May 08, 2024

Login to your account

Username *
Password *
Remember Me

ന്യൂ ജനറേഷൻ കോഴ്‌സുകൾ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

ഐ.എച്ച്.ആർ.ഡി. ആരംഭിക്കുന്ന ന്യൂ ജനറേഷൻ കോഴ്‌സുകൾ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദുവിന് ഇതു സംബന്ധിച്ച രേഖ കൈമാറിയാണ് ഉദ്ഘാടനം നിർവ്വഹിച്ചത്. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ.രാജേഷ്, ഐ.എച്ച്.ആർ.ഡി. ഡയറക്ടർ ഡോ. വി. എ. അരുൺ കുമാർ എന്നിവർ സന്നിഹിതനാരായിരുന്നു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, റോബോട്ടിക്‌സ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആന്റ് ഡാറ്റാ സയൻസ്, വി.എൽ.എസ്.ഐ. അടക്കമുള്ള പുതുതലമുറ കോഴ്‌സുകളാണ് ഐ.എച്ച്.ആർ.ഡി.യുടെ വിവിധ കോളജുകളിൽ ഈ വർഷം ആരംഭിക്കുന്നത്.


ഐ.എച്ച്.ആർ.ഡി.യുടെ കീഴിൽ 9 എഞ്ചിനീയറിംഗ് കോളജുകളും 7 മോഡൽ പോളിടെക്‌നിക് കോളജുകളും 46 അപ്ലൈഡ് സയൻസ് കോളജുകളുമടക്കം 85 ഓളം സ്ഥാപനങ്ങളാണ് സംസ്ഥാനത്തുടനീളം പ്രവർത്തിച്ചുവരുന്നത്. സാങ്കേതിക വിദ്യാഭ്യാസം ലക്ഷ്യമിട്ട് സ്ഥാപിച്ചിരിക്കുന്ന സ്ഥാപനങ്ങളിൽ വിദഗ്ദ്ധ സാങ്കേതിക പരിശീലനവും അതുവഴി മികച്ച തൊഴിൽ സാധ്യതയുമാണുള്ളത്. വിവിധ സർവ്വകലാശാലകളിൽ നിന്നും റാങ്കുകളടക്കം ഉന്നത വിദ്യാഭ്യാസ മേഖലയിൽ ഏറ്റവും മികച്ച അക്കാദമിക് നിലവാരം പുലർത്തുന്ന സ്ഥാപനങ്ങളാണ് ഐ.എച്ച്.ആർ.ഡി.യുടേത്.


