തിരുവനന്തപുരം: തുടര്‍ച്ചയായുണ്ടാകുന്ന തെരുവുനായ ആക്രമണസംഭവങ്ങള്‍ക്കിടെ പേവിഷബാധയ്ക്കെതിരെ പ്രതിരോധ സന്ദേശവുമായി മെഡിക്കല്‍ കോളേജ് ഗവ നേഴ്സിംഗ് കോളേജ് വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച ബോധവത്കരണ പരിപാടി ശ്രദ്ധേയമായി. നേഴ്സിംഗ് കോളേജിലെ നാലാംവര്‍ഷ വിദ്യാര്‍ത്ഥികളാണ് പേവിഷ പ്രതിരോധ ദിനാചരണ (ലോക റാബീസ് ദിനം)ത്തോടനുബന്ധിച്ച് മെഡിക്കല്‍ കോളേജ് ഒപി ബ്ലോക്കില്‍ ഫ്ളാഷ് മോബ്, ലഘുനാടകം, ബോധവത്കരണക്ലാസ് തുടങ്ങിയ വിവിധ പരിപാടികളോടെ കാണികളുടെ ശ്രദ്ധയാകര്‍ഷിച്ചത്.
പേവിഷബാധയ്ക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്ന സന്ദേശമുയര്‍ത്തി ബുധനാഴ്ച രാവിലെ ഒന്‍പതിന് നടത്തിയ 15 മിനിട്ട് പരിപാടി കാണാന്‍ ആശുപത്രിയില്‍ ചികിത്സയ്ക്കെത്തിയ രോഗികളും കൂട്ടിരിപ്പുകാരും ജീവനക്കാരും എത്തിയിരുന്നു. നായ്ക്കളുടെ കടിയേറ്റാല്‍ സോപ്പും വെള്ളവുമുപയോഗിച്ച് കഴുകേണ്ട പ്രാഥമികചികിത്സ മുതല്‍ വിവരിക്കുന്ന ലഘുനാടകത്തില്‍ നായ്ക്കളെ പ്രകോപിപ്പിക്കാതിരിക്കുക, നായയുടെ കടിയേറ്റാല്‍ അനാവശ്യമായി ഭയപ്പെടാതിരിക്കുക തുടങ്ങിയ സന്ദേശങ്ങളും നല്‍കുന്നുണ്ട്.
നേഴ്സിംഗ് കോളേജ് അസിസ്റ്റന്‍റ് പ്രൊഫസര്‍ ഡോ എം ആര്‍ ആതിരാ റാണി, ജൂനിയര്‍ ലക്ചറര്‍ നിതിന്‍രാജ്, വിദ്യാര്‍ത്ഥികളായ ജി ജോമോള്‍, യു ശില്‍പ്പാജ്യോതിഷ് എന്നിവര്‍ പരിപാടിയ്ക്ക് നേതൃത്വം നല്‍കി.