വടക്കഞ്ചേരി: ലഹരി ഉപയോഗത്തിനെതിരെ വിദ്യാര്‍ത്ഥികളെ ബോധവല്‍ക്കരിക്കുന്നതിന് സൗത്ത് ഇന്ത്യന്‍ ബാങ്ക് നടത്തിവരുന്ന പ്രചാരണത്തിന് പാലക്കാട് ജില്ലയില്‍ തുടക്കമായി. പദ്ധതിയുടെ ഭാഗമായി വള്ളിയോട് ശ്രീ നാരായണ പബ്ലിക് സ്‌കൂളില്‍ ലഹരി മുക്ത കാമ്പസ് പരിപാടി സംഘടിപ്പിച്ചു. വടക്കഞ്ചേരി പൊലീസ് സ്റ്റേഷന്‍ സിപിഒ ഗോപകുമാര്‍ യു വിദ്യാര്‍ത്ഥികള്‍ക്കുള്ള ബോധവല്‍ക്കരണ ക്ലാസിന് നേതൃത്വം നല്‍കി. ശ്രീ നാരായണ എജുക്കേഷനല്‍ ആന്റ് കള്‍ചറല്‍ ട്രസ്റ്റ് ചെയര്‍മാന്‍ അഡ്വക്കേറ്റ് വി വി വിജയന്‍ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ ത്രേസിക്കുട്ടി എം സി, സൗത്ത് ഇന്ത്യന്‍ ബാങ്ക് ചീഫ് മാനേജര്‍ റാണി എസ്, മുടപ്പള്ളൂര്‍ ബ്രാഞ്ച് മാനേജര്‍ ലിജോമോന്‍ ജെയിംസ് എന്നിവര്‍ പങ്കെടുത്തു. സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ സാമൂഹ്യ ഉത്തരവാദിത്ത പദ്ധതിയുടെ ഭാഗമായാണ് ലഹരി മുക്ത കാമ്പസ് പ്രചാരണം.
ലഹരി ഉപയോഗത്തിന്റെ ദൂഷ്യവശങ്ങളെ കുറിച്ച് വിദ്യാര്‍ത്ഥികളില്‍ അവബോധം സൃഷ്ടിക്കുകയാണ് ഈ പ്രചാരണത്തിലൂടെ ലക്ഷ്യമിടുന്നത്. വര്‍ധിച്ചു വരുന്ന ലഹരി ഉപയോഗം ഒരു സാമൂഹിക വിപത്തായി മാറുന്നത് തടയാന്‍ സര്‍ക്കാര്‍ സംസ്ഥാന വ്യാപകമായി നടത്തിവരുന്ന ലഹരി വിരുദ്ധ പ്രചാരണത്തിന് പിന്തുണയുമായാണ് സൗത്ത് ഇന്ത്യന്‍ ബാങ്ക് കാമ്പസുകള്‍ കേന്ദ്രീകരിച്ച് പ്രചാരണം നടത്തിവരുന്നത്.
സംസ്ഥാനത്തുടനീളം തെരഞ്ഞെടുത്ത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ എക്സൈസ് വകുപ്പ്, നാര്‍ക്കോട്ടിക് സെല്‍ എന്നിവരുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. 'സുരക്ഷിത കാമ്പസ്, ആരോഗ്യ കാമ്പസ്' എന്ന പ്രമേയത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ മത്സരങ്ങളില്‍ വിജയിച്ചവര്‍ക്കുള്ള സമ്മാനങ്ങളും വിതരണം ചെയ്തു. ലഹരി മുക്ത കാമ്പസ് പ്രചരണത്തിന്റെ ഭാഗമായി പോസ്റ്റര്‍ മേക്കിങ് മത്സരം, മൂകാഭിനയം, തെരുവുനാടകം തുടങ്ങിയ പരിപാടികളും കാമ്പസുകളില്‍ സംഘടിപ്പിച്ചു വരുന്നു.