തിരുവനന്തപുരം: കാര്‍ബണ്‍ ന്യൂട്രല്‍ കാട്ടാക്കട പദ്ധതിയുടെ വിജയഗാഥ പിന്തുടര്‍ന്ന് സമ്പൂര്‍ണ്ണ മാലിന്യമുക്ത മണ്ഡലമായി മാറാനൊരുങ്ങി കാട്ടാക്കട നിയോജക മണ്ഡലം. പദ്ധതിയുടെ ഭാഗമായുള്ള ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഒക്ടോബര്‍ രണ്ടിന് തുടക്കമാകും. നവംബര്‍ ഒന്നു വരെയാണ് ശുചീകരണ യജ്ഞം സംഘടിപ്പിക്കുക.
കാട്ടാക്കടയെ സമ്പൂര്‍ണ്ണ മാലിന്യ മുക്ത നിയോജക മണ്ഡലമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഒക്ടോബര്‍ രണ്ടിന് ആരംഭിക്കുമെന്ന് ഐ.ബി.സതീഷ് എം.എല്‍.എ. മണ്ഡലത്തില്‍ നടപ്പിലാക്കി വരുന്ന കാര്‍ബണ്‍ ന്യൂട്രല്‍ കാട്ടാക്കട പദ്ധതിയുടെ ഭാഗമായാണ് ശുചീകരണ യജ്ഞം സംഘടിപ്പിക്കുന്നത്.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, ശുചിത്വ മിഷന്‍, കുടുംബശ്രീ മിഷന്‍, ക്ലീന്‍ കേരള കമ്പനി എന്നിവരുടെ നേതൃത്വത്തില്‍ ബഹുജന പങ്കാളിത്തത്തോടെയാണ് പരിപാടി നടപ്പിലാക്കുന്നത്. പദ്ധതിയുടെ ഭാഗമായി എല്ലാ പഞ്ചായത്തുകളിലും പ്രത്യേക ക്യാമ്പയിന്‍ സംഘടിപ്പിക്കും. ഉപയോഗ ശൂന്യമായ ചെരിപ്പ്, ബാഗ്, തുണി, ഗ്ലാസ്, ഇ-വേസ്റ്റ്, ബള്‍ബ്, ട്യൂബ് ലൈറ്റ് എന്നിവ ക്ലീന്‍ കേരള കമ്പനിയുടെ സഹായത്തോടെ സമയക്രമം പാലിച്ചു ശേഖരിക്കും. ഇതിനായി മണ്ഡലത്തിലെ ഓരോ പഞ്ചായത്തിലും ഓരോ കളക്ഷന്‍ സെന്റര്‍ സജ്ജീകരിക്കും.
ശേഖരണ ക്യാമ്പയിനു മുന്നോടിയായി വലിയ രീതിയിലുള്ള ബോധവത്കരണ പരിപാടികള്‍ ഗ്രാമപഞ്ചായത്തുകളുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കും. ശുചിത്വമിഷനില്‍ നിന്നും പരിശീലനം ലഭിച്ച കുടുംബശ്രീ, ഐ.ഡി.എസ് പ്രവര്‍ത്തകര്‍ മുഖേന പഞ്ചായത്തിലെ എല്ലാ അയല്‍ക്കൂട്ടങ്ങളിലും മാലിന്യ ശേഖരണ ക്യാമ്പയിനെകുറിച്ച് അറിയിപ്പ് നല്‍കും. ഒക്ടോബര്‍ 8 ന് ചെരിപ്പ്, ബാഗ്, 15 ന് തുണിത്തരങ്ങള്‍, ഒക്ടോബര്‍ 22 ന് ചില്ല് മാലിന്യങ്ങള്‍, 29ന് ഇ-വേസ്റ്റ്, ബള്‍ബ്, ട്യൂബ് ലൈറ്റ് എന്നിവയും ശേഖരിക്കും.