November 22, 2024

Login to your account

Username *
Password *
Remember Me

ക്യാന്‍സര്‍ ചികിത്സാ രംഗത്തെ വെല്ലുവിളി നേരിടാന്‍ ക്രിയാത്മക ഇടപെടല്‍: മന്ത്രി വീണാ ജോര്‍ജ്

Positive intervention to address the challenge of cancer treatment: Minister Veena George Positive intervention to address the challenge of cancer treatment: Minister Veena George
പ്രതിവര്‍ഷം 60,000ത്തോളം പുതിയ ക്യാന്‍സര്‍ രോഗികള്‍
ഫെബ്രുവരി 4 ലോക ക്യാന്‍സര്‍ ദിനം
തിരുവനന്തപുരം: ക്യാന്‍സര്‍ രോഗ ചികിത്സാ രംഗത്തെ വെല്ലുവിളികള്‍ നേരിടുന്നതിന് സര്‍ക്കാര്‍ ക്രിയാത്മക ഇടപെടലുകള്‍ നടത്തി വരികയാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. പ്രതിവര്‍ഷം 60,000ത്തോളം ക്യാന്‍സര്‍ രോഗികളാണ് സംസ്ഥാനത്ത് പുതുതായി രജിസ്റ്റര്‍ ചെയ്യുന്നത്. വര്‍ദ്ധിച്ചു വരുന്ന ഈ രോഗബാഹുല്യത്തെ തടയുന്നതിനായി ആരോഗ്യ വകുപ്പ് ക്യാന്‍സര്‍ സ്ട്രാറ്റജി ആക്ഷന്‍ പ്ലാന്‍ രൂപീകരിച്ച് നടപ്പിലാക്കി വരുന്നു. ഇതിന്റെ ഭാഗമായി സംസ്ഥാനത്ത് ക്യാന്‍സര്‍ രോഗ നിയന്ത്രണ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നതിന് ഒരു ക്യാന്‍സര്‍ ബോര്‍ഡ് രൂപീകരിക്കുകയും ഈ രംഗത്തെ വിദഗ്ദ്ധരുടെ സേവനം ഉറപ്പാക്കുകയും ചെയ്തിട്ടുണ്ട്. ചികിത്സയ്ക്കും പ്രതിരോധത്തിനും ബോധവത്ക്കരണത്തിനും ഒരുപോലെ പ്രാധാന്യം നല്‍കി വരുന്നു. ക്യാന്‍സര്‍ ചികിത്സാ കേന്ദ്രങ്ങള്‍ ശാക്തീകരിക്കുന്നതിനും മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുന്നതിനും ആരോഗ്യ വകുപ്പ് നടപടി സ്വീകരിച്ചു വരുന്നതായും മന്ത്രി വ്യക്തമാക്കി.
എല്ലാ വര്‍ഷവും ഫെബ്രുവരി നാലിന് ലോക ക്യാന്‍സര്‍ ദിനമായി ആചരിച്ചു വരുന്നു. ഈ വര്‍ഷത്തെ ലോക ക്യാന്‍സര്‍ ദിന സന്ദേശം 'കാന്‍സര്‍ പരിചരണ അപര്യാപ്തകള്‍ നികത്താം' (Closing the care gap) എന്നതാണ്. കാന്‍സര്‍ ചികിത്സാ രംഗത്ത് നിലനില്‍ക്കുന്ന അപര്യാപ്തകള്‍ പരിഹരിക്കുക, ചികിത്സാരംഗത്തെ വിടവുകള്‍ നികത്തുക എന്നതാണ് ഈ സന്ദേശം കൊണ്ട് ഉദ്ദേശിക്കുന്നത്. സാമ്പത്തികം, സാങ്കേതികം, വിദ്യാഭ്യാസം, പ്രാദേശികം, ആരോഗ്യ ബോധവല്‍ക്കരണം, ആരോഗ്യ ഇന്‍ഷുറന്‍സ് തുടങ്ങിയ വിവിധ മേഖലകളില്‍ കാന്‍സര്‍ ചികിത്സാ രംഗത്തെ അസമത്വങ്ങള്‍ നിലനില്‍ക്കുന്നു. ഈ അസമത്വങ്ങള്‍ തിരിച്ചറിയുന്നതിനും ഇവയ്ക്ക് പരിഹാരം കണ്ടെത്തി എല്ലാ ജനങ്ങള്‍ക്കും ഒരേ തരത്തിലുള്ള ക്യാന്‍സര്‍ ചികിത്സ ഉറപ്പാക്കുന്നതിനും മുന്‍തൂക്കം നല്‍കുക എന്നതാണ് ഇതുമായി ബന്ധപ്പെട്ട കര്‍മ്മപദ്ധതി. ഈ സന്ദേശം വരുന്ന മൂന്നു വര്‍ഷങ്ങളില്‍ കൂടി നിലനില്‍ക്കുന്നതാണ്.
സംസ്ഥാനത്ത് എല്ലാ ജില്ലകളിലായി 24 കേന്ദ്രങ്ങളില്‍ നിന്ന് ക്യാന്‍സര്‍ രോഗ ചികിത്സ സൗജന്യമായി നടപ്പിലാക്കി വരുന്നു. എല്ലാ ജില്ലകളിലും ക്യാന്‍സര്‍ ചികിത്സ ഉറപ്പാക്കുന്നതിനായി സംസ്ഥാന ആരോഗ്യ വകുപ്പ് ജില്ലാ കേന്ദ്രങ്ങളില്‍ ക്യാന്‍സര്‍ ചികിത്സ ഉറപ്പാക്കുന്നതിന് ജില്ലാ ക്യാന്‍സര്‍ കെയര്‍ സെന്ററുകള്‍ ആരംഭിച്ചിട്ടുണ്ട്. ഈ കേന്ദ്രങ്ങളിലൂടെ കീമോ തെറാപ്പിയുള്‍പ്പെടെയുള്ള ചികിത്സ സൗജന്യമായി നടപ്പിലാക്കി വരുന്നു.
കോവിഡ് മഹാമാരി ഏറ്റവും കൂടുതല്‍ ബാധിച്ചത് ക്യാന്‍സര്‍ പോലെയുള്ള ദീര്‍ഘസ്ഥായി രോഗങ്ങള്‍ ബാധിച്ചവരെയാണ്. പ്രതിരോധ ശേഷി കുറഞ്ഞ ഇവരില്‍ രോഗവ്യാപനം കുറയ്ക്കാന്‍ ആരോഗ്യ വകുപ്പ് പല ഇടപെടലുകളും നടത്തി. ദീര്‍ഘദൂരം യാത്ര ചെയ്ത് ആര്‍സിസിയിലും മെഡിക്കല്‍ കോളേജുകളിലും വരാതെ വീടിന് തൊട്ടടുത്ത് തന്നെ അതേ ക്യാന്‍സര്‍ ചികിത്സ ലഭ്യമാക്കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
ആരോഗ്യ വകുപ്പിന്റേയും തിരുവനന്തപുരം ആര്‍സിസിയുടേയും ആഭിമുഖ്യത്തില്‍ ജില്ലാ ക്യാന്‍സര്‍ കെയര്‍ പ്രോഗ്രാമിന്റെ മുന്നണി പ്രവര്‍ത്തകര്‍ക്ക് ക്യാന്‍സര്‍ രോഗ പരിചരണം, നിര്‍ണയം, പ്രതിരോധം എന്നിവയെ കുറിച്ച് വെബിനാര്‍ സംഘടിപ്പിക്കുന്നു. ഫെബ്രുവരി 4ന് രാവിലെ 10 മണിക്ക് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് വെബിനാര്‍ ഓണ്‍ലൈനായി ഉദ്ഘാടനം നിര്‍വഹിക്കും. ഇതോടൊപ്പം തിരുവനന്തപുരം ആര്‍സിസിയിലെ പുലയനാര്‍കോട്ട ക്യാമ്പസില്‍ പ്രിവന്റീവ് ഓങ്കോളജി ഒ.പി.യുടേയും പരിശീലന കേന്ദ്രത്തിന്റേയും ഉദ്ഘാടനവും മന്ത്രി നിര്‍വഹിക്കും.
Rate this item
(0 votes)
Pothujanam

Pothujanam lead author

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.