April 25, 2024

Login to your account

Username *
Password *
Remember Me

ഭക്ഷ്യ സുരക്ഷാ പരിശോധനയ്ക്ക് സംസ്ഥാന തലത്തിൽ പ്രത്യേക ടാസ്‌ക് ഫോഴ്സ്: മന്ത്രി വീണാ ജോർജ്

*ലൈസൻസ് ഇല്ലാത്ത സ്ഥാപനങ്ങൾ പ്രവർത്തിക്കാൻ അനുവദിക്കില്ല


*കഴിഞ്ഞ 6 മാസം നടത്തിയത് മൂന്ന് വർഷങ്ങളിലേക്കാൾ ഇരട്ടിയിലധികം പരിശോധന


സംസ്ഥാന തലത്തിൽ മിന്നൽ ഭക്ഷ്യസുരക്ഷാ പരിശോധനകൾക്കായി പ്രത്യേക സ്റ്റേറ്റ് ടാസ്‌ക് ഫോഴ്സ് രൂപീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. സംസ്ഥാനത്തെ ഏത് ഭാഗത്തും ടാസ്‌ക് ഫോഴ്സിന് പരിശോധന നടത്താനാകും. അതത് പ്രദേശത്തെ ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥരും ഈ ടീമിന്റെ ഭാഗമാകുമെന്നും മന്ത്രി പറഞ്ഞു. ഫുഡ് സേഫ്റ്റി എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.


ഫുഡ് സേഫ്റ്റി ഓഫീസർമാർ മുതൽ കമ്മീഷണർ വരെയുള്ള ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു. കോവിഡിന് ശേഷം ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നടപടികൾ ശക്തമാക്കിയതായി യോഗം വിലയിരുത്തി. മുൻ വർഷങ്ങളെ അപേക്ഷിച്ച് കഴിഞ്ഞ ഒരു വർഷമായി ഭക്ഷ്യ സുരക്ഷാ വകുപ്പ് വലിയ പ്രവർത്തനങ്ങളാണ് നടത്തിയത്. 2019ൽ 18,845 പരിശോധനകളും 2020ൽ 23,892 പരിശോധനകളും 2021ൽ 21,225 പരിശോധനകളുമാണ് ജൂലൈ മുതൽ ഡിസംബർ വരേയുള്ള കാലയളവിൽ നടത്തിയത്. എന്നാൽ കഴിഞ്ഞ ആറ് മാസത്തിനകം അര ലക്ഷത്തോളം പരിശോധനകളാണ് നടന്നത്. 2019ൽ 45 കടകളും 2020ൽ 39 കടകളും 2021ൽ 61 കടകളും അടപ്പിച്ചപ്പോൾ കഴിഞ്ഞ ആറുമാസത്തിനുള്ളിൽ 149 സ്ഥാപനങ്ങൾ അടപ്പിച്ചു.


സംസ്ഥാനത്ത് ലൈസൻസില്ലാത്ത സ്ഥാപനങ്ങൾ പ്രവർത്തിക്കാൻ അനുവദിക്കില്ല. ലൈസൻസ് റദ്ദാക്കപ്പെട്ടാൽ അത് കമ്മീഷണർ കണ്ട് മാത്രമേ പുന:സ്ഥാപിക്കുന്നതിന് അനുമതി നൽകാൻ പാടുള്ളൂ. കൃത്യമായ ഇടവേളകളിൽ പരിശോധനകൾ നടത്തണം. രാത്രികാലങ്ങളിൽ ചെക്ക് പോസ്റ്റുകൾ, തട്ടുകടകൾ എന്നിവ കേന്ദ്രീകരിച്ച് കൃത്യമായി പരിശോധനകൾ നടത്തണം.


എൻഫോഴ്സ്മെന്റ് അവലോകനങ്ങൾ രണ്ടാഴ്ചയിലൊരിക്കൽ നടത്തണം. സംസ്ഥാന തലത്തിൽ മാസത്തിലൊരിക്കൽ വിലയിരുത്തൽ നടത്തുകയും തുടർ നടപടികൾ സ്വീകരിക്കുകയും വേണം. ഓൺലൈൻ സംവിധാനം ശക്തമാക്കും. ഇനിമേൽ പരിശോധന നടത്തുന്ന സ്ഥാപനങ്ങൾ കൃത്യമായി ഓൺ ലൈൻ മുഖേന ഫുഡ് സേഫ്റ്റി ഉദ്യോഗസ്ഥർ അപ് ലോഡ് ചെയ്യേണ്ടതാണ്. ഇത് സംസ്ഥാന തലത്തിൽ വിലയിരുത്തണം. ഹോട്ടലുകളുടെ ഹൈജീൻ റേറ്റിംഗ് സംവിധാനവും, പൊതുജനങ്ങൾക്ക് വിവരങ്ങൾ അറിയിക്കാനുള്ള പോർട്ടലും ഉടൻ തന്നെ സജ്ജമാക്കുന്നതാണ്.


ഒന്നിച്ച് കൂടുതൽ ശക്തമായി മുന്നോട്ട് പോകണം. പരിശോധനകളും പ്രോസിക്യൂഷൻ നടപടികളും ഭയരഹിതമായി നടത്തണം. പരിശോധനകൾ കൂടുതൽ സ്ഥാപനങ്ങളിലേക്ക് വ്യാപിപ്പിക്കണം. ശരിയായ രീതിയിൽ ജോലി ചെയ്യുന്ന എല്ലാ ജിവനക്കാർക്കും സർക്കാരിന്റെ പരിരക്ഷയുണ്ടാകും. പരാതി ലഭിക്കുമ്പോൾ കൃത്യമായ നടപടി സ്വീകരിക്കണം. നിയമം ദുരുപയോഗം ചെയ്യരുത്. മുൻകൂട്ടിയറിയിക്കാതെ പരിശോധനകൾ ഉറപ്പാക്കണം. പോലീസ് സംരക്ഷണം ആവശ്യമെങ്കിൽ തേടണം.
Rate this item
(0 votes)

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.