November 03, 2024

Login to your account

Username *
Password *
Remember Me

ആറ്റുകാൽ പൊങ്കാല: ഭക്ഷണശാലകൾക്ക് മാർഗനിർദേശവുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്

*ഭക്ഷ്യസംരംഭകർക്കും പാചകത്തൊഴിലാളികൾക്കും ട്രെയിനിംഗ് ഫെബ്രുവരി 24ന്


ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് പൂർണ ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്താൻ കർശന നിർദേശങ്ങളുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്. നിലവിലുള്ളതും താത്കാലികമായി തുടങ്ങുന്നതുമായ ഭക്ഷണശാലകൾ ഭക്ഷ്യസുരക്ഷ മാനദണ്ഡങ്ങൾ പാലിച്ചുമാത്രമേ പ്രവർത്തിക്കാൻ പാടുള്ളുവെന്ന് ഭക്ഷ്യസുരക്ഷ അസിസ്റ്റന്റ് കമ്മീഷർ നിർദേശിച്ചു. ഭക്ഷ്യസുരക്ഷ ലൈസൻസ് / രജിസ്ട്രേഷൻ എല്ലാ ഭക്ഷണസ്ഥാപനങ്ങളും പ്രദർശിപ്പിക്കണം. ജീവനക്കാരുടെ മെഡിക്കൽ ഫിറ്റ്‌നെസ് സർട്ടിഫിക്കറ്റ് സ്ഥാപനങ്ങളിൽ സൂക്ഷിക്കണമെന്നും ആയത് പരിശോധനവേളയിൽ ഹാജരാക്കണമെന്നും നിർദേശമുണ്ട്.


ഭക്ഷ്യസംരംഭകർക്കും പാചകത്തൊഴിലാളികൾക്കുമായി ഭക്ഷ്യസുരക്ഷാ വകുപ്പ് ഫെബ്രുവരി 24ന് നടത്തുന്ന പരിശീലനപരിപാടിയിൽ ഭക്ഷ്യസംരംഭകർ നിർബന്ധമായും പങ്കെടുക്കണമെന്നാണ് നിർദേശം. ഇതിനായി സംരംഭകന്റെ പേര്, ഫോൺനമ്പർ, ഭക്ഷ്യസുരക്ഷാ രജിസ്ട്രേഷൻ നമ്പർ, ആധാർ നമ്പർ എന്നിവ fsonemomcircle@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ നൽകി രജിസ്റ്റർ ചെയ്യണം. ഉത്സവത്തോടനുബന്ധിച്ച് അന്നദാനം, ലഘുഭക്ഷണം, ശീതളപാനീയവിതരണം, ദാഹജലവിതരണം എന്നിവ നടത്തുന്ന സ്ഥാപനങ്ങളും സംഘടനകളും വ്യക്തികളും ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ രജിസ്ട്രേഷൻ, അക്ഷയകേന്ദ്രങ്ങൾ വഴി മുൻകൂട്ടി എടുക്കണം. നിശ്ചിത ഫീസ് ഇതിനായി ഈടാക്കും.


ഹോട്ടൽ / റസ്റ്ററന്റ് ഉടമകൾ ഭക്ഷണം തയാറാക്കുന്നതിനായി അസംസ്‌കൃത വസ്തുക്കൾ വാങ്ങുന്നവരുടെ രജിസ്റ്റർ സൂക്ഷിക്കേണ്ടതും അസംസ്‌കൃത വസ്തുക്കൾ വിതരണം ചെയ്യുന്ന ഫുഡ് ബിസിനസ് ഓപ്പറേറ്റർമാർക്ക് ഭക്ഷ്യസുരക്ഷ ലൈസൻസ് / രജിസ്‌ട്രേഷൻ ഉണ്ടെന്ന് ഉറപ്പുവരുത്തേണ്ടതുമാണ്. ഭക്ഷണം തയാറാക്കുന്ന സ്ഥലവും പരിസരവും വൃത്തിയുള്ളതായിരിക്കണം. തൊഴിലാളികൾ വ്യക്തിശുചിത്വം പാലിക്കണം. അടുക്കളഭാഗത്തുള്ള ഓടകളിലോ തറയിലോ വെള്ളം കെട്ടി നിൽക്കരുത്. ഖരമാലിന്യങ്ങൽ അടപ്പോടുകൂടിയ പാത്രങ്ങളിൽ സൂക്ഷിക്കണം.


