November 24, 2024

Login to your account

Username *
Password *
Remember Me

'വിവ കേരളം' സംസ്ഥാനതല ഉദ്ഘാടനം ഫെബ്രുവരി 18ന് മുഖ്യമന്ത്രി നിർവഹിക്കും

*മുഴുവൻ ആശാ പ്രവർത്തകർക്കും അനീമിയ പരിശോധന: മന്ത്രി വീണാ ജോർജ്


വിവ (വിളർച്ചയിൽ നിന്നും വളർച്ചയിലേക്ക്) കേരളം കാമ്പയിന്റെ ഭാഗമായി സംസ്ഥാനത്തെ മുഴുവൻ ആശാ പ്രവർത്തകർക്കും അനീമിയ നിർണയ പരിശോധന നടത്തുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. സംസ്ഥാനത്ത് 26,488 ആശാ പ്രവർത്തകരാണുള്ളത്. ആരോഗ്യ മേഖലയിലെ ഫീൽഡുതല പ്രവർത്തനങ്ങളിൽ മുൻപന്തിയിലുള്ളവരാണ് ആശാ പ്രവർത്തകർ. അതിനാൽ തന്നെ അവരുടെ ആരോഗ്യം ഉറപ്പ് വരുത്തേണ്ടത് അത്യാവശ്യമാണ്. ഹീമോഗ്ലോബിൻ പരിശോധന നടത്തി മറഞ്ഞിരിക്കുന്ന അനീമിയ കണ്ടെത്തി ആവശ്യമായവർക്ക് ചികിത്സ ഉറപ്പ് വരുത്തുന്നു. കാമ്പയിന്റെ ഭാഗമായി ആദ്യഘട്ടമായി ആശാ പ്രവർത്തകരുടെ ഹീമോഗ്ലോബിൻ സ്‌ക്രീനിംഗ് ആരംഭിച്ചു. ഘട്ടം ഘട്ടമായി വിവിധ മേഖലകളിലുള്ള സ്ത്രീകളെ പരിശോധന നടത്തി വിളർച്ചയിൽ നിന്നും മുക്തി നേടുകയാണ് ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി.


വിവ കേരളം കാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനം ഫെബ്രുവരി 18ന് വൈകുന്നേരം 4 മണിക്ക് കണ്ണൂർ തലശേരിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അധ്യക്ഷത വഹിക്കും.


15 മുതൽ 59 വയസുവരെയുള്ള പെൺകുട്ടികളിലും സ്ത്രീകളിലും അനീമിയ കണ്ടെത്തുകയും ആവശ്യമായവർക്ക് ചികിത്സ ഉറപ്പാക്കുകയും ചെയ്യുക എന്നതാണ് വിവ കേരളത്തിന്റെ ലക്ഷ്യം. രക്തപരിശോധനയിലൂടെ അനീമിയ തിരിച്ചറിയാൻ സാധിക്കും. രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവാണ് പരിശോധിക്കുന്നത്. സാധാരണയായി 12 മുതൽ 15 ഗ്രാം വരെ ഹീമോഗ്ലോബിനാണ് സ്ത്രീകളുടെ രക്തത്തിൽ കാണുക. പുരുഷന്മാരിൽ ഇത് 13 മുതൽ 17 വരെയും കുട്ടികളിൽ 11 മുതൽ 16 ഗ്രാം വരെയുമാണ്. ഗർഭിണികളിൽ കുറഞ്ഞത് 11 ഗ്രാം വരെയെങ്കിലും ഹീമോഗ്ലോബിൻ ഉണ്ടായിരിക്കണം. ഈ അളവുകളിൽ കുറവാണ് ഹീമോഗ്ലോബിനെങ്കിൽ അനീമിയ ആയി കണക്കാക്കാം. ആഹാര ക്രമീകരണത്തിലൂടെയും ചികിത്സയിലൂടെയും അനീമിയയിൽ നിന്നും മുക്തിനേടാം.
Rate this item
(0 votes)

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.