പുതുതായി ആരംഭിക്കുന്ന ന്യൂ ജനറേഷൻ കോഴ്‌സുകൾ


1. ബി.ടെക് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് ഡാറ്റ സയൻസ്

വിവിധതരം ഡാറ്റകളിൽ നിന്നും അറിവ് വേർപെടുത്തുന്നതിനായി സ്ഥിതി വിവരക്കണക്കുകൾ, കോഗ്‌നിറ്റീവ് സയൻസ്, കമ്പ്യൂട്ടിംഗ്, ഇൻഫർമേഷൻ സയൻസ് തുടങ്ങിയ വിവിധ മണ്ഡലങ്ങളിൽ നിന്ന് രൂപപ്പെടുത്തിയ ശാസ്ത്രീയ രീതികൾ, പ്രക്രിയകൾ, സാങ്കേതികതകൾ എന്നിവ കൈകാര്യം ചെയ്യുന്ന പുതിയ പഠനശാഖയാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസും ഡാറ്റാ സയൻസും. ബിസിനസ്സ് ആപ്ലിക്കേഷനുകളിൽ വൈവിധ്യമാർന്ന മികച്ച തീരുമാനങ്ങൾ എടുക്കുന്നതിന് ഈ സ്‌പെഷ്യലൈസേഷൻ പ്രയോജനം നൽകുന്നു. ഡാറ്റാധിഷ്ഠിത പരിഹാരങ്ങൾ, ഡാറ്റാ ദൃശ്യവൽക്കരണത്തിനുള്ള ഉപകരണങ്ങൾ, വലിയ അളവിലുള്ള ഡാറ്റ വിശകലനം ചെയ്യുന്നതിനുള്ള രീതികൾ എന്നിവയുമായി ബന്ധപ്പെട്ട ഒരു പ്രത്യേക മേഖലയാണിത്. അന്താരാഷ്ട്ര വിഷയങ്ങളുമായി ബന്ധപ്പെട്ട മെഷീൻ ലേണിംഗ്, ഡീപ് ലേണിംഗ്, മോഡൽ ബിൽഡിംഗ് എന്നിവയുടെ ആശയങ്ങളും ഇതിൽ ഉൾപ്പെടുന്നു. AI, ഡാറ്റാ സയൻസ് എന്നിവ ബിസിനസ്സ് ലോകത്തെ നിലവിലെ ട്രെൻഡാണ്. ഈ മേഖലയിലെ അഭ്യസ്ത വിദ്യാർഥികളുടെ അഭാവവും മേഖലയിൽ സാങ്കേതിക വിദഗ്ധരുടെ ലഭ്യതക്കുറവും കാരണം ഉയർന്ന പ്രതിഫലം ലഭിക്കുന്ന മേഖലയായി ആർട്ടിഫിഷ്യൽ ഇന്റലിജൻസും ഡാറ്റ സയൻസും നിലകൊള്ളുന്നു. നിർമ്മാണം, ഇ-കൊമേഴ്സ്, ബാങ്കിംഗ്, ഫിനാൻഷ്യൽ, ഗതാഗതം, ആരോഗ്യ സംരക്ഷണ വ്യവസായങ്ങൾ എന്നീ മേഖലയിലെല്ലാം ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ പ്രസക്തി ഏറി വരികയാണ്. ഐ.എച്ച്.ആർ.ഡിയുടെ കോളജ് ഓഫ് എഞ്ചിനീയറിംഗ് കരുനാഗപ്പള്ളിയിലും, കോളജ് ഓഫ് എഞ്ചിനീയറിംഗ് ചേർത്തലയിലും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് ഡാറ്റ സയൻസ് കോഴ്‌സ് ഈ അദ്ധ്യയന വർഷം മുതൽ ആരംഭിക്കും.


2 ബി.ടെക് വി.എൽ.എസ്.ഐ ഡിസൈൻ & ടെക്‌നോളജി

ഇലക്ട്രോണിക് ഉപകരണങ്ങളുടെ വർധിച്ചുവരുന്ന സങ്കീർണ്ണതയും ചെറുകിടവൽക്കരണവും ഇന്ത്യയിൽ വൈദഗ്ധ്യമുള്ള വി.എൽ.എസ്.ഐ പ്രൊഫഷണലുകളുടെ ആവശ്യം അനുദിനം വർധിച്ചുകൊണ്ടിരിക്കുകയാണ്. ഇലക്ട്രോണിക്‌സ് നിർമ്മാണവും നവീകരണവും പ്രോത്സാഹിപ്പിക്കുന്നതിനായി 'മെയ്ക്ക് ഇൻ ഇന്ത്യ' കാമ്പെയ്ൻ പോലുള്ള വിവിധ സംരംഭങ്ങൾ രാജ്യത്ത് ആരംഭിച്ച് കഴിഞ്ഞു. ഇന്ത്യയിൽ തന്നെ ഐ.സികൾ നിർമ്മിക്കുന്നതിനുള്ള അടിസ്ഥാന സൗകര്യങ്ങൾ സജ്ജീകരിച്ചുകൊണ്ട് സെമികണ്ടക്ടർ ചിപ്പുകളുടെ നിർമാണത്തെ വലിയ രീതിയിൽ പ്രോത്സാഹിപ്പിക്കുന്ന വ്യവസായ മേഖല വളർന്നു കൊണ്ടിരിക്കുന്ന അവസരത്തിൽ ടി വ്യവസായത്തിന്റെ വളർച്ചയ്ക്ക് സംഭാവന നൽകാൻ കഴിയുന്ന പ്രൊഫഷണലുകളെ വാർത്തെടുക്കുന്നതിന്, ബി.ടെക് വി.എൽ.എസ്.ഐ കോഴ്സ് വിദ്യാർഥികൾക്ക് വളരെയധികം സാധ്യത നൽകുന്നു. VLSI ഡിസൈൻ, ഡിജിറ്റൽ ഇലക്ട്രോണിക്സ്, അനലോഗ് സർക്യൂട്ട് ഡിസൈൻ, കമ്പ്യൂട്ടർ ആർക്കിടെക്ചർ എന്നീ പ്രസക്തമായ വിഷയങ്ങളിൽ ആഴത്തിലുള്ള പരിശീലനം കോഴ്‌സ് വഴി ലഭിക്കുന്നതിനാൽ വ്യവസായിക ലോകത്തിന്റെ ആവശ്യകത അനുസരിച്ച് വിദ്യാർഥികളെ പ്രാപ്തരാക്കുന്നു. എഞ്ചിനീയറിംഗ് വിദ്യാഭ്യാസ മേഖലയിൽ സംസ്ഥാനത്ത് വളരെ പ്രശസ്ത നിലയിൽ പ്രവർത്തിക്കുന്ന എറണാകുളം മോഡൽ എഞ്ചിനീയറിംഗ് കോളേജിലും, കരുനാഗപ്പള്ളിയിൽ പ്രവർത്തിക്കുന്ന ഐ.എച്ച്.ആർ.ഡി എഞ്ചിനീയറിംഗ് കോളജിലും, ബി.ടെക് വി.എൽ.എസ്.ഐ ഡിസൈൻ & ടെക്‌നോളജി കോഴ്‌സ് ഈ വർഷം മുതൽ ആരംഭിക്കും.


