November 22, 2024

Login to your account

Username *
Password *
Remember Me

ഡെങ്കിപ്പനി, എലിപ്പനി വ്യാപനത്തിന് സാധ്യത ജാഗ്രതയോടെ പ്രവര്‍ത്തിക്കണം: മന്ത്രി വീണാ ജോര്‍ജ്

Minister Veena George warns against possible spread of dengue fever Minister Veena George warns against possible spread of dengue fever
തിരുവനന്തപുരം: സംസ്ഥാനത്ത് ഡെങ്കിപ്പനി, എലിപ്പനി വ്യാപനത്തിന് സാധ്യതയുള്ളതിനാല്‍ എല്ലാ ജില്ലകളും ജാഗ്രതയോടെ പ്രവര്‍ത്തിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ജില്ലകള്‍ കൂടുതല്‍ ശക്തമായി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കണം. തദ്ദേശസ്വയംഭരണ വകുപ്പുമായി സഹകരിച്ച് പ്രവര്‍ത്തനം നടത്തണം. മൃഗസംരക്ഷണ വകുപ്പിന്റെ സഹകരണം കൂടി ഉറപ്പാക്കണം. പകര്‍ച്ചവ്യാധി വ്യാപനം ഉണ്ടാകുന്നതിന് മുമ്പ് ഇപ്പോഴേ പ്രവര്‍ത്തിച്ച് തുടങ്ങണം. ജലജന്യ, ജന്തുജന്യ രോഗങ്ങള്‍ക്കെതിരെ നിരീക്ഷണം ശക്തമാക്കണം. പകര്‍ച്ചവ്യാധികളെപ്പറ്റി പൊതുബോധം ശക്തിപ്പെടുത്തണമെന്നും മന്ത്രി നിര്‍ദേശം നല്‍കി. ആരോഗ്യ വകുപ്പിന്റെ മഴക്കാലപൂര്‍വ രോഗങ്ങളുടെ അവലോകന യോഗത്തിലാണ് മന്ത്രി നിര്‍ദേശം നല്‍കിയത്.
കഴിഞ്ഞ വര്‍ഷങ്ങളിലെ പകര്‍ച്ചവ്യാധികളെപ്പറ്റി യോഗം വിലയിരുത്തി. കഴിഞ്ഞ വര്‍ഷം ഡെങ്കിപ്പനിയും എലിപ്പനിയുമാണ് സംസ്ഥാനത്ത് കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തത്. ഈ വര്‍ഷവും ഡെങ്കിപ്പനിയും എലിപ്പനിയും വളരെയധികം ശ്രദ്ധിക്കേണ്ടതാണെന്ന് യോഗം വിലയിരുത്തി. ഡെങ്കിപ്പനി ഏറ്റവും കൂടുതല്‍ തിരുവനന്തപുരം ജില്ലയിലും എലിപ്പനി എറ്റവും കൂടുതല്‍ എറണാകുളം ജില്ലയിലുമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഈ ജില്ലകള്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജിതമാക്കാന്‍ നിര്‍ദേശം നല്‍കി.
കോവിഡിനോടൊപ്പം നോണ്‍ കോവിഡ് പകര്‍ച്ചവ്യാധികളെ പ്രതിരോധിക്കാന്‍ പ്രത്യേക സംഘത്തെ രൂപീകരിച്ചു. എല്ലാ ആഴ്ചയും ഐഡിഎസ്പി യോഗം നടത്തി സ്ഥിതി വിലയിരുത്തും. രോഗങ്ങളെ സംബന്ധിച്ച ബുള്ളറ്റിന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് കൈമാറും. മലേറിയ, ലെപ്രസി, മന്ത് രോഗം, കാലാആസര്‍ തുടങ്ങിയ രോഗങ്ങളുടെ നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കും. മലേറിയ മൈക്രോസ്‌കോപ്പി ട്രെയിനിംഗ് നല്‍കും. കാലാആസാര്‍ പ്രതിരോധത്തിന് ആദിവാസി മേഖലകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കും. ആരോഗ്യ ജാഗ്രത കലണ്ടര്‍ അനുസരിച്ച് കൃത്യമായി പ്രവര്‍ത്തനങ്ങള്‍ നടത്തണം.
മലിനജലവുമായി സമ്പര്‍ക്കമുള്ളവര്‍ എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്‌സിസൈക്ലിന്‍ ഗുളിക കഴിക്കണം. മണ്ണുമായി സമ്പര്‍ക്കത്തില്‍ വരുന്ന ആളുകളിലും എലിപ്പനി കണ്ടുവരുന്നതിനാല്‍ അവരും ശ്രദ്ധിക്കണം.
വരുന്ന 5 മാസങ്ങള്‍ പ്രത്യേക ശ്രദ്ധ നല്‍കി പ്രവര്‍ത്തിക്കേണ്ടതാണ്. കോര്‍പറേഷന്‍ മുന്‍സിപ്പാലിറ്റി മേഖലകളിലാണ് കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. നിര്‍മ്മാണ കേന്ദ്രങ്ങള്‍, തോട്ടങ്ങള്‍, വെള്ളം കെട്ടിക്കിടക്കുന്ന സ്ഥലങ്ങള്‍, വീട്ടിനകത്തെ ചെടിച്ചട്ടികള്‍ എന്നിവ പ്രത്യേകം ശ്രദ്ധിക്കണം. കഴിഞ്ഞ വര്‍ഷം മേയ് മാസത്തിലാണ് കോഴിക്കോട് നിപ വൈറസ് റിപ്പോര്‍ട്ട് ചെയ്തത്. അതിനാല്‍ നിപ വരാതിരിക്കാനുള്ള പ്രത്യേക മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും യോഗം വിലയിരുത്തി.
ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജന്‍ എന്‍. ഖോബ്രഗഡെ, ആരോഗ്യ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ ഡോ. മീനാക്ഷി, ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍, ജില്ലാ പ്രാഗ്രോം മാനേജര്‍മാര്‍ ജില്ലാ സര്‍വയലന്‍സ് ഓഫീസര്‍മാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
Rate this item
(0 votes)
Pothujanam

Pothujanam lead author

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.