*സ്നേഹവിരുന്നിൽ പങ്കെടുത്ത് മന്ത്രി വീണാ ജോർജ്
മാനസികാരോഗ്യ ചികിത്സയുമായി ബന്ധപ്പെട്ട സംവിധാനങ്ങൾക്ക് കാലോചിതമായ പരിഷ്‌ക്കാരം ആവശ്യമാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. സെല്ലുകൾ ഉൾപ്പെടെയുള്ളവ മാറ്റി ബിഹേവിയറൽ ഐസിയു ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ആവശ്യമാണ്. ആ രീതിയിൽ ഏതൊക്കെ സംവിധാനങ്ങളാണ്, ചികിത്സാ രീതികളാണ് ആവശ്യമാണെന്ന രീതിയിലുള്ള പഠനം നടത്തുമെന്നും മന്ത്രി വ്യക്തമാക്കി. തിരുവനന്തപുരം മാനസികാരോഗ്യ കേന്ദ്രത്തിലെ അന്തേവാസികൾക്കായി സംഘടിപ്പിച്ച സ്നേഹ വിരുന്നിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മന്ത്രി. തിരുവനന്തപുരം ജില്ലാ ഭരണകൂടം രൂപകല്പന ചെയ്തു നൽകിയ 'തളിര്' ലോഗോയുടെ പ്രകാശനവും മന്ത്രി നിർവഹിച്ചു.
ഏറ്റവും സ്നേഹവും പരിചരണവും ആവശ്യമായ ഒരു വിഭാഗമാണിവർ. ജീവിതത്തിലെ പലവിധ യാഥാർത്ഥ്യങ്ങളിലും പ്രതിസന്ധികളിലും പിടിച്ചുനിൽക്കാൻ കഴിയാത്തവരും തളർന്ന് പോയവരുമാണ് അധികവും. രോഗം ഭേദമായവരുടെ പുനരധിവാസം വളരെ പ്രധാനമാണ്. ഇതൊരു രോഗാവസ്ഥ മാത്രമാണെന്നും ചികിത്സിച്ച് ഭേദമാക്കാൻ കഴിയുന്നതാണെന്നുമുള്ള ബോധ്യം ഉണ്ടാകണം. മാനസികാരോഗ്യ രംഗത്ത് ഒട്ടേറെ പരിപാടികൾ നടപ്പിലാക്കി വരുന്നു. മാനസികാരോഗ്യ ചികിത്സയെ വികേന്ദ്രീകരിച്ച് തദ്ദേശ സ്ഥാപന തലത്തിലുള്ള ആരോഗ്യ കേന്ദ്രങ്ങളുമായി ബന്ധിപ്പിക്കും. തിരുവനന്തപുരം, കോഴിക്കോട്, തൃശൂർ എന്നിവിടങ്ങളിൽ കേന്ദ്ര നിയമമനുസരിച്ചുള്ള അതോറിറ്റികളുടെ പ്രവർത്തനം ഒരു മാസത്തിനുള്ളിൽ ആരംഭിക്കും. കുറച്ചേറെ വർഷമായി മുടങ്ങിക്കിടന്ന മാനസികാരോഗ്യ കേന്ദ്രത്തിലെ വികസന പദ്ധതി യാഥാർത്ഥ്യമാക്കാനുള്ള പരിശ്രമത്തിലാണ് സർക്കാരെന്നും മന്ത്രി വ്യക്തമാക്കി.
വി.കെ. പ്രശാന്ത് എംഎൽഎ. അധ്യക്ഷത വഹിച്ച ചടങ്ങിൽ ഹെൽത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി. ജമീല ശ്രീധരൻ, ജില്ലാ കളക്ടർ ജെറോമിക് ജോർജ്, ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ. കെ.ജെ. റീന, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ബിന്ദു മോഹൻ, മാനസികാരോഗ്യ കേന്ദ്രം സൂപ്രണ്ട് ഡോ. എൽ.ടി. സരിത കുമാരി, എച്ച്.ഡി.സി. മെമ്പർമാർ എന്നിവർ പങ്കെടുത്തു.