തൃശൂരില്‍ ഇനി നാടകക്കാലം, അന്തര്‍ദേശീയ നാടകോത്സവത്തിന് തൃശൂരില്‍ ഞായറാഴ്ച അരങ്ങുണരും. ഞായറാഴ്ച വൈകീട്ട് അഞ്ചരയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ അന്തര്‍ദേശീയ നാടകോത്സവം ഉദ്ഘാടനം ചെയ്യും. നടന്‍ പ്രകാശ് രാജ് മുഖ്യാതിഥിയായി പങ്കെടുക്കും. ഏഴ് വേദികളിലായി ദിവസവും 2,200 പേര്‍ക്ക് നാടകം കാണാനാകും.
‘ഒന്നിക്കണം മാനവികത’ എന്നാണ് ഇറ്റ്‌ഫോക്ക് പതിമൂന്നാം പതിപ്പിന്റെ ആശയം. പതിനാല് വിദേശനാടകങ്ങളും പതിനെട്ട് ഇന്ത്യന്‍ നാടകങ്ങളുമാണ് ഇറ്റ്‌ഫോക്കില്‍ അരങ്ങിലെത്തുന്നത്. ഇതില്‍ നാല് മലയാള നാടകങ്ങളുമുള്‍പ്പെടും. ഈ മാസം പതിനാല് വരെ നടക്കുന്ന നാടകോത്സവത്തില്‍ 38 നാടകങ്ങളാണ് ആസ്വാദകര്‍ക്ക് മുന്നിലെത്തുക.
ഓണ്‍ലൈന്‍ വഴിയുള്ള ടിക്കറ്റുകള്‍ അഞ്ചിന് രാവിലെ പത്ത് മുതല്‍ അക്കാദമി കൗണ്ടറില്‍ ലഭ്യമാകും. ബുക്ക് ചെയ്യാത്തവര്‍ക്ക് അതത് ദിവസങ്ങളില്‍ ഉച്ചയ്ക്ക് ഒന്നരമുതല്‍ രണ്ടേമുക്കാല്‍ വരെ കൗണ്ടറുകളില്‍ നിന്ന് വാങ്ങാനാകും. പ്രഭാഷണം, ശില്‍പശാല, സംഗീത പരിപാടി തുടങ്ങിയവയും ഇറ്റ്‌ഫോക്കിന്റെ അനുബന്ധമായി നടക്കുന്നുണ്ട്.
അക്കാദമി ചെയര്‍മാന്‍ കൂടിയായ മട്ടന്നൂര്‍ ശങ്കരന്‍കുട്ടിയുടെ നേതൃത്വത്തില്‍ 101 വാദ്യ കലാകാരന്മാര്‍ അണിനിരക്കുന്ന മേളമാണ് നാടകോത്സവത്തിന്റെ വിളംബരം. നവീകരിച്ച ആക്ടര്‍ മുരളി തിയേറ്ററിന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വഹിക്കും. ഒന്നിക്കണം മാനവികത എന്ന ആശയത്തിലൂന്നിയാണ് ഇത്തവണത്തെ ഇറ്റ്‌ഫോക്ക്.