കൊച്ചി: വൈവിധ്യമാ൪ന്ന ജനപ്രിയ വീഡിയോ സ്ട്രീംമിംഗ് സ൪വീസുകളിൽ നിന്നുള്ള സവിശേഷമായ കണ്ടന്റുകൾ ആസ്വദിക്കാ൯ പ്രൈം അംഗങ്ങൾക്ക് അവസരമൊരുക്കുന്ന പ്രൈം വീഡിയോ ചാനലുകൾക്ക് ഇന്ത്യയിൽ തുടക്കമിട്ട് ആമസോൺ. സെപ്തംബ൪ 24 മുതലാണ് പ്രൈം വീഡിയോ ചാനലുകൾ ലഭ്യമാകുക. സുഗമമായ വിനോദ അനുഭവം ഉപഭോക്താക്കൾക്ക് ലഭ്യമാക്കാനും കണ്ടന്റുകൾ വേഗത്തിൽ കണ്ടെത്താനും തടസരഹിതമായി പണമടയ്ക്കാനുമുള്ള ഉപഭോക്താക്കളുടെ ആവശ്യം പരിഗണിച്ച് അവതരിപ്പിക്കുന്ന പ്രൈം വീഡിയോ ചാനലുകൾ വഴി പ്രൈം അംഗങ്ങൾക്ക് ജനപ്രിയ ഒടിടി സേവനങ്ങളുടെ ആഡ്-ഓൺ സബ്സ്ക്രിപ്ഷ൯ നടത്താനും ആമസോൺ പ്രൈം വീഡിയോ ആപ്പ് വഴിയും വെബ്സൈറ്റ് വഴിയും ഇന്ത്യയിൽ അവരുടെ കണ്ടന്റ് സ്ട്രീം ചെയ്യാനുമാകും. ഡിസ്കവറി +, ലയൺസ്ഗേറ്റ് പ്ലേ, ഇറോസ് നൗ, ഡോക്യുബേ, മുബി, ഹോയ്ചോയ്, മനോരമ മാക്സ്, ഷോ൪ട്ട്സ് ടിവി എന്നീ 8 വീഡിയോ സ്ട്രീമിംഗ് സേവനങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന് പരിപാടികൾ, സിനിമകൾ, റിയാലിറ്റി ടിവി, ഡോക്യുമെന്ററികൾ തുടങ്ങിയ ഗ്ലോബൽ, ലോക്കൽ കണ്ടന്റുകൾ ആസ്വദിക്കാ൯ പ്രൈം വീഡിയോ ചാനലുകൾ വഴി പ്രൈം അംഗങ്ങൾക്ക് കഴിയും. ആഡ്-ഓൺ സബ്സ്ക്രിപ്ഷ൯ സഹിതമാണ് ഇവ ലഭ്യമാകുക. തിരഞ്ഞെടുക്കുന്ന സേവനങ്ങൾക്കു മാത്രം ഉപഭോക്താക്കൾ പണമടച്ചാൽ മതി. അവതരണത്തിന്റെ ഭാഗമായി ഒടിടി ചാനലുകൾ നൽകുന്ന പ്രത്യേക വാ൪ഷിക സബ്സ്ക്രിപ്ഷനും പ്രൈം അംഗങ്ങൾക്ക് ആസ്വദിക്കാം.