തിരുവനന്തപുരം: ലോക ഹൃദയദിനത്തോട് അനുബന്ധിച്ച് അഞ്ഞൂറിലധികം കുട്ടികളെ ഹൃദയാകൃതിയിൽ അണിനിരത്തി കിംസ്ഹെൽത്ത്. ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിലാണ് തലസ്ഥാനത്തെ വിവിധ സ്കൂൾ, കോളേജുകളിൽ നിന്നുള്ള കുട്ടികൾ ഹൃദയമായി അണിനിരന്നത്. ‘ഒരു ഹൃദയം’ എന്ന ആശയത്തിൽ കിംസ്ഹെൽത്ത് സംഘടിപ്പിച്ച പരിപാടി ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി അഡ്വ. ജി.ആർ അനിൽ ഉദ്ഘാടനം ചെയ്തു. രാവിലെ ഏഴിന് കവടിയാറിൽ നിന്നും ഹൃദയാരോഗ്യ സംരക്ഷണത്തിന്റെ ആവശ്യകത വിളിച്ചോതി നൂറിലധികം കുട്ടികളാണ് റോളർ സ്കേറ്റിംഗ് ചെയ്ത് സ്റ്റേഡിയത്തിലേക്ക് എത്തിയത്. ഇതോടൊപ്പം കിംസ് കോളേജ് ഓഫ് നേഴ്സിങ്ങിലെ വിദ്യാർത്ഥികൾ ഹൃദയ സംരക്ഷണത്തെക്കുറിച്ച് ബോധവത്ക്കരണ സ്കിറ്റും നൂറിലധികം കുട്ടികൾ അണിനിരന്ന ഫ്ലാഷ് മോബും നടന്നു.
രോഗം വരാത്ത സാഹചര്യത്തിലേക്ക് സമൂഹത്തെയും വ്യക്തികളെയും നയിക്കുന്നതിന് വേണ്ടിയാണ് നമ്മുടെ ആരോഗ്യപ്രവർത്തകർ പരിശ്രമിച്ചുകൊണ്ടിരിക്കുന്നതെന്ന് പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി അഡ്വ. ജി.ആർ അനിൽ പറഞ്ഞു. ഹൃദ്രോഗത്തിന് ചികിത്സയുള്ളപ്പോൾ തന്നെ ജീവിത ശൈലിയിലും ഭക്ഷണ രീതിയിലുമെല്ലാം കേരളത്തിൽ മാറ്റമുണ്ടാകേണ്ടതുണ്ട്. ഹൃദ്രോഗം ഏറ്റവും കൂടുതൽ ശ്രദ്ധിക്കേണ്ട ഒന്നാണെന്നും ഹൃദയ സംബന്ധമായ രോഗങ്ങൾ വരുന്നത് ജീവൻ തിരിച്ചുകിട്ടാൻ തന്നെ പ്രയാസമുള്ള സാഹചര്യമാണ് സൃഷ്ടിക്കുകയെന്നും പറഞ്ഞ അദ്ദേഹം കിംസ്ഹെൽത്തിന്റെ ഇത്തരം ബോധവത്ക്കരണ പരിപാടികൾ പ്രശംസനീയമാണെന്നും കൂട്ടിച്ചേർത്തു. രോഗത്തിലേക്ക് എത്തിയാൽ അതിന് വിദഗ്ധ ചികിത്സ ലഭിക്കുന്ന ആശുപത്രിയെ തേടുകയാണ് ഏതൊരാളുടെയും മനസിലെ ആദ്യ ചിന്ത. ആ പ്രവർത്തനം നന്നായി നിർവഹിക്കുന്ന ആശുപത്രിയെന്ന നിലയിൽ കിംസ്ഹെൽത്തിന് സമൂഹത്തിൽ ഏറെ അംഗീകരവും വിശ്വാസ്യതയുമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
“മുൻപ് പ്രായമായ ആളുകളെ അവരുടെ മക്കളാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയിരുന്നതെങ്കിൽ ഇന്ന് യുവാക്കളിലും ഹൃദ്രോഗം ധാരാളമായി കണ്ടുവരുന്നുണ്ട്. രോഗം വരാതിരിക്കാനാണ് ശ്രദ്ധിക്കേണ്ടത്. അത് തടയാൻ യുവാക്കൾക്കും കുട്ടികൾക്കും മാത്രമേ സാധിക്കൂ. അതുകൊണ്ടാണ് ഈ രാജ്യത്തിന്റെ തന്നെ ഹൃദയവും നിങ്ങളുടെ ഹൃദയത്തിന്റെ ആരോഗ്യവും കുട്ടികളെ ഏൽപ്പിക്കാനും ഈ സംരംഭം വിദ്യാർത്ഥികളിൽ നിന്ന് തന്നെ തുടങ്ങാനും തീരുമാനിച്ചത്. ഹൃദ്രോഗം തടയാൻ രക്തസമ്മർദ്ദം, ഡയറ്റ് എന്നിവ ഉൾപ്പടെ പലകാര്യങ്ങൾ നിയന്ത്രിക്കേണ്ടതുണ്ട്. അതിനുള്ള അവസരം സൃഷ്ടിക്കാനാണ് കിംസ്ഹെൽത്ത് ഇന്ന് ഇങ്ങനെ ഒരു പരിപാടി സംഘടിപ്പിച്ചത്.” കിംസ്ഹെൽത്ത് ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ ഡോ. എം.ഐ സഹദുള്ള പറഞ്ഞു.
കിംസ്ഹെൽത്ത് എക്സിക്യൂട്ടീവ് ഡയറക്ടർ ഇ.എം നജീബ്, കാർഡിയാക് സർജറി വിഭാഗം മേധാവി ഡോ. ഷാജി പാലങ്ങാടൻ, കാർഡിയോളജി വിഭാഗം കൺസൾട്ടന്റ് ഡോ. പ്രവീൺ എസ്.വി, ഡോ ജോസഫ് തോമസ്, സിഇഒ - ജെറി ഫിലിപ്പ്, ഡെപ്യൂട്ടി ജനറൽ മാനേജർ ശരവണൻ അയ്യർ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.