സംസ്ഥാനത്തെ സർക്കാർ സ്‌കൂളുകളിലെ ഒന്നു മുതൽ പത്തുവരെ ക്ലാസുകളിലെ അധ്യാപകരുടെ സ്ഥലംമാറ്റവും നിയമനവും കൈറ്റിന്റെ പരിഷ്‌ക്കരിച്ച സോഫ്റ്റ്‌വെയർ വഴി ഈ വർഷം മുതൽ പൂർണമായും 'പേപ്പർലെസ്' ആയി മാറിക്കഴിഞ്ഞു. 2007-08 ൽ പ്രഥമാധ്യാപകരുടേയും എ.ഇ.ഒ. മാരുടേയും സ്ഥലംമാറ്റത്തിനും നിമനത്തിനും ആണ് ആദ്യമായി ഓൺലൈൻ സംവിധാനം ഐ.ടി.@സ്‌കൂൾ (കൈറ്റ്) ഏർപ്പെടുത്തിയത്. അടുത്ത വർഷം മുതൽ മുഴുവൻ അധ്യാപകരുടേയും സ്ഥലംമാറ്റം ഓൺലൈനായതോടെ ഈ മേഖലയിൽ ഇന്ത്യയിൽ ആദ്യത്തേതും ബൃഹത്തായതുമായ ഇ-ഗവേർണൻസ് സംവിധാനമായി ഇത് മാറിയിരുന്നു. ഇതോടെ പരാതികളും കോടതി വ്യവഹാരങ്ങളും പൂർണമായും ഒഴിവായി. ഈ വർഷത്തെ സ്ഥലംമാറ്റവും നിയമനവുമായി ബന്ധപ്പെട്ട് പതിനാല് ജില്ലകളിലായി 277 പ്രൊവിഷണൽ ലിസ്റ്റുകൾ ഇതുവരെ പ്രസിദ്ധീകരിച്ചു കഴിഞ്ഞു. ഓൺലൈൻ രജിസ്‌ട്രേഷൻ സമയത്ത് തന്നെ പെൻ നമ്പറും മൊബൈൽ നമ്പറും നൽകുമ്പോൾ അധ്യാപകരുടെ വിശദാംശങ്ങൾ 'സമ്പൂർണ'യിൽ നിന്നും ലഭ്യമാകും (നേരത്തെ ഈ വിവരങ്ങൾ പ്രത്യേകം നൽകേണ്ടിയിരുന്നു). അധ്യാപകർക്ക് അനുബന്ധ രേഖകൾ ഓൺലൈനായി നല്കാം. കഴിഞ്ഞ വർഷം വരെ ഹാർഡ് കോപ്പികൾ ഡി.ഡി. ഓഫീസിലെത്തിക്കണം. സ്ഥലംമാറ്റം വേണ്ട ഓപ്ഷനുകളുടെ എണ്ണം 10-ൽ നിന്നും 20 ആക്കി. സർവീസ് കാലയളവിൽ സീനിയോരിറ്റിക്ക് പരിഗണിക്കേണ്ടാത്ത കാലയളവും സിസ്റ്റം ഓൺലൈനായി ക്യാപ്ച്ചർ ചെയ്യും. അപേക്ഷയുടെ എല്ലാ ഘട്ടങ്ങളിലും അധ്യാപകർക്കുണ്ടാകുന്ന പരാതികൾ ഇനി ഓൺലൈനായി നല്കാം. നേരത്തെ ഇതും ഫിസിക്കൽ ആയി നൽകേണ്ടിയിരുന്നു. അതുപോലെ കഴിഞ്ഞ വർഷം വരെ ഡി.ഡി.ഇ തലത്തിലുണ്ടായിരുന്ന റീസെറ്റ് ഓപ്ഷൻ ഈ വർഷം മുതൽ പ്രഥമാധ്യാപകർക്ക് തന്നെ ലഭ്യമാക്കിയിട്ടുണ്ട്.
മുൻകാലങ്ങളിൽ ഏറെ സങ്കീർണവും പരാതികൾക്കിടവരുത്തിയിരുന്നതുമായ പ്രയോറിറ്റി റൊട്ടേഷനിൽ ഈ വർഷം മുതൽ മുൻഗണനയ്ക്കകത്ത് റൊട്ടേഷൻ ഏർപ്പെടുത്തി പ്രത്യേക പ്രയോറിറ്റി റാങ്കിംഗ് സംവിധാനം കൂടി ഏർപ്പെടുത്തി. കഴിഞ്ഞ വർഷം വരെ പ്രൊവിഷണൽ ലിസ്റ്റുകൾ ജനറേറ്റ് ചെയ്തിരുന്നത് കൈറ്റിന്റെ സംസ്ഥാന ഓഫീസിൽ നിന്നായിരുന്നെങ്കിൽ ഈ വർഷം അത് പൂർണമായും ജില്ലകളിൽ ഡി.ഡി.ഇ. ഓഫീസുകളിൽ നിന്നാക്കി. ഡി.ഡി.ഇ.മാർ സ്ഥലംമാറ്റ ഉത്തരവ് ജനറേറ്റ് ചെയ്യുന്നതും ഈ വർഷം മുതൽ ഓൺലൈനായി. പതിനായിരത്തോളം അധ്യാപകരാണ് ഈ വർഷം സ്ഥലംമാറ്റത്തിന് അപേക്ഷിച്ചിട്ടുള്ളത്.