പാഴ്‌സൽ നൽകുവാൻ, ഫുഡ് ഗ്രേഡ് പാക്കിംഗ് വസ്തുക്കൾ മാത്രമേ ഉപയോഗിക്കാൻ പാടുള്ളു. പാഴ്‌സൽ പൊതികളിൽ ഭക്ഷണം തയാറാക്കിയ സമയം, ഉപയോഗിക്കാൻ കഴിയുന്ന തിയതി, സമയ പരിധി എന്നിവ രേഖപ്പെടുത്തണം. നിശ്ചിത ഗുണനിലവാരമുള്ളതും കൃത്യമായ ലേബൽ രേഖപ്പെടുത്തിയതുമായ ഭക്ഷ്യവസ്തുക്കൾ പൊങ്കാല നിവേദ്യത്തിനായി ഉപയോഗിക്കണം. കൃത്യമായ വിവരങ്ങൾ ഇല്ലാത്ത പായ്ക്കറ്റ് ഭക്ഷ്യവസ്തുക്കൾ, മിഠായികൾ, പഞ്ഞി മിഠായികൾ എന്നിവ വിൽക്കാൻ പാടില്ല. ഭക്ഷ്യവസ്തുക്കൾ തുറന്ന് വെച്ച് വിൽക്കരുത്.


അന്നദാനം ചെയ്യുന്നവർ, പാചകത്തിന് ഉപയോഗിക്കുന്നത് ശുദ്ധജലവും വൃത്തിയുള്ള പാത്രങ്ങളുമാണെന്ന് ഉറപ്പുവരുത്തണം. പാചകം ചെയ്യുന്നയാൾക്ക് സാംക്രമിക രോഗങ്ങളില്ലെന്നും പാചകത്തിനുപയോഗിക്കുന്ന അസംസ്‌കൃത വസ്തുക്കൾ ഗുണനിലവാരമുള്ളതാണെന്നും ഉറപ്പുവരുത്തണം.


ശീതളപാനീയങ്ങളിൽ ശുദ്ധജലം ഉപയോഗിച്ച് നിർമിച്ച ഐസ് വേണം ഉപയോഗിക്കാൻ. ഫ്രീസർ, ഐസ് ബോക്‌സ്, വൃത്തിയുള്ള പാത്രങ്ങൾ എന്നിവയിൽ മാത്രമേ ഐസ് സൂക്ഷിക്കാൻ പാടുള്ളൂ. പാകം ചെയ്ത ഭക്ഷണസാധനങ്ങൾ നിശ്ചിത ഊഷ്മാവിൽ സൂക്ഷിക്കേണ്ടതും വൃത്തിയുള്ള ചുറ്റുപാടിൽ മാത്രം വിതരണം ചെയ്യേണ്ടതുമാണ്. ഹോട്ടലുകളിൽ , ഭക്ഷ്യസുരക്ഷാ കമ്മീഷണറേറ്റിലേക്കുള്ള 1800 425 1125 എന്ന ടോൾഫ്രീ നമ്പർ പ്രദർശിപ്പിക്കണം. ഭക്ഷണവുമായി ബന്ധപ്പെട്ട് ഭക്തജനങ്ങൾക്കുണ്ടാകുന്ന പരാതികൾ ഈ നമ്പറിൽ വിളിച്ച് അറിയിക്കാവുന്നതാണെന്നും ഭക്ഷ്യസുരക്ഷ അസിസ്റ്റന്റ് കമ്മീഷർ അറിയിച്ചു.
Rate this item
(0 votes)

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.