May 06, 2024

Login to your account

Username *
Password *
Remember Me

പകർച്ചപ്പനികൾക്കെതിരെ ജില്ലാതലത്തിൽ നിരീക്ഷണം ശക്തിപ്പെടുത്തും: മന്ത്രി വീണാ ജോർജ്

*മെഡിക്കൽ കോളേജുകളിൽ പ്രത്യേക വാർഡും ഐസിയുവും


*മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നു


മഴക്കാലമായതിനാൽ പകർച്ചപ്പനികൾക്കെതിരെ ജില്ലാതലത്തിൽ നിരീക്ഷണം ശക്തിപ്പെടുത്തുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഡെങ്കിപ്പനി, എലിപ്പനി എന്നിവയ്ക്കെതിരെ അതീവ ജാഗ്രത പുലർത്തണം. ഫീൽഡ്തല ജാഗ്രതയും ശക്തമാക്കണം. എവിടെയെങ്കിലും പകർച്ചപ്പനി റിപ്പോർട്ട് ചെയ്താൽ ഉടനടി ജില്ലാതലത്തിൽ റിപ്പോർട്ട് ചെയ്യണം. ഏതെങ്കിലും തരത്തിലുള്ള ഔട്ട്ബ്രേക്ക് ഉണ്ടായാൽ ഉടൻതന്നെ നടപടികൾ സ്വീകരിക്കണം. ജില്ലാതല പ്രവർത്തനങ്ങൾ കൃത്യമായി സംസ്ഥാനതലത്തിൽ വിലയിരുത്തി മേൽനടപടി സ്വീകരിക്കണമെന്നും മന്ത്രി നിർദേശം നൽകി. സംസ്ഥാനത്തെ പകർച്ചപ്പനി സാഹചര്യം വിലയിരുത്താൽ കൂടിയ ഉന്നതതല യോഗത്തിലാണ് മന്ത്രി നിർദേശം നൽകിയത്.


ആശുപത്രികളിലെ സാഹചര്യം യോഗം വിലയിരുത്തി. പനി ക്ലിനിക്കുകൾ ഫലപ്രദമായി പ്രവർത്തിക്കുന്നു എന്ന് ഉറപ്പാക്കാൻ മന്ത്രി നിർദേശം നൽകി. മെഡിക്കൽ കോളേജുകളിൽ ആവശ്യകത മുന്നിൽ കണ്ട് പ്രത്യേക വാർഡും ഐസിയുവും സജ്ജമാക്കണം. ആശുപത്രികളിൽ മതിയായ ഡോക്ടർമാർ ഉൾപ്പെടെയുള്ള ജീവനക്കാർ ഉണ്ടായിരിക്കണം. മെഡിക്കൽ കോളേജുകൾ ഉൾപ്പെടെ എല്ലാ ആശുപത്രികളും മരുന്നിന്റേയും സുരക്ഷാ ഉപകരണങ്ങളുടേയും ടെസ്റ്റ് കിറ്റുകളുടേയും ലഭ്യത ഉറപ്പാക്കണം. ഡോക്സിസൈക്ലിൻ, ഒ.ആർ.എസ്. എന്നിവ അധികമായി കരുതണം. മരുന്ന് സ്റ്റോക്ക് ഇടയ്ക്കിടയ്ക്ക് വിലയിരുത്തി മുൻകൂട്ടി ബന്ധപ്പെട്ടവരെ അറിയിച്ച് മരുന്ന് ലഭ്യത ഉറപ്പാക്കണം.


വീടിന് പുറത്തെന്ന പോലെ അകത്ത് നിന്നും ഡെങ്കിപ്പനി പരത്തുന്നതായി യോഗം വിലയിരുത്തി. വീട്ടിനകത്തെ ചെടിച്ചട്ടികൾ, മണിപ്ലാന്റ്, ഫ്രിഡ്ജിന്റെ ട്രേ എന്നിവ കൊതുകുകൾ വളരുവാൻ കാരണമാകുന്നെന്ന് കണ്ടെത്തിയിട്ടുണ്ട്. അതിനാൽ ഓരോ വീട്ടുകാരും ശ്രദ്ധിക്കണം. കൊതുക് വളരുന്ന സാഹചര്യമുണ്ടാക്കുന്ന ഒരു തുള്ളി വെള്ളം പോലും വീട്ടിനകത്തും പുറത്തും കെട്ടി നിർത്താൻ അനുവദിക്കരുത്. തദ്ദേശ സ്ഥാപനങ്ങളുമായി സഹകരിച്ച് ഉറവിട നശീകരണമുൾപ്പെടെയുള്ള ആരോഗ്യ ജാഗ്രതാ പ്രവർത്തനങ്ങൾ പ്ലാൻ ചെയ്ത് നടപ്പിലാക്കണം. രോഗം പൊട്ടിപ്പുറപ്പെടുന്ന സ്ഥലങ്ങളിൽ എത്രയും വേഗം ഉറവിട നശീകരണം ഉറപ്പാക്കണം. ജലദൗർലഭ്യമുള്ള സ്ഥലങ്ങളിൽ പാത്രങ്ങളിൽ സൂക്ഷിക്കുന്ന വെള്ളം മൂടിവയ്ക്കണം. ചില ആക്രിക്കടകളും നിർമ്മാണ സ്ഥലങ്ങളും കൊതുകിന്റെ ഉറവിടമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. അതിനാൽ ആക്രി സാധനങ്ങൾ നനയാതെ സൂക്ഷിക്കണം. നിർമ്മാണ സ്ഥലങ്ങളിൽ വെള്ളം കെട്ടി നിൽക്കുന്ന സാഹചര്യമുണ്ടാകരുത്. ഇവയുടെ ഉടമകൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ആരോഗ്യ പ്രവർത്തകർ ഇത് നിരീക്ഷിച്ച് നടപടി സ്വീകരിക്കണം. ചെളിയിലോ വെള്ളത്തിലോ ഇറങ്ങുന്നവർ ആരോഗ്യ പ്രവർത്തകരുടെ നിർദേശ പ്രകാരം എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്സിസൈക്ലിൻ കഴിക്കേണ്ടതാണ്. അവബോധ പ്രവർത്തനങ്ങൾ ശക്തമാക്കാനും മന്ത്രി നിർദേശം നൽകി.


ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, എൻ.എച്ച്.എം. സ്റ്റേറ്റ് മിഷൻ ഡയറക്ടർ, ആരോഗ്യ വകുപ്പ് ഡയറക്ടർ, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ, ആരോഗ്യ വകുപ്പ് അഡീഷണൽ ഡയറക്ടർമാർ, ജില്ലാ മെഡിക്കൽ ഓഫീസർമാർ, ജില്ലാ പ്രോഗ്രാം മാനേജർമാർ, മെഡിക്കൽ കോളേജ് പ്രിൻസിപ്പൽമാർ, സൂപ്രണ്ടുമാർ, പ്രധാന ആശുപത്രികളിലെ സൂപ്രണ്ടുമാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
Rate this item
(0 votes)

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.