December 07, 2024

Login to your account

Username *
Password *
Remember Me

ഗജോത്സവം - ആ ആന പ്രദര്‍ശനം ആരംഭിച്ചു

Gajotsavam - That elephant show has started Gajotsavam - That elephant show has started
കൊച്ചി: ദേശീയ പൈതൃക മൃഗമായ ആനകളുടെ സംരംക്ഷണം ലക്ഷ്യമിട്ട് നടത്തുന്ന ഗജോത്സവത്തിന്റെ ഭാഗമായുള്ള ആ ആന പ്രദര്‍ശനത്തിന് ഫോര്‍ട്ട് കൊച്ചിയില്‍ തുടക്കമായി. സെന്റ് ജോണ്‍ ഡി ബ്രിട്ടോ സ്‌ക്കൂളിന് സമീപമുള്ള സിഎസ് ഐ ഹാളില്‍ രാവിലെ 10 മുതല്‍ വൈകിട്ട് 6.30 വരെയാണ് പ്രദര്‍ശനം. പ്രവേശനം സൗജന്യമാണ്. ഫോട്ടാഗ്രാഫി പ്രദര്‍ശനം,ആനകളുടെ ശില്‍പ്പ പ്രദര്‍ശനം, ആന എന്ന വിഷയത്തിനെ ആസ്പദമാക്കിയുള്ള കുട്ടികളുടെ നൃത്തം, നാടകം, കവിത, കഥകള്‍, ചിത്രങ്ങള്‍,കല, സാഹിത്യം തുടങ്ങി നിരവധി സാംസ്‌കാരിക പരിപാടികള്‍, ചര്‍ച്ചകള്‍ എന്നിവ ഒരു മാസം നീണ്ടു നില്‍ക്കുന്ന പ്രദര്‍ശനത്തിന്റെ ഭാഗമായുണ്ട്.
യുപി സ്വദേശിയായ പ്രിയ ജാന്‍ഗു നിര്‍മിച്ച ബോള്‍ട്ടുകൊണ്ടുള്ള ആനയുടെ ശില്‍പ്പമുള്‍പ്പെടെ ഒഡീഷ, ഡല്‍ഹി, കര്‍ണാടക, ഛത്തീസ്ഗഡ്, വെസ്റ്റ് ബംഗാള്‍, മഹാരാഷ്ട്ര, തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള 11 കലാകാരന്മാരുടെ 12 വ്യത്യസ്ത ആന ശില്‍പ്പങ്ങളും പ്രദര്‍ശനത്തിന്റെ ഭാഗമായുണ്ട്. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഫോട്ടോഗ്രാഫര്‍മാരുടെ തിരഞ്ഞെടുത്ത 20 ആന ചിത്രങ്ങളും പ്രദര്‍ശനത്തിനുണ്ട്.
തടിയില്‍ ആനശില്‍പ്പങ്ങള്‍ നിര്‍മിക്കുന്ന തൃശ്ശൂര്‍ സ്വദേശി അനിയന്‍ പി.യു, എറണാകുളം സ്വദേശി സൂരജ് നമ്പ്യാട്ട് എന്നിവര്‍ പ്രദര്‍ശന വേദിയില്‍ തത്സമയം ആന ശില്‍പ്പങ്ങള്‍ നിര്‍മിക്കും. ചിത്രകാരന്‍മാരായ സുജിത്ത് വി. തങ്കപ്പന്‍,എല്‍വില്‍ ചാര്‍ലി തുടങ്ങിയവര്‍ വേദിയില്‍ ആന ചിത്രങ്ങള്‍ വരക്കും. ഷിഫാന നിസാം പ്രദര്‍ശനത്തിനെത്തുന്നവര്‍ക്ക് സൗജന്യമായി ആനയുടെ രൂപങ്ങള്‍ മയിലാഞ്ചിയിട്ട് നല്‍കും.
