർട്രി വിഭാഗത്തിൽ ഇസിടി മെഷീൻ, ഇ.എൻ.ടി. വിഭാഗത്തിൽ റിജിഡ് നാസൽ എൻഡോസ്‌കോപ്പ്, റേഡിയോ ഡയഗ്‌നോസിസ് വിഭാഗത്തിൽ പോർട്ടബിൾ ബോൺ ഡെൻസിറ്റോമീറ്റർ, നെഫ്രോളജി വിഭാഗത്തിൽ കാർഡിയാക് ടേബിളുകൾ, സർജറി വിഭാഗത്തിൽ ഓപ്പൺ സർജിക്കൽ ഉപകരണങ്ങൾ, പീഡിയാട്രിക് വിഭാഗത്തിൽ നിയോനറ്റൽ വെന്റിലേറ്റർ, കാർഡിയോളജി വിഭാഗത്തിൽ ഇസിജി, 10 കിടക്കകളുള്ള സെൻട്രൽ സ്റ്റേഷൻ, ബയോമെഡിക്കൽ ഉപകരണങ്ങൾ, കൂടുതൽ ആശുപത്രി കിടക്കകൾ, ഐസിയു കിടക്കകൾ, ട്രോളികൾ, വീൽച്ചെയറുകൾ, എന്നിവ സജ്ജമാകുന്നതിനും തുകയനുവദിച്ചു.