3. ബി.ടെക് കമ്പ്യൂട്ടർ സയൻസ് ആൻഡ് എഞ്ചിനീയറിംഗ് (ഡാറ്റ സയൻസ്)

ഡാറ്റ സയൻസിന്റെ വൈദഗ്ധ്യമുള്ള ഡാറ്റ സയന്റിസ്റ്റുകളുടെ ആവശ്യകതയും സംഭരകത്വ ശ്രമങ്ങൾക്ക് സംസ്ഥാന സർക്കാർ നൽകുന്ന പ്രോത്സാഹനവും മുൻനിർത്തി ഡാറ്റ സയൻസ് അനുബന്ധ വിഷയമായി ഐ.എച്ച്.ആർ.ഡി കോളജ് ഓഫ് എഞ്ചിനീയറിംഗ് അടൂരിൽ 60കുട്ടികൾക്ക് പ്രവേശനം നൽകുന്ന രീതിയിൽ പുതിയ കമ്പ്യൂട്ടർ സയൻസ് ബ്രാഞ്ച് കൂടി ആരംഭിക്കുന്നു.


4. എം.ടെക് ഡാറ്റ സയൻസ്.

ഐ.ടി മേഖലയിൽ സംസ്ഥാനത്ത് അതിവേഗം വളർച്ച കൈവരിച്ചുകൊണ്ടിരിക്കുന്ന മേഖലയാണ് ഡാറ്റ സയൻസ്. സംസ്ഥാനത്തെ നിരവധി ഐ.ടി കമ്പനികളും സ്റ്റാർട്ടപ്പുകളും ഗവേഷണ സ്ഥാപനങ്ങളും ഡാറ്റാധിഷ്ഠിത പ്രോജക്ടുകളിൽ സജീവമായി പ്രവർത്തിക്കുന്നു. വിവിധ മേഖലകളിൽ ഉടനീളമുള്ള സ്ഥാപനങ്ങളിലെയും ഭാവി ബിസിനസ് പ്രവർത്തനങ്ങളുടെയും ഗതിവിഗതി നിയന്ത്രിക്കുന്ന നിർണായക ഘടകമായി ഡാറ്റ സയൻസ് മാറിയിരിക്കുന്നു. അർത്ഥവത്തായ സ്ഥിതിവിവരക്കണക്കുകൾ ക്രോഡീകരിക്കുന്നതിനും ഡാറ്റാധിഷ്ഠിത പരിഹാരങ്ങൾ വികസിപ്പിക്കാനും കഴിയുന്ന വിദഗ്ദ്ധരായ ഡാറ്റാ സയന്റിസ്റ്റുകളെ വിവിധ സ്ഥാപനങ്ങളും വ്യവസായ മേഖലയും വളരെയധികം ആശ്രയിക്കുന്നുണ്ട്. ചില വ്യവസായ സ്ഥാപനങ്ങൾ ഈ കോഴ്‌സ് നടത്തുന്നതിനുള്ള സാങ്കേതിക സഹകരണം ഇതിനകം ഉറപ്പു നൽകിയിട്ടുണ്ട്. ഇത്തരം സഹകരണം വിദ്യാർഥികൾക്ക് ആഗോള പ്രോജക്ടുകൾ, ഇന്റേൺഷിപ്പുകൾ, വ്യവസായവുമായി ബന്ധപ്പെട്ടിട്ടുള്ള പരിശീലനങ്ങൾ എന്നിവ ലഭിക്കുന്നതിന് വളരെയധികം സഹായിക്കും. അതുവഴി വിദ്യാഭ്യാസവും വ്യവസായ ആവശ്യകതകളും തമ്മിലുള്ള വിടവ് നികത്തുന്നതിനും, വിദ്യാർഥികളുടെ പ്രായോഗിക കഴിവുകൾ, വർധിപ്പിക്കുന്നതിനും കൂടുതൽ വ്യവസായങ്ങളെ സംസ്ഥാനത്തേക്ക് ആകർഷിക്കുവാനും ഇട നൽകുന്നു. ഇൻഫോ പാർക്കിനും മറ്റ് വ്യവസായങ്ങളുടെയും ഐ.ടി മേഖലകളുടെയും ഭൂമിശാസ്ത്രപരമായ സാമീപ്യം കണക്കിലെടുത്തു എറണാകുളം തൃക്കാക്കരയിൽ പ്രവർത്തിക്കുന്ന പ്രശസ്തമായ മോഡൽ എഞ്ചിനീയറിംഗ് കോളജിൽ ഉപരി പഠനത്തിന് അവസരമൊരുക്കി കൊണ്ട് എം.ടെക് ഡാറ്റ സയൻസ് കോഴ്‌സ് ഈ അദ്ധ്യയന വർഷം മുതൽ ആരംഭിക്കും. കോഴ്സിന് 18 സീറ്റ് ആണ് സംസ്ഥാന സർക്കാർ അനുവദിച്ചു.


