May 05, 2024

Login to your account

Username *
Password *
Remember Me

ഓപ്പറേഷൻ ഫോസ്‌കോസ് ലൈസൻസ് ഡ്രൈവ്: രണ്ടാം ദിവസവും 4725 റെക്കോർഡ് പരിശോധന

*ലൈസൻസില്ലാത്ത 988 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവെപ്പിച്ചു

*രണ്ട് ദിവസം കൊണ്ട് 1917 സ്ഥാപനങ്ങൾക്കെതിരെ നടപടി


ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി നടന്ന ഓപ്പറേഷൻ ഫോസ്‌കോസ് (FOSCOS) ലൈസൻസ് ഡ്രൈവിന്റെ ഭാഗമായി രണ്ടാം ദിവസം മാത്രം 4725 റെക്കോർഡ് പരിശോധനകൾ നടത്തിയതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. ലൈസൻസ് ഇല്ലാതെ പ്രവർത്തിച്ച 988 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവയ്ക്കാൻ ഭക്ഷ്യ സുരക്ഷാ വകുപ്പ് നടപടികൾ സ്വീകരിച്ചു. ഇതോടെ രണ്ട് ദിവസം കൊണ്ട് 1917 സ്ഥാപനങ്ങൾക്കെതിരെയാണ് നടപടി സ്വീകരിച്ചത്. പരിശോധനയിൽ 667 സ്ഥാപനങ്ങൾ ലൈസൻസിന് പകരം രജിസ്‌ട്രേഷൻ എടുത്ത് പ്രവർത്തിക്കുന്നതായി കണ്ടതിനാൽ അവർക്ക് ലൈസൻസ് എടുക്കുന്നതിനു വേണ്ടി നോട്ടീസ് നൽകി. കൂടാതെ ലൈസൻസ് എടുത്ത് പ്രവർത്തിക്കുന്നതിന് 440 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. ഭക്ഷ്യ സുരക്ഷാ പരിശോധനകൾ തുടരുമെന്നും മന്ത്രി വ്യക്തമാക്കി.


ഭക്ഷ്യ സുരക്ഷാ കമ്മീഷണർ വി.ആർ. വിനോദ്, ജോ. കമ്മീഷണർ ജേക്കബ് തോമസ് എന്നിവർ പരിശോധനകൾക്ക് നേതൃത്വം നൽകി. തിരുവനന്തപുരം 698, ആലപ്പുഴ 400, കോട്ടയം 420, ഇടുക്കി 141, എറണാകുളം 345 , തൃശൂർ 558, പാലക്കാട് 342, മലപ്പുറം 535, കോഴിക്കോട് 593, വയനാട് 152, കണ്ണൂർ 371, കാസർഗോഡ് 170 എന്നിങ്ങനെയാണ് പരിശോധന നടത്തിയത്. 11 ജില്ലകളിലായി 103 സ്‌ക്വാഡുകളാണ് രണ്ടാം ദിവസം ലൈസൻസ് പരിശോധനയ്ക്ക് സജ്ജമാക്കിയത്. കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ആഗസ്റ്റ് മൂന്നിനും ഡ്രൈവ് തുടരുന്നതാണ്.


ലൈസൻസിനു പകരം രജിസ്ട്രേഷൻ മാത്രം എടുത്ത് പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് നേരെ നിയമനടപടികൾ സ്വീകരിച്ചു. ലൈസൻസിന് പകരം രജിസ്ട്രേഷൻ ഉപയോഗിക്കാൻ പാടുള്ളതല്ല. രജിസ്ട്രേഷൻ വളരെ ചെറിയ കച്ചവടക്കാർക്ക് മാത്രമായി പരിമിതപ്പെടുത്തിയ ഒന്നാണ്. വളരെ ചെറിയ ബിസിനസും ആ ബിസിനസിൽ നിന്നുള്ള വരുമാനം ഒരു വർഷത്തിൽ 12 ലക്ഷം രൂപയിൽ അധികം വരാതിരിക്കുന്ന സാഹചര്യത്തിൽ മാത്രമാണ് രജിസ്ട്രേഷൻ നേടി പ്രവർത്തിക്കാൻ സാധിക്കുക. മറ്റുള്ള എല്ലാ ഭക്ഷ്യ സംരംഭകരും തന്നെ ഭക്ഷ്യ സുരക്ഷാ ലൈസൻസ് നേടി പ്രവർത്തിക്കേണ്ടതാണ്. ഭക്ഷ്യസുരക്ഷ ലൈസൻസിന് വേണ്ടി നാമമാത്രമായ രേഖകൾ മാത്രമാണ് നൽകേണ്ടത്. ലൈസൻസ് ലഭിക്കുന്നതിന് വേണ്ടിയുള്ള നടപടിക്രമങ്ങൾ സുതാര്യമായതും എളുപ്പത്തിൽ നേടിയെടുക്കാവുന്നതുമാണ്. ആയാസരഹിതമായി ലൈസൻസിന് വേണ്ടി അപേക്ഷിക്കാനും എത്രയും പെട്ടെന്ന് ലൈസൻസ് നേടാനും സാധിക്കും. ഭക്ഷ്യസുരക്ഷാ ലൈസൻസിനായി സമർപ്പിക്കുന്ന അപേക്ഷകളിൽ വളരെ വേഗതയിൽ തീരുമാനമെടുക്കുന്നതിന് ഭക്ഷ്യസുരക്ഷാ വകുപ്പിലെ ഉദ്യോഗസ്ഥർക്ക് നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്.
Rate this item
(0 votes)

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.