തിരുവനന്തപുരം: ജനറൽ ആശുപത്രിയിലെ വനിതാ ഡോക്ടറെ ഡ്യൂട്ടിക്കിടെ ആക്രമിച്ച് പരിക്കേൽപ്പിച്ച സംഭത്തിൽ സർക്കാർ ഡോക്ടർമാരുടെ സംഘടനയായി കെജിഎംഒ ജില്ലാ ഘകടത്തിന്റേയും, ഐഎംഎ ജില്ലാ കമ്മിറ്റിയുടേയും സംയുക്ത നേതൃത്വത്തിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു.
കെജിഎംഒഎ സംസ്ഥാന പ്രസിഡന്റ് ഡോ ജി.എസ്. വിജയകൃഷ്ണൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഐഎംഎ കേരള നിയുക്ത സംസ്ഥാന പ്രസിഡന്റ് ഡോ സുൽഫി നൂഹ് ധർണ്ണ ഉദ്ഘാടനം ചെയ്തു. ഇത്തരത്തിലുള്ള ആക്രമണങ്ങൾ ആശുപത്രിയിൽ ചികിത്സ തേടി എത്തുന്ന പാവപെട്ട രോഗികളെ ബുദ്ധിമുട്ടിലാക്കുമെന്നും. ആശുപത്രി ആക്രമണങ്ങളുടെ അടിസ്ഥാന കാരണങ്ങളായ സുരക്ഷാസംവിധാനങ്ങളുടെ അഭാവവും, സുരക്ഷാ ജീവനക്കാരുടെ കുറവും, നിയന്ത്രണാതീതമായ തിരക്കും പരിഹരിക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും ഡോ. സുൾഫി നൂഹ് ആവശ്യപ്പെട്ടു. അതീവ ഗുരുതരാവസ്ഥയിലുള്ള രോഗികളെ അടക്കം ചികിത്സിക്കുന്ന ആശുപത്രികളിൽ ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്ന സാമൂഹ്യവിരുദ്ധർ രോഗികളുടെ ജീവൻ വെച്ചാണ് പന്താടുന്നതെന്നും ഇത്തരം ദുഷ് പ്രവണതകളെ സമൂഹം ഒറ്റക്കെട്ടായി ചെറുക്കണെന്നും ഡോ. സുൾഫി പറഞ്ഞു.
ഐഎംഎ മുൻ സംസ്ഥാന പ്രസിഡന്റ് ഡോ ശ്രീജിത്ത് എൻകുമാർ, സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ മോഹനൻ നായർ, ജില്ലാ കമ്മിറ്റി ചെയർമാൻ ഡോ പ്രശാന്ത് സി വി, കെജിഎംഒഎ മുൻ ജില്ലാ പ്രസിഡന്റ് ഡോ സന്തോഷ് ബാബു, കെജിഎംസിടിഎ നേതാക്കളായ ഡോ ബിനോയ് എസ്, ഡോ ആർ സി ശ്രീകുമാർ, ഐഎംഎ ബ്രാഞ്ച് നേതാക്കളായ ഡോ രാമകൃഷ്ണ ബാബു, ഡോ മോഹൻ റോയി, ഡോ സതീശൻ തുടങ്ങിയവർ സംസാരിച്ചു. കെജിഎംഒഎ പ്രസിഡന്റ് ഡോ അരുൺ എ ജോൺ സ്വാഗതം സെക്രട്ടറി ഡോ പത്മപ്രസാദ് നന്ദി പറഞ്ഞു.