5. ഡി. വോക് കോഴ്‌സുകൾ

ഈ പ്രോഗ്രാമിന്റെ പ്രധാന ലക്ഷ്യം വിദ്യാർഥികൾക്ക് മതിയായ അറിവും വൈദഗ്ധ്യവും തൊഴിൽ മേഖലയിൽ ഉണ്ടെന്ന് ഉറപ്പാക്കുക എന്നതാണ്. അക്കാദമിക് വിഷയങ്ങൾക്കൊപ്പം തൊഴിൽ നൈപുണ്യവും ശക്തിപ്പെടുത്തുന്നത് ലക്ഷ്യമിട്ടാണ് ഡിപ്ലോമ തലത്തിൽ NSQF-മായി സംയോജിച്ചു കൊണ്ട് ഡി. വോക് കോഴ്‌സുകൾ വിഭാവനം ചെയ്തിരിക്കുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, റോബോട്ടിക്സ്, കമ്പ്യൂട്ടർ ഹാർഡ്വെയർ, നെറ്റ്വർക്കിംഗ് എന്ന വിഷയങ്ങളിൽ വ്യവസായിക ആവശ്യം പരിഗണിച്ചുള്ള സിലബസ് ഐ.എച്ച്.ആർ.ഡി കോളജുകളിലുള്ളതിനാൽ മികച്ച പ്ലേസ്മെന്റ് അവസരങ്ങളും ഉയർന്ന ശമ്പള പാക്കേജുകളും വ്യവസായിക ലോകത്തുനിന്നും വിദ്യാർഥികൾക്ക് ഉറപ്പാക്കുന്നു. കൂടാതെ കോഴ്സിന് ശേഷം നൽകുന്ന ഡിപ്ലോമ സർട്ടിഫിക്കറ്റ് NSQF ലെ അഞ്ചാമത്തെ ലെവലിന് തുല്യമായി പരിഗണിക്കുന്നതാണ്. സർക്കാർ അംഗീകരിച്ച ഡി.വോക് പ്രോഗ്രാമുകളായ 1. സോഫ്റ്റ്വെയർ ഡെവലപ്പ്‌മെന്റ് 2. ഇലക്ട്രോണിക്‌സ് മാനുഫാക്ച്ചറിംഗ് കല്ലൂപ്പാറ എഞ്ചിനീയറിംഗ് കോളജിലും 3. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് & റോബോട്ടിക്‌സ്, 4. കമ്പ്യൂട്ടർ ഹാർഡ്വെയർ & നെറ്റ്വർക്കിംഗ് എന്നിവ കരുനാഗപ്പള്ളി എഞ്ചിനീയറിംഗ് കോളജിലും ഉടനെ ആരംഭിക്കും.
Rate this item
(0 votes)

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.