പ്രദര്‍ശനത്തില്‍ വിദ്യാര്‍ഥികള്‍ക്കായി ബാലഗജ, ആനകള്‍ കഥാപാത്രങ്ങളായിട്ടുള്ള സിനിമകളുടെ അണിയറ പ്രവര്‍ത്തകരും അഭിനേതാക്കളും പങ്കെടുക്കുന്ന ചര്‍ച്ചാ പരിപാടിയായ ഗജഗാമിനി, മതപരമായ ചടങ്ങുകളിലെ ആനകളുടെ സാന്നിധ്യം പരാമര്‍ശിക്കുന്ന ഗജധര്‍മ, ഗജ സൂത്ര, ഗജ യാത്ര, ഐരാവത, ഗജ ശാസ്ത്ര എന്നിങ്ങനെ ആനയുമായി ബന്ധപ്പെട്ട വ്യത്യസ്മായ ചര്‍ച്ചകളും പരിപാടികളും നടത്തും. വിദ്യാര്‍ത്ഥികള്‍ക്കായി ഡിസംബര്‍ 2 മുതല്‍ 15 വരെ ബാലഗജ നടത്തും. ക്യൂറേറ്റര്‍ മനുവിന്റെ നേതൃത്വത്തില്‍ 30 സ്‌കൂളുകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്കായി ക്ളേ മോഡലിങ്, പേപ്പര്‍ മാസ്‌ക് നിര്‍മാണം, ചിത്രരചന, കളറിങ് തുടങ്ങിയവയാണ് ബാലഗജയുടെ ഭാഗമായുണ്ടാവുക. സ്‌ക്കൂള്‍ കുട്ടികള്‍ക്കായുള്ള കളിമണ്‍ - പേപ്പര്‍ ആന രൂപങ്ങള്‍ നിര്‍മ്മിക്കുന്ന ക്ലാസുകളും ഉണ്ടാകും.
കൊച്ചിന്‍ കാര്‍ണിവലിന്റെ ഭാഗമായാണ് ആ ആന പ്രദര്‍ശനം സംഘടിപ്പിക്കുന്നത്. വൈല്‍ഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യ, വിറ്റ്ലി ഫണ്ട് ഫോര്‍ നേച്ചര്‍ , കൊച്ചിന്‍ കലക്ടീവ് എന്നിവര്‍ സംയുക്തമായാണ് പ്രദര്‍ശനം സംഘടിപ്പിക്കുന്നത്. പ്രദര്‍ശനത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം കെ ജെ മാക്സി എംഎല്‍എ നിര്‍വഹിക്കും. കൊച്ചി - മുസിരിസ് ബിനാലെ ഫൗണ്ടേഷന്‍ പ്രസിഡണ്ട് ബോസ് കൃഷ്ണമാചാരി പങ്കെടുക്കും.
ഗജോത്സവത്തിന്റെ ഭാഗമായി ഗജമിത്ര മാധ്യമ അവാര്‍ഡുകളും നല്‍കും. പ്രിന്റ് / ഓണ്‍ലൈന്‍, ടെലിവിഷന്‍ / ഡോക്യുമെന്ററി ഫീച്ചറുകള്‍, റേഡിയോ/ പോഡ്കാസ്റ്റുകള്‍, സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സേഴ്സ് എന്നീ 4 വിഭാഗങ്ങളിലായാണ് അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ആനകളുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും അവയുടെ സംരക്ഷണവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ സംബന്ധിക്കുന്ന റിപ്പോര്‍ട്ടിനാണ് അവാര്‍ഡ് ഏര്‍പ്പെടുത്തിയിരിക്കുന്നത് . കേരളത്തിലുള്ള 21നും 40 നും ഇടക്ക് പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. 2023 ഏപ്രിലില്‍ അവാര്‍ഡ് പ്രഖ്യാപിക്കും. എഴുത്തുകാരായ പോള്‍ സക്കറിയ, എന്‍.എസ് മാധവന്‍, ആന വിദഗ്ദനായ ഡോ.പി. എസ് ഈസ എന്നിവരടങ്ങിയ ജൂറിയാണ് വിജയികളെ കണ്ടെത്തുക.
Rate this item
(0 votes)
Pothujanam

Pothujanam lead author

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.