കൊച്ചി: ഏറ്റവും പുതുതലമുറ സമകാല കലാകാരന്മാരുടെ സർഗ്ഗവൈഭവം അവതരിപ്പിക്കുന്ന സ്റ്റുഡന്റ്സ് ബിനാലെയ്ക്ക് മട്ടാഞ്ചേരി വികെഎൽ വെയർഹൗസിൽ തുടക്കമായി. രാജ്യത്തെ 22 സംസ്ഥാനങ്ങളിലെ കലാപഠന സ്ഥാപനങ്ങളിൽ നിന്നുള്ള 51 അവതരണങ്ങൾ നാല് വേദികളിലായി വേറിട്ട പുത്തൻ ചിന്തകളുടെയും ഭാവുകത്വങ്ങളുടെയും പ്രതികരണങ്ങളുടെയും നവോർജ്ജം പ്രസരിപ്പിക്കുന്നു. അന്തരാഷ്ട്രത്തലത്തിൽ ഉൾപ്പെടെ പ്രശസ്‌തരായ ഏഴ് ക്യൂറേറ്റർമാർ അണിയിച്ചൊരുക്കിയ 'ഇൻ ദി മേക്കിംഗ്' എന്ന പ്രമേയത്തിലൂന്നിയ പ്രദർശനത്തിൽ ഭാഗഭാക്കാകുന്നത് 196 കലാവിദ്യാർത്ഥികൾ.
സാധാരണത്വത്തെ വീക്ഷണകോണിന്റെ വ്യത്യസ്‌തതയിലൂടെ കീഴ്മേൽമറിച്ച് അവതരിപ്പിക്കുന്ന ഗോവ സ്വദേശിയായ കലാകാരി അഫ്ര ഷെഫീഖ്, വൈവിധ്യങ്ങളുടെ കലാകാരി ബെംഗളൂരു സ്വദേശിയായ അംശു ചുക്കി, ക്യൂറേറ്റർ - എഴുത്തുകാരി എന്നീ നിലകളിൽ പ്രശസ്‌തയായ ന്യൂഡൽഹി സ്വദേശി ആരുഷി വാട്‍സ്, ഡൽഹിയിൽ കലാചരിത്രാധ്യാപകനും ആർട്ടിസ്റ്റുമായ മലയാളി പ്രേംജിഷ് ആചാരി, ആർട്ടിസ്റ്റും ഗവേഷകയുമായ ഡൽഹി സ്വദേശി സുവാനി സുരി, മുംബൈ ക്ലാർക്ക് ഹൗസ് ഇനീഷ്യേറ്റീവിൽ ദൃശ്യ കലാവതാരകരായ സാവിയ ലോപ്പസ്, യോഗേഷ് ബാർവെ എന്നിവരാണ് കൊച്ചി മുസിരിസ് ബിനാലെയുടെ സുപ്രധാന ഘടകമായ സ്റ്റുഡന്റ്സ് ബിനാലെ വിഭാവന ചെയ്‌ത ക്യൂറേറ്റർമാർ.
"വളർന്നുവരുന്ന കലാകാരന്മാരുടെയും സൃഷ്‌ടികളുടെയും പരുവപ്പെടുന്ന പ്രതിഭയും ഭാവനയും സാമൂഹ്യ - കലാവബോധവും പ്രതിഫലിപ്പിക്കുന്നതിനാലാണ് 'ഇൻ ദി മേക്കിംഗ്' എന്ന പ്രമേയമെന്ന് ക്യൂറേറ്റർ" പ്രേംജിഷ് ആചാരി പറഞ്ഞു. ഇന്ത്യൻ കലാപഠന സ്ഥാപനങ്ങളിലെ പരിമിതികൾക്കിടയിലും ഇവിടത്തെ ചെറുപ്പക്കാരായ വിദ്യാർത്ഥികൾ സർഗ്ഗവാസനക്ക് എങ്ങനെ മൂർത്തത നൽകുന്നു എന്ന് പ്രദർശനം വ്യക്തമാക്കും. പെയിന്റിംഗ്, ഡ്രോയിങ്, ശിൽപം മെനയൽ എന്നിവയാണ് കലയെന്ന പൊതുവിചാരത്തിൽ ഏറെ മാറ്റം വന്നിരിക്കുന്നു.
"വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും കശ്‍മീരിലുമൊക്കെ നിന്നുള്ള വിദ്യാർത്ഥികൾ അവിടങ്ങളിലെ സാഹചര്യത്തിനനുസൃതം ആവിഷ്‌കരിച്ച കലാസൃഷ്‌ടികൾ ഏറെ അർത്ഥതലങ്ങൾ പങ്കുവയ്ക്കുന്നുണ്ട്. ഓരം ചേർക്കപ്പെടുമ്പോഴും, പരിമിതികൾക്കിടയിയിലും പുതുതലമുറ ആവിഷ്‌കരിക്കുന്ന സമകാലകല ഏറെ പ്രത്യാശാഭരിതമാണെന്നും" പ്രേംജിഷ് ആചാരി വിശദീകരിച്ചു.
മൾട്ടിമീഡിയ ഉൾപ്പെടുന്നതടക്കം പ്രതിഷ്ഠാപനങ്ങൾ (ഇൻസ്റ്റലേഷൻ), വ്യത്യസ്‌ത വിന്യാസത്തിലുള്ള ഫോട്ടോഗ്രാഫുകൾ, വൈവിധ്യപൂർണമായ ശിൽപങ്ങൾ, വ്യത്യസ്‌തമായി അവതരിപ്പിച്ച പെയിന്റിംഗുകൾ, ഇന്ററാക്റ്റീവ് കലാരൂപങ്ങൾ, ഇൻഡോർ - ഔട്ട്ഡോർ കാലാവതരണങ്ങൾ എന്നിവയെല്ലാം പ്രദർശനത്തിലുണ്ട്. മറ്റു സംസ്ഥാനങ്ങളിലെ കലാകാരന്മാരുമായും സമകാല കലകളുമായും മലയാളി സമൂഹത്തിനു സംവദിക്കാൻ സാഹചര്യമൊരുക്കാനാണ് ക്യൂറേറ്റർമാർ യത്നിച്ചിട്ടുള്ളത്. ബിനാലെയുടെ കാലത്ത് മറ്റു സംസ്ഥാനങ്ങളിലെ കലാപഠന സ്ഥാപനങ്ങളിൽ ശിൽപശാലകളും ചർച്ചകളും സംഘടിപ്പിക്കുന്നുണ്ട്.
കേരളത്തിൽ നിന്ന് സെലിൻ ജേക്കബ്, നന്ദു കൃഷ്‌ണ എന്നിവരുടെ സൃഷ്ടികൾക്കു പുറമെ കെ എം ഇ എ ആർക്കിടെക്ച്ചർ കോളേജിലെ ഒരുകൂട്ടം വിദ്യാർത്ഥികളുടെ കാശ്‌മീർ വിഷയമാക്കി വലിയൊരു പ്രതിഷ്ഠാപനവും അവതരിപ്പിക്കുന്നുണ്ട്. കോ ലാബ്‌സ് എന്ന് പേരിട്ട സ്റ്റുഡന്റസ് ബിനാലെ വേദികളിൽ വി കെ എൽ വെയർഹൗസിനു പുറമെ അർമാൻ ബിൽഡിംഗ്, കെ വി എൻ ആർക്കേഡ്, ട്രിവാൻഡ്രം വെയർഹൗസ് എന്നിവയും ഉൾപ്പെടുന്നു.