November 22, 2024

Login to your account

Username *
Password *
Remember Me

ഗുണനിലവാരമുള്ള വിദ്യാഭ്യാസം ഏവർക്കും പ്രാപ്യമായ സംസ്ഥാനമാണു കേരളം: മന്ത്രി വി. ശിവൻകുട്ടി

ഗുണനിലവാരമുള്ള വിദ്യാഭ്യാസം ഏവർക്കും പ്രാപ്യമായ സംസ്ഥാനമാണു കേരളമെന്നും വിദ്യാഭ്യാസരംഗത്തെ കേരളത്തിന്റെ യാത്ര അർപ്പണബോധത്തിന്റെയും പുതുമയുടെയും മികവിന്റെ അക്ഷീണമായ അന്വേഷണത്തിന്റെയും കഥയാണെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി. കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റിവ് എംപ്ലോയിസ് വെൽഫെയർ ബോർഡിൽ അംഗങ്ങളായ സഹകരണ സംഘം ജീവനക്കാരുടേയും സഹകരണ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള ബോർഡുകളിലെ ജീവനക്കാരുടേയും മക്കളിൽ മികച്ച വിജയം കരസ്ഥമാക്കിയ തിരുവനന്തപുരം ജില്ലയിലെ വിദ്യാർഥികൾക്കുള്ള ക്യാഷ് അവാർഡ് വിതരണം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.


കേവലം സാക്ഷരതയ്ക്കപ്പുറമാണു കേരളത്തിന്റെ നേട്ടങ്ങളെന്നു മന്ത്രി ചൂണ്ടിക്കാട്ടി. സംസ്ഥാനത്ത് ഉയർന്ന വിദ്യാർഥി-അധ്യാപക അനുപാതം ഉണ്ട്. ഓരോ കുട്ടിക്കും മികവ് പുലർത്താൻ ആവശ്യമായ ശ്രദ്ധ ലഭിക്കുന്നുണ്ടെന്നു കേരളം ഉറപ്പാക്കുന്നു. സാമൂഹികവും സാമ്പത്തികവുമായ പശ്ചാത്തലങ്ങൾക്കതീതമായി എല്ലാവർക്കും പ്രാപ്യമാണ് ഗുണനിലവാരമുള്ള വിദ്യാഭ്യാസം. ഈ ഉൾക്കൊള്ളൽ കേരളത്തെ വേറിട്ട് നിർത്തുന്നു. വിദ്യാഭ്യാസത്തോടുള്ള കേരളത്തിന്റെ പ്രതിബദ്ധത സാമൂഹ്യമേഖലയിലെ നിക്ഷേപത്തിലും പ്രകടമാണ്. സംസ്ഥാനത്തിന്റെ ബജറ്റിന്റെ ഗണ്യമായ ഒരു ഭാഗം പൗരന്മാരുടെ ക്ഷേമത്തിനും ബൗദ്ധിക വളർച്ചയ്ക്കും മുൻഗണന നൽകി വിദ്യാഭ്യാസത്തിനും ആരോഗ്യ സംരക്ഷണത്തിനുമായി നീക്കിവച്ചിരിക്കുന്നു. ഈ സമഗ്രമായ സമീപനം വിദ്യാർത്ഥികൾക്ക് ഗുണമേന്മയുള്ള വിദ്യാഭ്യാസം മാത്രമല്ല, ശരിയായ പോഷകാഹാരവും ആരോഗ്യപരിരക്ഷയും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതായും മന്ത്രി പറഞ്ഞു.


ജവഹർ സഹകരണ ഭവൻ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മന്ത്രി ക്യാഷ് അവാർഡുകൾ വിതരണം ചെയ്തു. വെൽഫെയർ ബോർഡിൽ പരമാവധി അംഗങ്ങളെ ചേർക്കുന്ന പദ്ധതിയുടെ ഭാഗമായി പുതുതായി അംഗത്വമെടുക്കുന്ന സഹകരണ സംഘം ജീവനക്കാരെ കുടിശിക വിഹിതം ഒഴിവാക്കി അംഗങ്ങളാക്കുന്ന മെമ്പർഷിപ് ക്യാംപെയിനിന്റെ ഉദ്ഘാടനം ഗതാഗത മന്ത്രി ആന്റണി രാജു നിർവഹിച്ചു. വി. ജോയ് എം.എൽ.എ, ചലച്ചിത്ര അക്കാദമി വൈസ് ചെയർമാൻ പ്രേംകുമാർ, കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റിവ് എംപ്ലോയിസ് വെൽഫെയർ ബോർഡ് വൈസ് ചെയർമാൻ അഡ്വ. ആർ. സനൽകുമാർ തുടങ്ങിയവർ പങ്കെടുത്തു.
Rate this item
(0 votes)

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.