ലോകവദനാരോഗ്യ വാരാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് വൈകിട്ട് 3 ന് കഴക്കൂട്ടം മാജിക് പ്ലാനറ്റ് ഡിഫറന്റ് ആർട്ട് സെന്ററിൽ ആരോഗ്യ മന്ത്രി വീണാ ജോർജ് നിർവഹിക്കും. മാജിക് പ്ലാനറ്റിലെ നാനൂറോളം കുട്ടികളുടെ ദന്ത പരിശോധന ക്യാമ്പും ബോധവൽക്കരണ ക്ലാസും സംഘടിപ്പിക്കും. ഇതോടൊപ്പം അവർക്കായുള്ള സമഗ്ര ദന്തചികിത്സ പ്രഖ്യാപിക്കും.
'നിങ്ങളുടെ വദനാരോഗ്യത്തിൽ അഭിമാനിക്കൂ' (Be Proud of Your Mouth) എന്നതാണ് ഈ വർഷത്തെ വാരാചരണ സന്ദേശം. ലോകമെമ്പാടുമുള്ള ഏകദേശം 3.5 ബില്യൺ ആളുകളെ ബാധിക്കുന്ന വദനരോഗങ്ങളെ തടയുന്നതിനും നിയന്ത്രിക്കുന്നതിനുമുള്ള അറിവും സാമഗ്രികളും ഉപയോഗിച്ച് ആളുകളെ ശാക്തീകരിക്കുകയും വദനാരോഗ്യ അവബോധം വളർത്തുകയും ചെയ്യുക എന്നതാണ് ഇതിന്റെ ഉദ്ദേശ്യം. ശരിയായ വദനശുചിത്വ രീതികൾ സ്വീകരിച്ചും അപകടസാധ്യതാ ഘടകങ്ങൾ കൈകാര്യം ചെയ്തും വദനാരോഗ്യം സംരക്ഷിക്കാൻ ഈ ദിനാചരണം ആളുകളെ പ്രോത്സാഹിപ്പിക്കുന്നു. വദനാരോഗ്യം സംരക്ഷിക്കുന്നത് മനസിനെയും ശരീരത്തെയും ആരോഗ്യകരമായി നിലനിർത്താനും അണുബാധകൾ പടരുന്നതിൽ നിന്ന് സംരക്ഷിക്കാനും സഹായിക്കും.
സംസ്ഥാനത്ത് ദന്തൽ കോളേജുകൾ കൂടാതെ ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റിന് കീഴിൽ 159 ഡെന്റൽ യൂണിറ്റുകളും ദേശീയ വദനാരോഗ്യ പരിപാടിക്കു കീഴിൽ 89 ഡെന്റൽ യൂണിറ്റുകളും ഉണ്ട്. അത്യാധുനികവും കമ്പ്യൂട്ടർ നിയന്ത്രിതവുമായ ഡെന്റൽ ഉപകരണങ്ങളുടെയും സാമഗ്രികളുടെയും സഹായത്തോടെ, വളരെ ചെലവേറിയതും ദൈർഘ്യമേറിയതും ആയ ശസ്ത്രക്രിയകൾ നടത്തി വരുന്നു. വാരാചരണത്തോടനുബന്ധിച്ച് സംസ്ഥാനമൊട്ടാകെ വിവിധ ദന്ത ബോധവൽക്കരണ പ്രവർത്തനങ്ങളും ക്ലാസുകളും നടത്തിവരുന്നു. സമൂഹത്തിലെ വിവിധ വിഭാഗങ്ങളിൽപ്പെട്ട കുഞ്ഞുങ്ങൾ, സ്ത്രീകൾ, സ്‌കൂൾ കുട്ടികൾ, വയോജനങ്ങൾ, അതിഥി തൊഴിലാളികൾ എന്നിവർക്ക് പ്രത്യേകം ക്യാമ്പുകൾ നടത്തിവരുന്നു.