കാസർഗോഡ് പെൺകുട്ടി ഭക്ഷ്യ വിഷബാധയേറ്റ് മരണമടഞ്ഞു എന്ന വാർത്തയെ തുടർന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അന്വേഷണത്തിന് ഉത്തരവിട്ടു. ഇത് സംബന്ധിച്ച് അടിയന്തരമായി അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ഭക്ഷ്യ സുരക്ഷാ കമ്മീഷണർക്ക് നിർദേശം നൽകി.
പ്രാഥമിക അന്വേഷണം നടക്കുകയാണ്. ഫുഡ് സാമ്പിളുകൾ ശേഖരിക്കും. അന്വേഷണ റിപ്പോർട്ട് ഉച്ചയോടെ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഹോട്ടൽ ഭക്ഷ്യ സുരക്ഷാ നിയമങ്ങൾ പാലിച്ചിരുന്നോ എന്ന് പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ന് രാവിലെയാണ് ഭക്ഷ്യ വിഷബാധയേറ്റ് സംസ്ഥാനത്ത് വീണ്ടും മരണം സംഭവിച്ചുവെന്ന വാർത്ത പുറത്ത് വരുന്നത്. കാസർഗോഡ് തലക്ലായിലെ അഞ്ജുശ്രീ പാർവതിയാണ് മരിച്ചത്.
സംസ്ഥാനത്ത് മുഴുവൻ പരിശോധനാ അധികാരമുള്ള സ്പെഷ്യൽ ടാസ്ക്ക് ഫോഴ്സ് രണ്ടുദിവസത്തിനകം രൂപീകരിക്കും. കാസർഗോഡ് മരണപ്പെട്ട കുട്ടി എവിടെ നിന്നാണ് ഭക്ഷണം കഴിച്ചത്, എന്നാണ് ഭക്ഷണം കഴിച്ചത്, ചികിത്സ തേടിയതിന്റെ വിവരങ്ങൾ തുടങ്ങിയവ ശേഖരിക്കാൻ നിർദ്ദേശം നൽകി. ഭക്ഷ്യസുരക്ഷാ കമ്മീഷണറുടെ റിപ്പോർട്ട് കിട്ടിയാൽ ഉടൻ നടപടിയെടുക്കും. ഭക്ഷണത്തിൽ മായം കലർത്തിയ ശേഷം സ്ഥാപനം പൂട്ടിയാൽ വീണ്ടും തുറക്കൽ എളുപ്പമാകില്ലെന്നും മന്ത്രി വ്യക്തമാക്കി.