കാസര്‍ഗോഡിന്റെ തനത് തുളുനാടന്‍ ബിരിയാണിയുടെ ദം പൊട്ടിക്കുന്ന മണം കനകക്കുന്നിലാകെ പരന്നു. പരമ്പരാഗത മസാലക്കൂട്ടുകളും സുഗന്ധ വ്യഞ്ജനങ്ങളും നെയ്യും ചേര്‍ന്ന ആവി പറക്കുന്ന ചിക്കന്‍ ബിരിയാണി രുചിക്കാന്‍ എത്തുന്നവര്‍ ഏറെ. എല്ലാവരുടെയും മനസും വയറും നിറയ്ക്കും വിധം കാസര്‍ഗോഡിന്റെ രുചിവൈവിധ്യം വിളമ്പുകയാണ് കഫെ കുടുംബശ്രീയിലെ ഭക്ഷ്യ മേളയില്‍. വര്‍ഷങ്ങളായി അന്തപുരിയിലെ വിവിധ പരിപാടികളില്‍ രുചി ഭേദങ്ങള്‍ വിളമ്പുന്ന കാസര്‍ഗോഡ്് സംഘമാണ് ഇവിടെയുമുള്ളത്.
ബിരിയാണിക്ക് പുറമെ, കാന്താരി ചിക്കന്‍, പച്ചില മസാലകള്‍ ചേര്‍ത്ത ചിക്കന്‍ പൊള്ളിച്ചത്, ബട്ടര്‍ ചിക്കന്‍, കപ്പയും തലക്കറിയും, വിവിധതരം പുട്ടുകള്‍, മലബാറിന്റെ സ്വന്തം നെയ്പത്തിരിയും ചിക്കന്‍ സുക്കയും മറ്റ് വിഭവങ്ങളും ഇവിടെ നിന്നും രുചിക്കാം. ഓണസദ്യയ്ക്ക് ശേഷം രുചി വൈവിധ്യങ്ങള്‍ തിരക്കി കനകക്കുന്നിലെത്തുന്നവര്‍ക്ക് ഭക്ഷ്യമേള ഒരു മികച്ച 'ചോയ്‌സ്' ആകുന്നു. ആഹാര ശേഷം ഫ്രഷ് ജ്യൂസുകളോടൊപ്പം കരിമ്പിന്‍ ജ്യൂസും ആവശ്യാനുസരണം വാങ്ങി കഴിക്കാം. കുടുംബശ്രീ പ്രവര്‍ത്തകരുടെ കൂട്ടായ്മ തയ്യാറാക്കുന്ന ഭക്ഷണങ്ങള്‍ തികച്ചും മായമില്ലാത്തതും വിശ്വസിച്ച് കഴിക്കാവുന്നതുമാണ്. ഈ രുചികള്‍ ആസ്വദിക്കാന്‍ ഇനി മൂന്ന് നാള്‍ കൂടി അവസരമുണ്ട്.