ആറ്റുകാൽ പൊങ്കാല മഹോത്സവത്തിന് മുൻപായി റോഡിലെ അറ്റകുറ്റപ്പണികൾ യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കുമെന്ന് ജില്ലാ കളക്ടർ ജെറോമിക് ജോർജ്ജ്. ഉത്സവ മേഖലയിൽ വരുന്ന റോഡ് പ്രവർത്തികൾ കളക്ടറുടെ നേതൃത്വത്തിൽ അവലോകനം ചെയ്തു. പൊതുജനങ്ങളുടെ സുരക്ഷയ്ക്ക് പ്രാധാന്യം നൽകി റോഡുകളിലെ വശങ്ങളിൽ സ്ലാബ് ഇടുന്ന പ്രവർത്തികൾ വേഗത്തിലാക്കും. ചാക്ക, ശ്രീവരാഹം, ശ്രീകണ്ഡേശ്വരം, പെരുന്താന്നി, പാൽകുളങ്ങര, മുട്ടത്തറ, കമലേശ്വരം എന്നീ വാർഡുകളിലെ റോഡ് പണികൾ അടിയന്തരമായി പൂർത്തിയാക്കാനും യോഗത്തിൽ തീരുമാനമായി. ഉത്സവ മേഖലയിലെ പ്രവർത്തികൾ വേഗത്തിൽ പൂർത്തിയാക്കാൻ സ്മാർട്ട് സിറ്റി, കെ.ആർ.എഫ്.ബി, എ.ജി.പി സിറ്റി ഗ്യാസ് എന്നിവരെ ചുമതലപ്പെടുത്തി. ഈ മാസം 20 ന് മുൻപ് പ്രവർത്തികൾ പൂർത്തിയാക്കണമെന്ന് ജില്ലാ കളക്ടർ നിർദ്ദേശിച്ചു. കളക്ടറുടെ ചേമ്പറിൽ ചേർന്ന യോഗത്തിൽ സ്മാർട്ട് സിറ്റി, കെ.ആർ.എഫ്.ബി, എ.ജി.പി സിറ്റി ഗ്യാസ് എന്നിവയുടെ പ്രതിനിധികൾ പങ്കെടുത്തു.