April 20, 2024

Login to your account

Username *
Password *
Remember Me

മങ്കിപോക്‌സ് രോഗനിര്‍ണയം സംസ്ഥാനത്ത് ലഭ്യമാക്കും: മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: മങ്കിപോക്‌സ് രോഗ നിര്‍ണയത്തിനുള്ള സംവിധാനം സംസ്ഥാനത്തെ ലാബുകളില്‍ ലഭ്യമാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കോവിഡ് ആര്‍ടിപിസിആര്‍ പരിശോധന നടത്താന്‍ കഴിയുന്ന 28 സര്‍ക്കാര്‍ ലാബുകള്‍ സംസ്ഥാനത്തുണ്ട്. ആദ്യ ഘട്ടമായി എന്‍ഐവി പൂനയില്‍ നിന്നും ആലപ്പുഴ എന്‍ഐവിയില്‍ ടെസ്റ്റ് കിറ്റുകള്‍ അടിയന്തരമായി ലഭ്യമാക്കി പരിശോധനകള്‍ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.

മന്ത്രി വീണാ ജോര്‍ജുമായി കേന്ദ്ര സംഘം ചര്‍ച്ച നടത്തി. 3 ദിവസത്തെ സന്ദര്‍ശന വിശദാംശങ്ങള്‍ സംഘം മന്ത്രിയെ ധരിപ്പിച്ചു. കേരളം നടത്തുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സംഘം സംതൃപ്തി രേഖപ്പെടുത്തി.

സംസ്ഥാനം ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതായി മന്ത്രി പറഞ്ഞു. എല്ലാ അന്താരാഷ്ട്ര എയര്‍പോര്‍ട്ടുകളിലും ഹെല്‍പ് ഡെസ്‌ക് ആരംഭിച്ച് നിരീക്ഷണം ഊര്‍ജിതമാക്കി. യാത്രക്കാരില്‍ ആര്‍ക്കെങ്കിലും രോഗലക്ഷണങ്ങള്‍ കണ്ടെത്തിയാല്‍ അവരെ സുരക്ഷിതമായി ഐസൊലേഷന്‍ കേന്ദ്രങ്ങളിലെത്തിച്ച് പരിശോധനയും വിദഗ്ധ ചികിത്സയും നല്‍കും. മങ്കിപോക്‌സ് സ്ഥിരീകരിച്ച രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ വീട്ടിലെത്തിയ ശേഷം മങ്കിപോക്‌സിന്റെ രോഗ ലക്ഷണങ്ങള്‍ കണ്ടാല്‍ ദിശ ടോള്‍ ഫ്രീ നമ്പര്‍ 104, 1056, 0471 2552056 മുഖേന ആരോഗ്യ പ്രവര്‍ത്തകരെ വിവരം അറിയിക്കാന്‍ അവബോധം ശക്തമാക്കിയിട്ടുണ്ട്. സംസ്ഥാനതല കണ്‍ട്രോള്‍ റൂമും ജില്ലാതല കണ്‍ട്രോള്‍ റൂമും ആരംഭിച്ച് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു. രോഗ നിരീക്ഷണത്തിനും മാനേജ്‌മെന്റിനുമായുള്ള മാര്‍ഗരേഖ തയാറാക്കി വരുന്നു.

ജില്ലകളില്‍ ഐസൊലേഷന്‍ സൗകര്യം തെരഞ്ഞെടുക്കപ്പെട്ട ആശുപത്രികളില്‍ തയാറാക്കിയിട്ടുണ്ട്. രോഗ ലക്ഷണങ്ങളുള്ളവരെ ആശുപത്രികളിലേക്ക് മാറ്റുവാനായി പ്രത്യേക ആംബുലന്‍സ് സംവിധാനം ജില്ലകളില്‍ ഒരുക്കിയിട്ടുണ്ട്. ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കി വരുന്നു. പൊതുജനങ്ങളുടെ ആശങ്ക ഒഴിവാക്കാന്‍ ശക്തമായ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നതായും മന്ത്രി അറിയിച്ചു.

കേന്ദ്ര ആരോഗ്യ വകുപ്പ് അഡൈ്വസര്‍ ഡോ. പി. രവീന്ദ്രന്‍, എന്‍സിഡിസി ജോ. ഡയറക്ടര്‍ ഡോ. സങ്കേത് കുല്‍ക്കര്‍ണി, ന്യൂഡല്‍ഹി ഡോ. റാം മനോഹര്‍ ലോഹ്യ ആശുപത്രിയിലെ പ്രൊഫസര്‍ ഡോ. അനുരാധ, ഡെര്‍മറ്റോളജിസ്റ്റ് ഡോ. അഖിലേഷ് തൊലെ, പൊതുജനാരോഗ്യ വിദഗ്ധ ഡോ. രുചി ജെയിന്‍ എന്നിവരാണ് കേന്ദ്ര സംഘത്തിലുള്ളത്. ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ടിങ്കു ബിസ്വാള്‍, എന്‍എച്ച്എം സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ ഡോ. രത്തന്‍ ഖേല്‍ക്കര്‍, ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. പിപി പ്രീത, അഡീഷണല്‍ ഡയറക്ടര്‍ ഡോ. മീനാക്ഷി, ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. വിദ്യ, അസി. ഡയറക്ടര്‍ ഡോ. ബിനോയ് എസ് ബാബു എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
Rate this item
(0 votes)
Last modified on Tuesday, 19 July 2022 04:41

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.