ഡിജിറ്റല്‍ റീ -സര്‍വ്വേ പ്രവര്‍ത്തനങ്ങളുടെ വേഗത ഇനിയും വര്‍ദ്ധിക്കും: മന്ത്രി
തിരുവനന്തപുരം: നൂതന സാങ്കേതികവിദ്യയുടെ സഹായത്തോടെ ഡിജിറ്റല്‍ റീ -സര്‍വ്വേ നടപടികള്‍ വേഗത്തിലാക്കുമെന്ന് റവന്യു വകുപ്പ് മന്ത്രി കെ.രാജന്‍. കഴക്കൂട്ടം മണ്ഡലത്തിലെ ആറ്റിപ്ര സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. സ്മാര്‍ട്ട് വില്ലേജ് ഓഫീസുകളുടെ നിര്‍മ്മാണം ഭൗതിക സാഹചര്യങ്ങളില്‍ വലിയ നേട്ടമുണ്ടാക്കാന്‍ സഹായിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. രജിസ്‌ട്രേഷന്‍, റവന്യു, സര്‍വ്വേ പോര്‍ട്ടലുകളെ ഏകോപിപ്പിച്ച് ഇന്റഗ്രേറ്റഡ് പോര്‍ട്ടല്‍ തയ്യാറാക്കി ഭൂമി സംബന്ധമായ നടപടിക്രമങ്ങള്‍ ലളിതമാക്കും. എല്ലാവര്‍ക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാര്‍ട്ട് എന്ന രീതിയില്‍ മെച്ചപ്പെട്ട പ്രവര്‍ത്തനങ്ങളുമായി വകുപ്പ് അതിവേഗം മുന്നേറുകയാണെന്നും മന്ത്രി പറഞ്ഞു.
നൂറ്റാണ്ടുകള്‍ പഴക്കമുണ്ടായിരുന്ന ആറ്റിപ്ര വില്ലേജ് ഓഫീസ് കിഫ്ബി ഫണ്ടില്‍ നിന്നും 44 ലക്ഷം രൂപ വിനിയോഗിച്ച് പുനര്‍ നിര്‍മ്മിക്കുകയായിരുന്നുവെന്ന് പരിപാടിയില്‍ അദ്ധ്യക്ഷന്‍ കൂടിയായിരുന്ന കടകംപള്ളി സുരേന്ദ്രന്‍ എം.എല്‍.എ പറഞ്ഞു. സ്മാര്‍ട്ട് വില്ലേജ് ഓഫീസില്‍ ഫ്രണ്ട് ഓഫീസ്, വെയ്റ്റിംഗ് റൂം, ഇരിപ്പിട- കുടിവെള്ള സൗകര്യം, ഭിന്നശേഷി സൗഹൃദ ടോയ്ലറ്റ് സൗകര്യം, റെക്കോര്‍ഡ് റൂം എന്നിവയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആറ്റിപ്ര വില്ലേജ് ഓഫീസ് അങ്കണത്തില്‍ നടന്ന പരിപാടിയില്‍ വാര്‍ഡ് കൗണ്‍സിലര്‍മാരായ ശ്രീദേവി എ, നാജ ബി, ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ്, അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് ജെ.അനില്‍ ജോസ്, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, നാട്ടുകാര്‍ തുടങ്ങിയവരും പങ്കെടുത്തു.