സ്‌കൂൾ ഉച്ച ഭക്ഷണ പരിപാടിയിൽ കേരളം രാജ്യത്തിനാകെ മാതൃകയാണെന്ന് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. സ്‌കൂൾ കുട്ടികൾക്കുള്ള ഉച്ച ഭക്ഷണ പരിപാടിയുടെ ഭാഗമായി വിദ്യാർഥികൾക്ക് അഞ്ച് കിലോ അരി വിതരണം ചെയ്യുന്നതിന്റെ സംസ്ഥാന തല ഉദ്ഘാടനം തിരുവനന്തപുരം ബീമ പള്ളി യു.പി.എസിൽ നിർവഹിക്കുകയായിരുന്നു മന്ത്രി.
സാർവത്രികമായും സൗജന്യമായും സ്‌കൂൾ വിദ്യാഭ്യാസം ഉറപ്പാക്കുക എന്നത് സംസ്ഥാന സർക്കാരിന്റെ പ്രഖ്യാപിത നയമാണ്. ഇതിന്റെ ഭാഗമായാണ് വേനലവധിക്കാലത്ത് ഭക്ഷ്യ പൊതു വിതരണ വകുപ്പുമായി സഹകരിച്ച് വിദ്യാർഥികൾക്കായി അരി വിതരണം ചെയ്യുന്നത്. 28 ലക്ഷത്തോളം വിദ്യാർഥികൾക്ക് അഞ്ച് കിലോ അരി വീതം നൽകും. ഇതിന്റെ ചെലവുകൾക്കായി സംസ്ഥാന വിഹിതത്തിൽ നിന്ന് 71.86 ലക്ഷം രൂപയാണ് ചെലവഴിക്കുന്നത്. മധ്യവേനൽ അവധിക്കായി സ്‌കൂളുകൾ അടക്കുന്നതിന് മുമ്പ് അരി വിതരണം പൂർത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു.
അധ്യയന വർഷത്തിന് മുമ്പ് തന്നെ പാഠപുസ്തകം വിതരണം ചെയ്യാനും യൂണിഫോം കുട്ടികൾക്ക് എത്തിക്കുന്നതിനും കഴിഞ്ഞു. പരീക്ഷാ ഫലം കൃത്യമായി പ്രഖ്യാപിക്കുന്ന സ്ഥിതിയിലായി. അടിസ്ഥാന സൗകര്യത്തോടൊപ്പം അക്കാദമിക മികവിനാണ് വിദ്യാഭ്യാസ വകുപ്പ് ശ്രദ്ധിക്കുന്നത്. ഒന്നുമുതൽ നാലുവരെയുള്ള ക്ലാസ്സുകൾ നയിക്കുന്ന അധ്യാപകർക്ക് സമഗ്ര ഓരോ അധ്യാപകരും രക്ഷിതക്കളായി മാറുന്ന സാഹചര്യം വിദ്യാഭ്യാസ സ്ഥാപനങ്ങളിലുണ്ടാകണം.
വിദ്യാലയങ്ങളിലെ കുട്ടികളുടെ എണ്ണവും അക്കാദമിക മികവും അദ്ധ്യാപകരുടെയും എസ് എം സിയുടെയും കൂട്ടുത്തുരവാദിത്തമാണെന്നും മന്ത്രി പറഞ്ഞു. ബീമ പള്ളി യു.പി. എസിനെ മോഡൽ സ്‌കൂളാക്കി ഉയർത്തുമെന്ന് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ച ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. ഭക്ഷ്യ പൊതു വിതരണ വകുപ്പ് മന്ത്രി ജി.ആർ. അനിൽ മുഖ്യാതിഥിയായി. പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ ജീവൻ ബാബു ചടങ്ങിന് സ്വാഗതമാശംസിച്ചു. കൗൺസിലർമാരായ മെലനിൻ പെരേര, സുധീർ ജെ., സപ്ലെകോ റീജിയണൽ ഓഫീസർ ജലജ , എസ് എം സി ചെയർമാൻ എസ് ബാദുഷ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.