സംസ്ഥാനത്ത് നാളെ മുതൽ ഹെൽത്ത് കാർഡ് നിർബന്ധമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. ഭക്ഷ്യ സ്ഥാപനങ്ങളുടേയും സംഘടനകളുടേയും അഭ്യർത്ഥന മാനിച്ച് നിരവധി തവണ ഹെൽത്ത് കാർഡെടുക്കാൻ സാവകാശം നൽകിയിരുന്നു. കാരുണ്യ ഫാർമസികൾ വഴി കുറഞ്ഞ വിലയിൽ ടൈഫോയ്ഡ് വാക്സിൻ ലഭ്യമാക്കിയിട്ടുണ്ട്. നാളെ മുതൽ കർശനമായ പരിശോധന തുടരുന്നതാണ്. ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ തുടങ്ങി എല്ലാ ഭക്ഷ്യ സ്ഥാപനങ്ങളും ജീവനക്കാർക്ക് ഹെൽത്ത് കാർഡ് ഉറപ്പാക്കണമെന്നും മന്ത്രി അഭ്യർഥിച്ചു.
മന്ത്രി വീണാ ജോർജിന്റെ ഇടപെടലിനെ തുടർന്ന് പൊതുവിപണിയിൽ 350 രൂപ മുതൽ 2000 രൂപയ്ക്ക് മുകളിൽ വരെ വിലയുള്ള ടൈഫോയ്ഡ് വാക്സിൻ കാരുണ്യ ഫാർമസികൾ വഴി 95.52 രൂപയിലാണ് കെ.എം.എസ്.സി.എൽ. ലഭ്യമാക്കിയിട്ടുള്ളത്.
പൊതുജനങ്ങൾക്ക് ഭക്ഷ്യസുരക്ഷാ പരാതികൾ നേരിട്ടറിയിക്കാൻ സംസ്ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പ് ഗ്രിവൻസ് പോർട്ടൽ സജ്ജമാക്കിയിരുന്നു. പരാതിയിൽ എടുത്ത നടപടികളും ഇതിലൂടെ അറിയാൻ സാധിക്കും. പരാതി സംബന്ധിച്ച ഫോട്ടോയും വീഡിയോയും അപ് ലോഡ് ചെയ്യാനും സാധിക്കും. പോർട്ടൽ വഴി ഇതുവരെ 108 പരാതികളാണ് ലഭ്യമായത്. ഇതിൽ 30 പരാതികളിൽ നടപടിയെടുത്തു. അടുത്തിടെ കിട്ടിയ ബാക്കി പരാതികളിൽ നടപടികൾ സ്വീകരിച്ചു വരുന്നു. സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷ പരിശോധനകൾ ശക്തമായി നടന്നു വരുന്നു. വ്യാഴാഴ്ച മാത്രം 205 പരിശോധനകളാണ് സ്പെഷ്യൽ സ്‌ക്വാഡ് നടത്തിയത്. 21 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകിയിട്ടുണ്ട്.